നമുക്കെല്ലാം ഭാവിയെപ്പറ്റി പല ആഗ്രഹങ്ങളുണ്ട്. നമ്മൾ അതിനെപ്പറ്റി ചിന്തിക്കാറും, മറ്റുള്ളവരോട് ചർച്ച ചെയ്യാറുമുണ്ട്. ആഗ്രഹങ്ങളൊക്കെ നടക്കുമോ എന്ന് ഒരുറപ്പുമില്ലെങ്കിലും ആഗ്രഹത്തിന് നമ്മൾ ഒരു കുറവും വരുത്താറില്ലല്ലോ.
നമ്മുടെയെല്ലാം ജീവിതത്തിൽ ഉറപ്പായ ഒരേയൊരു കാര്യമാണ് മരണം. ജനിച്ചാൽ ഉറപ്പായ മരണം മറ്റെന്തിനേക്കാളും പ്രധാനവുമാണ്. കാരണം നമ്മോട് അടുപ്പമുള്ളവർക്ക് അത് വൈകാരികമായും പ്രായോഗികമായും ഏറെ വിഷമങ്ങൾ ഉണ്ടാക്കുന്നു.
എന്നിരുന്നാലും നമ്മുടെ മരണത്തെപ്പറ്റി നമ്മൾ ചിന്തിക്കേണ്ടതും, അത് നമ്മുടെ അടുത്ത ആളുകളുമായി സംസാരിക്കേണ്ടതുമാണ്. മരണം വയസ്സായവരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമോ, മൂന്നു മാസം മുന്നേ നോട്ടീസ് തന്നിട്ട് വരുന്നതോ അല്ല. അതുകൊണ്ടുതന്നെ ഇത് റിട്ടയർമെന്റ് കഴിഞ്ഞ് മാത്രം ചർച്ച ചെയ്യേണ്ട ഒരു വിഷയമല്ല.
ഇങ്ങനൊരു ചിന്ത അത്ര എളുപ്പമുള്ള കാര്യമല്ല എന്നെനിക്കറിയാം. പെട്ടെന്നുള്ള, ആയിരക്കണക്കിന് മരണങ്ങൾ ചുറ്റും കാണുന്നത് കൊണ്ട് എന്റെ മനസ്സിൽ ഇതെപ്പോഴുമുണ്ട്. എന്നാൽ അങ്ങനെയൊന്നുമല്ലാതെ സാധാരണ ജീവിതം സ്വൈര്യമായി ജീവിക്കുന്നവരെ മരണത്തെപ്പറ്റി ചിന്തിപ്പിക്കാനും അതിനെപ്പറ്റി വേണ്ടപ്പെട്ടവരോട് സംസാരിക്കാനും സഹായിക്കുന്ന ഒരു പ്രോജക്ട് ലോകത്ത് നിലവിലുണ്ട്.
അമേരിക്കയിലെ പ്രശസ്തയായ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ എലൻ ഗുഡ്മാൻ ഒക്കെയാണിതിന് പിന്നിൽ. (പണ്ട് ഞാൻ പറഞ്ഞ ബമാമയുടെ കഥ എഴുതിയത് ഇവരാണ്). The Conversation Project എന്നാണിതിന്റെ പേര്. നമ്മുടെ മരണത്തെപ്പറ്റി ചിന്തിക്കാനും അത് വേണ്ടപ്പെട്ടവരോട് പങ്കുവെക്കാനുമുള്ള ചില പൊടിക്കൈകളും ഇത് പറഞ്ഞുതരുന്നു.
http://theconversationproject.org
എന്റെ സുഹൃത്തായ സുരേഷ് കുമാർ മരണത്തെപ്പറ്റി ഇന്നൊരു ഹാഷ് ടാഗ് ക്യാമ്പയിൻ നടത്തുണ്ട്. മരണം അത്ര സുഖമുള്ള കാര്യമല്ല എന്നറിയാം, എന്നാലും ഒന്ന് സഹകരിക്കണം.
#allmylife
Leave a Comment