പൊതു വിഭാഗം

ആശുപത്രിയിലെ ആപ്പിൾ…

എൻറെ വല്യഛനും ജ്യോത്സ്യനുമായിരുന്ന കിഴുപ്പിള്ളി അച്യുതൻനായരെക്കുറിച്ച് ഞാൻ ഇതിന് മുൻപ് പലവട്ടം പറഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം. ഒരിക്കൽ ഒരപകടത്തിൽ പരിക്കേറ്റ് ആറുമാസത്തോളം അദ്ദേഹം എറണാകുളത്ത് ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അക്കാലത്ത് കഴിച്ച ആപ്പിളിന്റത്രയും ആപ്പിൾ പിന്നെ ഞാനെൻറെ ആയുസ്സിൽ കഴിച്ചിട്ടില്ല. ദിവസവും ഡസൻ കണക്കിന് ആളുകളാണ് വല്യഛനെ കാണാൻ വരുന്നത്. അബോധാവസ്ഥയിലായ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കുന്നത് ടൂബ് വഴിയാണെങ്കിലും വരുന്നവരുടെയൊക്കെ കൈയിൽ ആപ്പിൾ ഉണ്ട്. ഓരോരോ ആചാരങ്ങൾ ആകുമ്പോൾ…!
 
ഒരാൾ വിമാനത്താവളത്തിലെത്തുമ്പോൾ പത്തു പേർ സ്വീകരിക്കാൻ പോകുന്നതു പോലെ തന്നെ, പുതിയ കാലത്തെ മലയാളി സംസ്കാരത്തിന്റെ ഭാഗമാണ് രോഗിയെ സന്ദർശിക്കുന്നതും. ഒരാൾ ആശുപത്രിയിലായാൽ കാണാൻ പോകേണ്ടത് നമ്മുടെ കടമയായിട്ടാണ് നാം കരുതുന്നത്, നമ്മൾ ആശുപത്രിയിലായാൽ കാണാൻ വരാത്ത സുഹൃത്തുക്കളും ബന്ധുക്കളും വേണ്ടത്ര കരുതൽ ഇല്ലാത്തവരാണെന്ന് നമ്മളും കരുതുന്നു. എന്തായാലും ഗുണം മുഴുവൻ ആപ്പിൾ കച്ചവടക്കാരനാണ്.
 
ഇതത്ര നിർദ്ദോഷമായ ആചാരം അല്ല. കാരണം ആശുപത്രി എന്നാൽ എളുപ്പത്തിൽ അസുഖങ്ങളുടെ എക്സ്ചേഞ്ച് നടക്കുന്ന ഒരു സ്ഥലമാണ്. വെറുതെ ആശുപത്രിയിൽ ചെല്ലുന്നവർ പനിയുമായി തിരിച്ചു വരുന്നു. പനിയുമായി ചെല്ലുന്നവർ അത് നാട്ടുകാർക്ക് കൊടുത്ത് ചെങ്കണ്ണും വാങ്ങി തിരിച്ചു വരുന്നു. ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗിക്ക് വരുന്നവരെല്ലാം ആകും പോലെ ഓരോരോ രോഗങ്ങൾ കൊടുക്കുന്നു.
 
ഇതൊന്നും ആർക്കും അറിയാത്ത കാര്യമല്ല. രോഗം രോഗാണുക്കൾ മൂലമാണ് ഉണ്ടാകുന്നതതെന്ന് മനുഷ്യൻ മനസ്സിലാക്കാത്ത കാലത്ത്, ആശുപത്രി വാർഡുകളിൽ കൈ കഴുകാതെ ഗർഭിണികളെ പരിചരിക്കുന്ന ഡോക്ടർമാർ വഴി രോഗം പരന്ന് പ്രസവശേഷം അമ്മമാർ മരിക്കുന്നുണ്ടെന്ന് കണ്ടുപിടിച്ചത് ജർമ്മൻ ഡോക്ടറായിരുന്ന ഇഗ്‌നാസ് സെമ്മെൽവീസ് ആണ്. അതുകൊണ്ട് പുതിയ രോഗിയെ പരിശോധിക്കുന്നതിന് മുൻപ് ഡോക്ടർമാർ ക്ളോറിൻ ലായനിയിൽ കൈ കഴുകണമെന്ന് പറഞ്ഞ അദ്ദേഹത്തെ മറ്റു ഡോക്ടർമാർ പഞ്ഞിക്കിട്ടു. പക്ഷെ പിൽക്കാലത്ത് ഇക്കാര്യം ലോകം അംഗീകരിച്ചു. കൈ കഴുകലും കൈയുറയും ഇപ്പോൾ വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്.
 
പക്ഷെ ആശുപത്രിയിൽ എത്തുന്നവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലും, അവർ ‘ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും’ എന്ന് പറയുന്നത് പോലെ രോഗീ ക്ഷേമത്തിന് വന്ന് അവരെ അപകടത്തിലാക്കി പോകും എന്നൊന്നും ഇപ്പോഴും നമ്മളങ്ങ് അംഗീകരിച്ചിട്ടില്ല. നിപ്പ പോലെ എന്തെങ്കിലും മാരക രോഗങ്ങൾ വരുമ്പോൾ ആരൊക്കെയാണ് ആശുപത്രിയിൽ വന്നത്, രോഗിയുമായി സമ്പർക്കമുണ്ടായത് എന്നൊക്കെ അറിയാതെ ഡോക്ടർമാർ നട്ടം തിരിയുന്നു.
 
നിപ്പയിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ഒരാൾ ആശുപത്രിയിലായാൽ ബന്ധുക്കളും പരിചയക്കാരുമായ എല്ലാവരും അങ്ങോട്ട് ഓടിയെത്തുന്നത് ഒഴിവാക്കാൻ നമ്മൾ പഠിച്ചാൽ അത് സമൂഹത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.
 
അതുകൊണ്ട് അളിയൻ ഇനി ആശുപത്രിയിൽ അലുവയുമായി വരരുത്. അലുവയുടെ കാശ് അക്കൗണ്ടിലേക്ക് ഇട്ടാൽ മതി. രോഗം മാറിക്കഴിയുമ്പോൾ ഞാൻ തന്നെ പോയി അലുവയൊ ആപ്പിളോ എന്താണെന്ന് വെച്ചാൽ വാങ്ങി കഴിച്ചോളാം. അപ്പോൾ അളിയന് സ്നേഹം കുറയുന്നുമില്ല, എനിക്ക് പണി കിട്ടുന്നുമില്ല.
 
മുരളി തുമ്മാരുകുടി.
 
 

Leave a Comment