പൊതു വിഭാഗം

ആശുപത്രിയിലെ സുരക്ഷ…

നിപ്പ ഉണ്ടാക്കിയ പേടി മിക്കവാറും മാറി. മുൻ പരിചയമില്ലാതിരുന്നിട്ടും വേഗത്തിൽ കാര്യങ്ങൾ പഠിച്ചും കാര്യക്ഷമതയോടെ പ്രവർത്തിച്ചും ആരോഗ്യ വകുപ്പും മന്ത്രിയും നാട്ടുകാരുടെ കൈയടി നേടി. സ്വന്തം ജീവൻ പണയം വെച്ചു പോലും രോഗികളെ പരിശോധിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഡോക്ടർമാർ, നഴ്സുമാർ, ടെക്‌നീഷ്യന്മാർ, ആരോഗ്യ പ്രവർത്തകർ എല്ലാവരും അനുമോദനം അർഹിക്കുന്നു. വലിയ സന്തോഷമുള്ള കാര്യമാണ്. കേരളം ഇന്ത്യയിൽ ആരോഗ്യരംഗത്ത് നമ്പർ വൺ ആണെന്ന് നമുക്ക് ഇനിയും സന്തോഷത്തോടെ, അഭിമാനത്തോടെ പറയാം.
 
ഏതൊരു ദുരന്ത സാഹചര്യത്തിലേയും പോലെ നമ്മുടെ സംവിധാനങ്ങളിലെ പിഴവുകൾ വെളിവായ ഒരു സമയം കൂടി ആയിരുന്നു നിപ്പക്കാലം. ആ പിഴവുകൾ തിരുത്താനുള്ള അവസരമായി ഇത് ഉപയോഗിക്കുകയും വേണം. ആശുപത്രിയിലേയും ആരോഗ്യ പ്രവർത്തകരുടേയും സുരക്ഷയാണ് ഇതിൽ ഏറ്റവും പ്രധാനമായത്.
 
വ്യക്തി സുരക്ഷ എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാഗമല്ല. ഇത് കെട്ടിടം പണിക്കാരുടെ കാര്യം ആണെങ്കിലും ഇലക്ട്രിസിറ്റി കൈകാര്യം ചെയ്യുന്നവരുടെ കാര്യമാണെങ്കിലും ശരിയാണ്. അതുകൊണ്ടാണ് വർഷാവർഷം നൂറുകണക്കിന് ആളുകൾ കെട്ടിടം പണിക്കിടെ താഴെ വീണ് മരിക്കുന്നത്, അതുകൊണ്ടാണ് വർഷാവർഷം ഡസൻ കണക്കിനാളുകൾ വൈദ്യുതി ജോലിക്കിടെ മരിക്കുന്നത്.
 
തൊഴിൽ രംഗത്ത് നിന്നും രോഗം വന്ന് ആരോഗ്യപ്രവർത്തകർ അധികം മരിക്കാറില്ല. അതുകൊണ്ടു തന്നെ ആരോഗ്യപ്രവർത്തകരുടെ ഇടയിൽ സുരക്ഷാബോധം എത്ര ഉണ്ട്, അവർക്ക് അതിനുള്ള പരിശീലനം കിട്ടിയിട്ടുണ്ടോ, അറിവുണ്ടെങ്കിലും വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടോ എന്നൊന്നും നമ്മൾ ശ്രദ്ധിക്കാറില്ല.
 
നിപ്പ വന്നതോടെ അത് മാറി. ഇത്തരത്തിൽ ഒരു രോഗം പടർന്നുപിടിച്ചാൽ എന്ത് തരം വ്യക്തി സുരക്ഷാ ഉപകരണങ്ങളാണ് വേണ്ടതെന്ന് ഡോക്ടർമാർക്ക് പോലും വേണ്ടത്ര അറിവില്ലായിരുന്നു. എബോളയുടെ സമയത്തേതു പോലുള്ള മുൻ കരുതലുകൾ എടുക്കാം എന്ന് വച്ചാൽ അത്തരം വ്യക്തിസുരക്ഷാ ഉപകരണങ്ങൾ കേരളത്തിൽ ലഭ്യമല്ലായിരുന്നു. ഉപയോഗ ശേഷം വ്യക്ത്തി സുരക്ഷാ ഉപകരണങ്ങൾ എങ്ങനെ ശേഖരിക്കണം, നശിപ്പിക്കണം എന്നതിനും കൃത്യമായ മാർഗ്ഗ നിർദ്ദേശം ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് അവ നശിപ്പിക്കാനുള്ള സംവിധാനവും കോഴിക്കോട്ട് ഇല്ലായിരുന്നു.
 
തൽക്കാലം ഈ കുഴപ്പങ്ങൾ കൊണ്ടൊന്നും വലിയ ദുരന്തം ഉണ്ടായില്ല. എന്നാലും നമുക്ക് ഇതൊരു അവസരമായി എടുത്ത് ആശുപത്രിയിലെ സുരക്ഷയും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും പഠന പദ്ധതിയുടെ ഭാഗമാക്കണം. ഓരോ തരം രോഗത്തിനും ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളെപ്പറ്റി എഴുതി വെച്ച മാർഗ്ഗ നിർദ്ദേശം വേണം, അത്തരം ഉപകരണങ്ങൾ ആവശ്യത്തിന് സർക്കാർ സംവിധാനത്തിലും സ്വകാര്യ സംവിധാനത്തിലും ലഭ്യമാക്കണം.
 
മാസത്തിൽ ഒരിക്കലെങ്കിലും ആശുപത്രിയിലെ സുരക്ഷാ വിഷയങ്ങൾ ആശുപത്രി ജീവനക്കാരുമായി ചർച്ച ചെയ്യണം, പുതിയതായി വരുന്ന അറിവുകൾ അവർക്ക് പകർന്ന് നൽകുകയും വേണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment