പൊതു വിഭാഗം

ഇന്നത്തെ കാലാവസ്ഥ, നാളത്തെ കാലം..!

കേരളത്തിൽ മഴയോടു മഴ. എറണാകുളം വീണ്ടും കുളമാകുന്നു. സുഹൃത്തുക്കൾ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുമല്ലോ.
 
അടുപ്പിച്ചടുപ്പിച്ച് ഒരാഴ്ചയിൽ രണ്ടുവട്ടം കാലാവസ്ഥയെക്കുറിച്ച് എഴുതേണ്ടി വരുന്നു. കുഴപ്പമില്ല, ഇനി ഇത് ശീലമായിക്കോളും.
2015 ൽ കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ രണ്ടു ഗവേഷകർ ഒരു പേപ്പർ പ്രസിദ്ധീകരിച്ചു.
 
Implications of sea level rise scenarios on land use /land cover classes of the coastal zones of Cochin, India.
Mani Murali R1, Dinesh Kumar PK2.
J Environ Manage. 2015 Jan 15;148:124-33. doi: 10.1016/j.jenvman.2014.06.010. Epub 2014 Jul 16
കാലാവസ്ഥ വ്യതിയാനം കൊച്ചി നഗരത്തെ എങ്ങനെ ബാധിക്കും എന്നതായിരുന്നു പഠനവിഷയം. ഏതൊക്കെ സ്ഥലങ്ങളാണ് കാലാവസ്ഥ വ്യതിയാനം കൊണ്ട് വെള്ളത്തിലാകാൻ പോകുന്നത് എന്നും പഠനത്തിലുണ്ട്. വേണമെങ്കിൽ വായിച്ചു നോക്കാം, മടിയാണെങ്കിൽ ദിനേശ് ഒക്കെ കൊച്ചിയിൽ തന്നെ ഉണ്ട്, ചോദിച്ചു നോക്കിയാൽ മതി.
 
ഇന്ന് നാം കാണുന്നത് കാലാവസ്ഥ വ്യതിയാനം ആണോ എന്ന് ശാസ്ത്രീയമായി പറയാൻ ഏറെ നാളെടുക്കും. എന്നാൽ ഇന്ന് നാം കാണുന്ന മഴയും വെള്ളെക്കെട്ടുമെല്ലാം നാളെ ഇതിനേക്കാൾ പതിവാകാൻ പോവുകയാണെന്നതിൽ ഒരു സംശയവും വേണ്ട. കൂടുതൽ സാന്ദ്രതയുള്ള മഴ ഒരു വശത്ത്, ഉയരുന്ന സമുദ്ര നിരപ്പ് മറ്റൊരു വശത്ത്. പെയ്യുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ സമയമെടുക്കും, അത് വെള്ളക്കെട്ടായി നഗരത്തെ സ്തംഭിപ്പിക്കും. ഇപ്പോൾ വർഷത്തിൽ പത്തു ദിവസം സംഭവിക്കുന്നത് രണ്ടു പതിറ്റാണ്ടു കഴിയുന്പോൾ വർഷത്തിൽ നൂറു തവണയാകും. ഇന്ന് എറണാകുളത്തെ വിലപിടിച്ച റിയൽ എസ്റ്റേറ്റ് എല്ലാം നാളെത്തെ ചതുപ്പ് നിലം ആകും.
 
നമ്മുടെ നഗരത്തെയും നാടിനെയും കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന നാളേക്ക് പാകപ്പെടുത്താനുള്ള അറിവൊക്കെ കൊച്ചിയിൽ തന്നെ ഉണ്ട്. അതൊക്കെ ഉപയോഗിച്ച് തുടങ്ങിയാൽ മാത്രം മതി. ഓരോ ദുരന്തവും ഓരോ അവസരമാണ്. കൊച്ചിയെ കാലാവസ്ഥ വ്യതിയാനത്തിന് തയ്യാറെടുപ്പിക്കാനുള്ള അവസരമാക്കി ഈ വെള്ളക്കെട്ടിനെ മാറ്റണം.
(കഴിഞ്ഞ ആഗസ്തിൽ വെള്ളപ്പൊക്കത്തെ പറ്റി പറഞ്ഞപ്പോൾ ‘കാര്യങ്ങൾ ഞാൻ വീക്ഷിക്കുന്നുണ്ട്’ എന്ന് ഞാൻ പറഞ്ഞത് കുറച്ചു പേർക്കൊക്കെ ആക്ഷേപമായി. ‘ഇയ്യാൾ ആരാണ് വീക്ഷിക്കാൻ’ എന്ന് ചിലരെങ്കിലും മാറി നിന്ന് ചോദിക്കുകയും ചെയ്തു. അവരെ വിഷമിപ്പിക്കാൻ ഒന്നൂടെ പറയാം, കാബൂളിൽ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥ ഞാൻ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട് !)
മുരളി തുമ്മാരുകുടി
 

Leave a Comment