പൊതു വിഭാഗം

ഇനി നമുക്കൊരു യാത്ര പോകാം…?

എന്റെ ഏറെക്കാലമായുള്ള ആഗ്രഹമാണ് കേരളത്തിൽ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ശരിക്കും സമയമെടുത്ത് ഒന്ന് സഞ്ചരിക്കണം എന്ന്. പ്രകൃതിഭംഗി കൊണ്ട് മാത്രമല്ല സംസ്കാരം കൊണ്ടും സന്പന്നമാണ് നമ്മുടെ നാട്. ഭക്ഷണത്തിന്റെ വൈവിധ്യമാണെങ്കിൽ പറയാനില്ല. ഒരു മാസം എടുത്ത് കേരളത്തിലെ ക്ഷേത്രങ്ങളും പള്ളികളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ച് സ്‌കൂളുകളിലും കോളേജുകളിലും ലെക്ച്ചറും നൽകി വൈകീട്ട് ഒരു ചായ് പേ ചർച്ചയുമായി വൈകുന്നേരം ലോക്കൽ ഫുഡ് ഒക്കെ കഴിച്ച് പറ്റിയാൽ ഒരു വാഹനത്തിൽ കിടന്നുറങ്ങി… അങ്ങനെ സഞ്ചരിക്കണം.
 
ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു ടെന്പോ ട്രാവലർ എടുത്ത് എന്ന് വേണമെങ്കിലും തുടങ്ങാമായിരുന്നതേ ഉള്ളൂ. ഫേസ്ബുക്കിൽ എഴുതിത്തുടങ്ങിയതിൽ പിന്നെ ഏതു ഗ്രാമത്തിൽ ചെന്നാലും അറിയുന്ന നാലുപേരെങ്കിലും കാണും, ചായ് പേ ചർച്ച നടത്താൻ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ചെയ്തില്ല. കാരണം ‘തിരക്കായിരുന്നു’.
 
ഇതെന്റെ മാത്രം കഥയല്ല. ഇന്നിപ്പോൾ ലോക്ക് ഡൗണും ഐസൊലേഷനും ക്വാറന്റൈനും ആയിരിക്കുന്ന ലോകത്തെ മുഴുവൻ ആളുകളും ചിന്തിക്കുന്നത് അത് തന്നെയാണ്. അവരുടെ ജീവിതത്തിന്റെ വേഗത്തെ പറ്റി.
 
ഈ അടച്ചുപൂട്ടൽ കാലം നമ്മെ പലതും പഠിപ്പിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ അനുഭവിച്ച സഞ്ചാര സ്വാതന്ത്ര്യത്തിന്റെ മധുരമാണ്. സമയവും പണവും അനുസരിച്ച് ലോകത്തെവിടെയും പോകാൻ നമുക്ക് അവസരമുണ്ടായിരുന്നു. പക്ഷെ ബഹുഭൂരിപക്ഷം പേരും അത് ഉപയോഗിച്ചില്ല. ഇന്നിപ്പോൾ സമയവും പണവും ഉണ്ടെങ്കിലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.
 
ഇനി പുറത്തിറങ്ങാൻ പറ്റുന്ന കാലത്ത് മറ്റുള്ള തിരക്കുകളെല്ലാം മാറ്റിവെച്ച് ഞാൻ കുറച്ചു സമയം ഈ ലോകം കാണാൻ പോകുമെന്ന് ഒരിക്കലെങ്കിലും ഈ ക്വാറന്റൈൻ കാലത്ത് ചിന്തിക്കാത്തവരുണ്ടാകുമോ?
 
അപ്പോൾ ഒരു കാര്യം ആദ്യമേ തീരുമാനിച്ചു. ക്വാറന്റൈൻ കഴിഞ്ഞാൽ കേരളദർശനം ഉറപ്പ്. ആരും കൊതിക്കുന്ന ഒരു റൂട്ട്മാപ്പ് ഉണ്ടാക്കി പ്രസിദ്ധീകരിക്കണം. 2021 ൽ തിരഞ്ഞെടുപ്പ് വരികയല്ലേ. കേരളയാത്രക്ക് കാരണം വേറെയുമുണ്ട്. (കൊടുങ്കാറ്റിൽ ആന പാറുന്ന കാലത്താ അവന്റെ 2021 ലെ തിരഞ്ഞെടുപ്പ് !!).
 
അതൊക്കെ പോട്ടെ, കേരളത്തിലും ഇന്ത്യയിലും അധികം സഞ്ചരിക്കാൻ അവസരം കിട്ടിയിട്ടില്ലെങ്കിലും ലോകത്ത് തൊഴിലിനോടനുബന്ധിച്ചും അല്ലാതെയും ഏറെ സഞ്ചരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. കിട്ടിയ അവസരമൊന്നും ഞാൻ നഷ്ടപ്പെടുത്തിയുമില്ല. ഇന്നിപ്പോൾ വെറുതെയിരുന്നപ്പോൾ എന്റെ ഫോണിൽ കഴിഞ്ഞ പത്തുവർഷമായി എടുത്ത ചിത്രങ്ങൾ പരിശോധിക്കുകയായിരുന്നു. പതിനായിരത്തിലേറെ ചിത്രങ്ങൾ! നൂറു രാജ്യങ്ങളിൽ നിന്നെങ്കിലും ഉള്ളവ. ബാമിയാനിലെ പൊട്ടിത്തകർന്ന ബുദ്ധ പ്രതിമ, കൊറിയയിലെ സെക്സ് മ്യൂസിയം, ഓസ്ലോയിലെ ഓപ്പറ ഹൌസ്, വാഷിംഗ്ടണിലെ സ്മിത്‌സോണിയൻ മ്യൂസിയം, ജപ്പാനിലെ സുനാമിയടിച്ചു തകർന്ന സ്‌കൂളുകൾ, ഗാസയിലെ ബോംബിൽ തകർന്ന കെട്ടിടങ്ങൾ… അങ്ങനെ എത്രയോ ചിത്രങ്ങൾ.
 
ഒരു കണക്കിന് സന്തോഷമായി. ഇനി ഒരു യാത്രയും ചെയ്യാൻ സാധിച്ചില്ലെങ്കിലും ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ പറ്റുന്നതിലേറെ സഞ്ചരിച്ചുവല്ലോ. അന്നത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്നിപ്പോൾ വിഷമമായേനെ. അപ്പോൾ സുഹൃത്തുക്കളോട് ഒന്നുകൂടി പറയാം, ഇനി ഒരു ചാൻസ് കിട്ടുന്പോൾ ജീവിതത്തിന്റെ സ്പീഡ് കുറക്കുക, യാത്രയുടെ സ്പീഡ് കൂട്ടുക.
 
‘മുരളിച്ചേട്ടൻ യാത്രയുടെ കഥകൾ എഴുതണം’ എന്ന് എന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ സാധാരണ അത് ചെയ്യാറില്ല. റിട്ടയർ ചെയ്തിട്ട് സമയമുണ്ടെങ്കിൽ എഴുതാമല്ലോ എന്ന് കരുതി. പക്ഷെ ഇന്നിപ്പോൾ നമ്മൾ എല്ലാം വീട്ടിൽ കുരുങ്ങിയിരിക്കുന്പോൾ നമുക്ക് ചിറകുണ്ടായിരുന്ന കാലത്തെ ഓർക്കാനായിട്ടെങ്കിലും ഓരോ ദിവസവും ഒരു ചെറിയ യാത്രക്കുറിപ്പ് എഴുതാം.
 
മുരളി തുമ്മാരുകുടി
 
#യാത്രചെയ്തിരുന്നകാലം

Leave a Comment