പൊതു വിഭാഗം

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ യുദ്ധതന്ത്രങ്ങൾ…

സൗദി അറേബ്യയിലെ പ്രധാന എണ്ണക്കന്പനിയായ അരാംകോയിൽ നടന്ന ഡ്രോൺ ആക്രമണം അവിടുത്തെ എണ്ണ ഉത്പാദനം ദിവസേന പത്തു മില്യൺ ബാരലിൽ നിന്നും അഞ്ചു മില്യൺ ആക്കി എന്നാണ് ബി ബി സി റിപ്പോർട്ട് പറയുന്നത്.
 
സ്ഥിതിഗതികൾ പഴയ നിലയിലാകാൻ എത്ര സമയമെടുക്കും എന്ന് അറിയില്ല. സൗദി അറേബ്യ ലോകത്തെ ഒന്നാമത്തെ എണ്ണ കയറ്റുമതി രാജ്യമാണ്. അവിടെ ദിവസേന അഞ്ചു മില്യന്റെ കുറവ് വന്നാൽ അത് ആഗോള എണ്ണ വിപണിയെ കാര്യമായി ബാധിക്കും. എത്ര വേഗം എണ്ണ ഉത്പാദനം പഴയ നിലയിലാകുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഒരു മാസം ഈ നഷ്ടം തുടർന്നാൽ എണ്ണവില വീണ്ടും നൂറു ഡോളറിന്റെ മുകളിൽ പോകും.
 
പക്ഷെ എത്ര വേഗത്തിൽ കാര്യങ്ങൾ ശരിയായാലും ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയിരിക്കുന്ന ഈ ആക്രമണം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ വരാനിരിക്കുന്ന യുദ്ധ/തീവ്രവാദ പ്രവർത്തനങ്ങളുടെ ഒരു മുന്നോടിയാണ്. വളരെ നിസ്സാരമായി വളരെ കുറച്ചു ആളുകൾക്ക് ആൾ നഷ്ടം ഇല്ലാതെ കന്പ്യൂട്ടർ ഗെയിം കളിക്കുന്ന ലാഘവത്തോടെ രാജ്യങ്ങൾക്ക് തന്ത്രപരമായ ആഘാതം ഏൽപ്പിക്കാൻ കഴിയുമെന്നാണ് ഇത് കാണിക്കുന്നത്. അരാംകോ മാത്രമല്ല സംഘർഷ ബാധിത പ്രദേശങ്ങളിലുള്ളവരെല്ലാം ഇത് ശ്രദ്ധിക്കുന്നുണ്ടാകും. ഇതിനുള്ള പ്രതിരോധ നടപടികൾ ഇനി കണ്ടു പിടിച്ചേ തീരൂ. അതിന് വരുന്ന ചിലവും എണ്ണവിലയേയും വിപണിയെയും ബാധിക്കും. ഇതൊരു ഒറ്റപ്പെട്ട സംഭവമായിക്കണ്ട് മുന്നോട്ട് പോകുവാൻ ആർക്കും സാധിക്കില്ല.
 
ഡ്രോണുകൾ ഉപയോഗിച്ചുള്ള തീവ്രവാദി ആക്രമണങ്ങൾ മറ്റുരാജ്യങ്ങളിലുമുണ്ടാകും. ഇക്കാര്യവും സുരക്ഷാ വിദഗ്ദ്ധർക്ക് ശ്രദ്ധിച്ചേ പറ്റൂ. എന്താണെങ്കിലും ഈ ആക്രമണം യുദ്ധ/തീവ്രവാദ തന്ത്രങ്ങളുടെ ലാൻഡ്‌സ്‌കേപ്പ് മാറ്റിക്കഴിഞ്ഞു.
മധ്യേഷ്യയിൽ, പ്രത്യേകിച്ചും സൗദിയിലുള്ള സുഹൃത്തുക്കൾ ഈ വിഷയത്തിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. പക്ഷെ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/world-middle-east-49703143

Leave a Comment