ഇന്ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമാണ്. 1984 ഒക്ടോബർ 31 ന് നാലാം സെമസ്റ്റർ പരീക്ഷ എഴുതാൻ കോളേജിലേക്കുള്ള മല കയറുന്പോളാണ് അവർക്ക് വെടിയേറ്റ വാർത്ത കേൾക്കുന്നത്. പിന്നെ നടന്നതൊക്കെ ഇന്നലത്തെ പോലെ ഓർക്കുന്നു. എത്ര വേഗത്തിലാണ് സമയം നീങ്ങുന്നത്.
ഞാൻ രാഷ്ട്രീയം എന്തെന്ന് അറിഞ്ഞ കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്നത് ഇന്ദിര ഗാന്ധിയായിരുന്നു. ബംഗ്ലാദേശ് വിമോചന കാലവും അത് ശ്രീമതി ഇന്ദിര ഗാന്ധി കൈകാര്യം ചെയ്ത രീതിയുമെല്ലാം മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുമുണ്ട്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെയും അത് നടപ്പിലാക്കിയ രീതിയുടേയും കരിനിഴൽ അവരുടെ മേൽ പതിഞ്ഞിട്ടുണ്ടെങ്കിലും മൊത്തത്തിൽ ഇന്ത്യയുടെ അഖണ്ഡതക്കും പുരോഗതിക്കും ഏറെ ഗുണകരമായ ജീവിതമായിരുന്നു അവരുടേത് എന്നാണ് അന്നും ഇന്നും എൻറെ വിശ്വാസം.
ഇന്ദിരാഗാന്ധിയുടെ പ്രസംഗം നേരിട്ട് കാണാനും കേൾക്കാനുമുള്ള അവസരം ഒന്നിൽ കൂടുതൽ തവണ ഉണ്ടായിട്ടുണ്ട്. ടി വി യിലും റേഡിയോയിലും അവരുടെ അനവധി പ്രസംഗങ്ങളും ഇന്റർവ്യൂവും കണ്ടിട്ടുമുണ്ട്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് തൊട്ടു മുൻപ് അവർ നൽകിയ ഇന്റർവ്യൂ ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. പ്രകോപനപരമായ ചോദ്യങ്ങളോട് ശക്തമായും കൃത്യമായും ശാന്തത കൈവിടാതെ അവർ പ്രതികരിക്കുന്നത് കണ്ടിരിക്കേണ്ടതാണ്.
അന്നത്തെ ഇന്ത്യ ഇന്നത്തെ പോലെ വലിയ ശക്തി ഒന്നുമല്ല. പട്ടിണി മാറ്റാനായി മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും അരിയും ഗോതന്പും വാങ്ങി ജീവിക്കേണ്ട കാലം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല.
അമേരിക്കയാണെങ്കിൽ ഈ വിഷയത്തിൽ ഇന്ത്യക്ക് പൂർണ്ണമായും എതിരായിരുന്നു. യുദ്ധം അനിവാര്യമാണെന്ന് ഈ ഇന്റർവ്യൂ നടത്തുന്ന സമയത്ത് അവർക്കറിയാം. ആ സാഹചര്യത്തിലാണ് ഈ ഇന്റർവ്യൂ എന്ന് കൂടി അറിയുന്പോഴാണ് അവരുടെ ആത്മവിശ്വാസം എത്ര വലുതായിരുന്നു എന്ന് മനസ്സിലാകുന്നത്.
ആദരാഞ്ജലികൾ..!
https://www.youtube.com/watch?v=3OdRm7AS9O4&t=6s
മുരളി തുമ്മാരുകുടി
Leave a Comment