പൊതു വിഭാഗം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രശ്നങ്ങൾ…

യുവതികൾ മല കയറിയാലും എല്ലാ പ്രശ്നങ്ങളും മലയിറങ്ങിയാലും മാറാത്ത ചിലതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ആണവ. തൊഴിലില്ലായ്മയുടെ വളർച്ച, തൊഴിലുകളുടെ നാശം, കാലാവസ്ഥ വ്യതിയാനം, സ്വകാര്യതയുടെ മരണം, പരിസ്ഥിതി നാശം, ഫേക്ക് ന്യൂസും അൽഗോരിതവും കൂടി ജനാധിപത്യത്തെ തകർക്കുന്നത്, ഭീകരവാദം (terrorism) എന്നിങ്ങനെ.
 
പ്രശ്നങ്ങൾ മാത്രമല്ല മുന്നേറ്റങ്ങളും കാണുന്നുണ്ട്. ലോകത്തെവിടെയും എത്തുന്ന മൊബൈൽ കണക്ടിവിറ്റി, ലോകത്തെല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യരംഗത്ത് ഉണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങൾ, നൂറു വയസ്സിനു മുകളിൽ ജീവിക്കുന്നത് സർവ്വസാധാരണം ആക്കുന്നത്, സ്വയം ഓടുന്ന കാറുകൾ റോഡുകളെ കൂടുതൽ സുരക്ഷിതമാക്കുന്നത്, വൈദ്യുതി ഉൽപ്പാദനം ചിലവില്ലാതാകുന്നതോടെ ഖരമാലിന്യവും കുടിവെള്ളവും ഒരു വിഷയമല്ലാതാകുന്നത് എന്നിങ്ങനെ പ്രതീക്ഷ നൽകുന്ന കുതിച്ചു കയറ്റങ്ങളും അനവധിയുണ്ട്.
 
ഭാവി പ്രവചിക്കാൻ പറ്റില്ല എന്നൊക്കെ നമ്മൾ പൊതുവെ പറയുമെങ്കിലും അത് പൊട്ടത്തെറ്റാണ്. ഇന്നത്തെ തീരുമാനങ്ങളാണ് നാളെയെ തീരുമാനിക്കുന്നത്. സ്ഥിരം കള്ളുകുടിച്ച് വണ്ടി ഓടിക്കുന്ന ഒരാൾ വാഹനാപകടത്തിൽ മരിക്കുമെന്നത് ഏറെക്കുറെ ഉറപ്പായതു പോലെയാണ് പുകവലിക്കുന്നവർക്ക് കാൻസർ ഉണ്ടാകുന്നതും. ട്രാഫിക് നിയമങ്ങളും നിയമങ്ങളുടെ നടപ്പാക്കലും കർശനമല്ലാത്ത സമൂഹത്തിൽ ആയിരക്കണക്കിന് ആളുകൾ അപകടത്തിൽ മരിക്കുന്നു. ഇന്ന് കുട്ടികളുടെ ശരിയായ വിദ്യാഭ്യാസത്തിൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങൾ നാളെ പുരോഗതി പ്രാപിക്കും.
 
രണ്ടായിരത്തി അൻപതിലെ കേരളത്തിന് പല സാധ്യതകളുണ്ട്. കൃത്രിമ ബുദ്ധിയും റോബോട്ടിക്‌സും ഉൾപ്പടെയുള്ള ഉയർന്ന സാങ്കേതികവിദ്യകൾ മാസ്റ്റർ ചെയ്ത് അതിൽക്കൂടി എല്ലാവർക്കും നൂറു വർഷത്തിൽ കൂടുതൽ ജീവിതവും ദിവസം നാലു മണിക്കൂറിൽ താഴെ മാത്രം ജോലിയും ചെയ്യേണ്ടി വരുന്ന, കുട്ടികളെ വളർത്താൻ അച്ഛനും അമ്മയ്ക്കും പത്തുവർഷം വരെ സമൂഹം ശന്പളം കൊടുക്കുന്ന, നമ്മുടെ പരിസ്ഥിതി ഇന്നത്തേക്കാളും മനോഹരമായ, ജനങ്ങൾക്ക് സ്പോർട്സിനും കലകൾക്കും ചിലവാക്കാൻ കൂടുതൽ സമയവും പണവും ഉള്ള ഒരു കേരളം തീർച്ചയായും സാധ്യമാണ്.
 
അത് പോലെ തന്നെ സാധ്യമാണ് ജനാധിപത്യം നിലവിൽ ഇല്ലാത്ത, തീവ്രവാദം കൊടുന്പിരി കൊള്ളുന്ന, ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിന്ന് ഒരു ഗുണവും കിട്ടാത്ത, അൻപത് വയസ്സിന് താഴെ മാത്രം ആയുർ ദൈർഘ്യമുള്ള, രണ്ടു നേരം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുന്ന, ശുദ്ധജലവും ശുദ്ധവായുവും ഇല്ലാത്ത ഒരു കേരളം.
ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് അല്ലെങ്കിൽ രണ്ടിനുമിടയിൽ ഒന്നോ ആകും നാളത്തെ കേരളം. അതുപക്ഷെ ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല. ഇന്ന് നമ്മൾ ഒരു സമൂഹം എന്ന നിലയിലെടുക്കുന്ന തീരുമാനങ്ങളിൽ നിന്നുമാണ് നാളത്തെ കേരളം ഉണ്ടാകുന്നത്. കേരളം മുൻപോട്ട് പോകുമോ പുറകോട്ട് പോകുമോ എന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇതൊക്കെയാണ് അന്തിച്ചർച്ചകളിലും, കോളേജ് യൂണിയനിലും, അക്കാദമിക് സെമിനാറുകളിലും, അസംബ്ലിയിലും ചർച്ചയാവേണ്ടത്.
 
നിലവിൽ അതൊന്നും നടക്കുന്നില്ല. കുട്ടികളെ പഠിപ്പിക്കുന്നതിൽ സമൂഹത്തിന് വലിയ താല്പര്യമുണ്ട്. സാങ്കേതിക വിദ്യകളെ പറ്റിയൊക്കെ പുതിയ തലമുറ കുറച്ചൊക്കെ പഠിക്കുന്നുണ്ട്. ഓരോരുത്തർക്കും ഓരോ സ്മാർട്ട് ഫോൺ ഉണ്ട്, വൈദ്യ രംഗത്തെ പുതിയ മാറ്റങ്ങൾ ആശുപത്രികളിൽ എത്തുന്നുണ്ട്. എന്നാൽ പഠനരംഗം ഇപ്പോഴും പഴഞ്ചൻ രീതികളും സിലബസും ആയി തുടരുന്നു. മെഡിക്കൽ രംഗത്ത് ഒഴിച്ച് ഉന്നത സാങ്കേതിക വിദ്യ നമ്മുടെ തൊഴിൽ രംഗത്ത് കടന്നു വരുന്നില്ല, കൂടുതൽ അറിവുള്ളവർ കേരളത്തിലെ തൊഴിൽ മേഖലയിൽ നിന്നും പുറത്തേക്ക് പോകേണ്ടി വരുന്നു, യാതൊരു സ്കില്ലും ഇല്ലാത്ത ലക്ഷങ്ങളെ കേരളത്തിലെ തൊഴിൽ മേഖലയിലേക്ക് ഇറക്കുമതി ചെയ്യുന്നു.
 
പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ എങ്ങനെ മാറ്റുന്നുവെന്നോ നമ്മുടെ സമൂഹത്തെ എങ്ങനെ മാറ്റുമെന്നോ നാം ശ്രദ്ധിക്കുന്നു പോലുമില്ല. ദുബായിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യങ്ങൾക്കായി ഒരു മന്ത്രി ഉണ്ട്. ഇന്തോനേഷ്യയിൽ ക്രിയേറ്റിവ് എക്കണോമിക്കായി ഒരു മന്ത്രി, ഒമാനിൽ കാലാവസ്ഥ വ്യതിയാനത്തിന് മാത്രമായി ഒരു മന്ത്രി. പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും കാര്യങ്ങൾക്കായി മന്ത്രിമാർ ഫിപ്പീൻസിലും കാനഡയിലുമുണ്ട്. നമ്മൾ ഇപ്പോഴും പൊതുമരാമത്തും ആയി നടക്കുകയാണ്. പുതിയ തലമുറയിലെ എത്ര കുട്ടികൾ മരാമത്ത് എന്ന വാക്ക് കേട്ടിട്ടുണ്ട്? നമ്മളിൽ എത്ര പേർ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്? ലോകത്ത് പലയിടത്തും ടോളറൻസും ഹാപ്പിനെസ്സും പഠന വിഷയവും ഭരണവിഷയവും ആകുന്പോൾ നമ്മൾ ഇപ്പോഴും ‘ദൈവത്തിന്റെ സ്വന്തം നാട്, സന്പൂർണ്ണ സാക്ഷരത, ഇന്ത്യയിലെ നന്പർ വൺ’ എന്നൊക്കെ ആലോചിച്ചു സന്തോഷിച്ചിരിക്കയാണ്.
 
ലോകം എങ്ങോട്ടാണ് പോകുന്നത്, ലോകം എന്തൊക്കെയാണ് ചിന്തിക്കുന്നത് എന്നെല്ലാം അറിഞ്ഞിരിക്കാൻ ഒരു ശ്രമമെങ്കിലും നടത്തേണ്ടത് അത്യാവശ്യമാണ്. Sapiens എന്ന പുസ്തകത്തിലൂടെ നിങ്ങൾക്ക് പരിചിതനായ ഹറാരിയുടെ ‘21 Lessons for 21st Century’ ഒരു നല്ല തുടക്കമാണ്. ഈ പുസ്തകം നിങ്ങളെല്ലാം വായിച്ചിരിക്കണം. നമ്മുടെ എല്ലാ എം എൽ എ മാരും ഇത് വായിച്ചാൽ കൊള്ളാമെന്ന് എനിക്കൊരാഗ്രഹമുണ്ട്, ചുരുങ്ങിയത് തൊഴിലിനെ പറ്റിയുള്ള ചാപ്റ്റർ എങ്കിലും. നിങ്ങളുടെ എം എൽ എ ഇംഗ്ലീഷ് പുസ്തകം വായിക്കുന്ന ആളാണെങ്കിൽ നിങ്ങൾ തീർച്ചയായും ഇതിന്റെ ഒരു കോപ്പി അവർക്ക് വാങ്ങിക്കൊടുക്കണം, അവരുടെ പേര് എനിക്ക് അയച്ചു തന്നാലും മതി.
 
മുരളി തുമ്മാരുകുടി
 

1 Comment

  • Nice article!!

    Could you approach & write on Sabarimala verdict and incidents followed as a disaster? I believe it is well qualified to be considered as a disaster which affected many in the society directly or indirectly

    Shouldn’t there be measures in place for such issues not taking highest priority to the extend that it become a disaster for the society which has long term impact and causes a chain reaction of events

Leave a Comment