പൊതു വിഭാഗം

ഇന്ന് പെൺകുട്ടികളുടെ ദിനം!

ലോകത്തെവിടെയും ലഭ്യമായ അവസരങ്ങൾ ഉപയോഗിച്ച് മുന്നേറാൻ ശ്രമിക്കുന്നവരിൽ പെൺകുട്ടികൾ മുന്നിലാണ്. പക്ഷെ അവസരങ്ങൾ അവർക്ക് ലഭ്യമാക്കുന്നതിൽ സമൂഹം പിന്നിലും. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല, വികസിതവും വികസ്വരവും ആയ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും പെൺകുട്ടികൾക്കെതിരെ സാമൂഹ്യവും നിയമപരവും ആയ വിവേചനങ്ങൾ നിലനിൽക്കുന്നു. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സത്യമാണെന്നത് വാസ്തവത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് നയങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നവർക്ക്, നാണക്കേട് ഉണ്ടാക്കേണ്ടതാണ്. പക്ഷെ ലോകമെമ്പാടും തന്നെ ഭരണ സംവിധാനങ്ങളിൽ, അത് ഭരണത്തലവൻ ആയാലും പാർലമെന്റ് ആയാലും സ്ത്രീകളുടെ സാന്നിധ്യം പത്തു ശതമാനത്തിലും കുറവാണ്. പൊതുവെ സ്ത്രീകളുടെ ശാക്തീകരണത്തിന് പേരുകേട്ട കേരളത്തിൽ പോലും നമ്മുടെ എം എൽ എ മാരിൽ പത്തു ശതമാനം പോലും സ്ത്രീകൾ ഇല്ല, 1957- ലെ അസംബ്ലിയെ അപേക്ഷിച്ച് കുതിച്ചുചാട്ടം പോയിട്ട് പുരോഗതി പോലും ഇല്ല. സ്വന്തം കാബിനറ്റിൽ നേർ പകുതി സ്ത്രീകളെ നിയമിച്ച കാനഡ പ്രധാനമന്ത്രിയോട് അതിന്റെ കാരണം ചോദിച്ച പത്രക്കാരനോട് അദ്ദേഹം ഒരു വാചകമേ പറഞ്ഞുള്ളൂ “Because it is 2015”. ലോകത്ത് ഭൂരിഭാഗം പ്രദേശത്തും, കേരളത്തിൽ ഉൾപ്പടെ, നൂറ്റാണ്ട് മാറിയ അറിയിപ്പ് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള മാറ്റങ്ങൾ ജൈവികം മാത്രം ആണെന്നും, സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ജോലികൾ ചെയ്യാൻ പറ്റില്ല എന്ന ചിന്ത സമൂഹം ഉണ്ടാക്കി എടുത്തതാണെന്നും ഉള്ളതിന് തെളിവ് ലോകത്തെവിടെയും ഉണ്ട്. യുദ്ധമുന്നണിയിൽ പ്രവർത്തിക്കുന്നത് തൊട്ട് ബസ് ഓടിക്കുന്നത് വരെ, വീട് പണിയുന്നത് തൊട്ട് രാജ്യങ്ങളെ നയിക്കുന്നത് വരെ സ്ത്രീകൾ ചെയ്യാത്ത പ്രവർത്തികൾ ഇല്ല. അതിൽ എല്ലാത്തിലും അവർ കഴിവ് തെളിയിച്ചിട്ടും ഉണ്ട്. സമൂഹത്തിൽ പകുതി വരുന്ന സ്ത്രീകളുടെ കഴിവുകൾ സമൂഹ നന്മക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുമ്പോൾ നഷ്ടമുണ്ടാകുന്നത് സ്ത്രീകൾക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തം ആണ്. ഇത് മാറിയേ പറ്റൂ. അടുത്ത പത്തു വർഷത്തിനകം നമ്മുടെ എം പി മാരുടെയും എം എൽ എ മാരുടെയും പകുതി സ്ത്രീകൾ ആകണം, മന്ത്രിമാരുടെയും. നമുക്ക് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണം. കേരളം വീണ്ടും നമ്പർ 1 ആകണം.

ഇതൊക്കെ എന്റെ സ്വപ്‌നങ്ങൾ ആണ്, നടക്കാവുന്നതും. അതിന് വേണ്ടി ഞാൻ തീർച്ചയായും പരിശ്രമിക്കും. ഏതെങ്കിലും കാലത്ത് രാഷ്ട്രീയത്തിൽ വന്നാൽ സ്വയം അധികാരം കിട്ടുക എന്നതിലും നമ്മുടെ യുവാക്കളെയും സ്ത്രീകളെയും അധികാരവുമായി ബന്ധിപ്പിക്കുക എന്നത് തന്നെയാവും എന്റെ ലക്ഷ്യം.

പക്ഷെ കേരളത്തിൽ വളരുന്ന ശരാശരി പെൺകുട്ടിയുടെ സ്വപ്നം ഇതൊന്നുമല്ല. വീട്ടിൽനിന്നും പുറത്ത് പഠിക്കാനും, കളിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ആൺകുട്ടികളുടെ അത്ര സ്വാതന്ത്ര്യം കിട്ടുക. സ്ത്രീകൾക്കെതിരെ വിവേചനപരമായ സംസാരം അധ്യാപകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും കേൾക്കേണ്ടി വരാതിരിക്കുക, റോഡിൽ ഇറങ്ങിയാൽ വൃത്തികെട്ട പുരുഷന്മാരുടെ നോട്ടവും കമന്റടിയും ഇല്ലാതെ യാത്ര ചെയ്യാൻ പറ്റുക, തിരക്കുള്ള സ്ഥലത്തും, പൊതു ഗതാഗതത്തിലും ഇരുട്ടുള്ള ഇടങ്ങളിലും അനാവശ്യമായി ശരീരത്തിൽ സ്പർശിക്കപ്പെടാതിരിക്കുക, ലേഡീസ് ഹോസ്റ്റലിന്റെയും പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുന്നിൽ കറങ്ങി നടക്കുന്ന ഷോമാൻമാരില്ലാതിരിക്കുക തുടങ്ങി വളരെ മിനിമം ആയ കാര്യങ്ങളാണ് അവർക്ക് വേണ്ടത്. ഇങ്ങനെയുള്ള പുറം ലോകം ഉള്ളതിനാൽ കൂടിയാണ് വീടുകളിൽ അവർക്ക് വിലക്കുകൾ കൂടുന്നത്. വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ഉള്ള പറയുന്നതും പറയാത്തതുമായ ഈ നിയന്ത്രണ രേഖകൾ ഇല്ലെങ്കിൽ നമ്മുടെ പെൺകുട്ടികൾ ലോകത്താരോടും മത്സരിക്കാൻ കഴിവുള്ളവരാണ്. അവർക്ക് ഒരു സംവരണവും വേണ്ട, വേണ്ടതെല്ലാം അവർ അദ്ധ്വാനിച്ചു നേടിക്കോളും.

സമ്പൂർണ്ണ സാക്ഷരതയും ശ്രേഷ്ഠഭാഷയും ഉയർന്ന സംസ്കാരവും ഉണ്ടെന്ന് മേനി പറയുന്ന കേരളത്തിൽ നമ്മുടെ പെൺകുട്ടികൾക്ക് അവരുടെ കഴിവുകളുടെ പരമാവധിയിലേക്ക് വളരാനുള്ള സ്വാന്ത്ര്യവും ആകാശവും കൊടുക്കാൻ നമുക്ക് പറ്റുന്നില്ല എന്നത് സമൂഹത്തിന്റെ വലിയ നഷ്ടമാണ്. ഇക്കാര്യത്തെ പറ്റി സമൂഹം ചിന്തിക്കേണ്ടതാണ്. പക്ഷെ തത്കാലം എങ്കിലും കേരളത്തിലെ പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. You are the best. ലോകത്തോട് മത്സരിക്കാനുള്ള എല്ലാം നിങ്ങളുടെ കയ്യിൽ ഉണ്ട്, ഏറ്റവും വേഗത്തിൽ പഠിച്ച് കേരളത്തിന്റെ അതിരുകൾ കടക്കുക, പറന്നുയരുക. എല്ലാവിധ ആശംസകളും നേരുന്നു!

Leave a Comment