പൊതു വിഭാഗം

ആളെ ചുറ്റിക്കുന്ന ചുറ്റിക…

ഇപ്പോഴത്തെ സ്‌കൂൾ കുട്ടികൾ ഭാഗ്യം ചെയ്‌തവരാണ്. ഒരു വർഷത്തിൽ എത്ര അവധിയാണ് അവർക്ക് ഹർത്താൽ മൂലം കിട്ടുന്നത്. എന്റെയൊക്കെ ചെറുപ്പകാലത്ത് വർഷത്തിൽ ഒന്ന്, കൂടിയാൽ രണ്ട്. ഹൈസ്‌കൂൾ പഠനം അടിയന്തിരാവസ്ഥ കാലത്തായതിനാൽ രണ്ടു വർഷം അതുപോലും കിട്ടിയില്ല. പുവർ ബോയ്സ് !!
 
പക്ഷെ അന്നത്തെ ബന്ദ് ഇന്നത്തെപ്പോലെ ചിക്കനും കഴിച്ചിരിക്കുന്ന ആഘോഷ ഹർത്താൽ ആയിരുന്നില്ല. ഒരു മാസത്തിന് മുൻപേ പ്രഖ്യാപിക്കും, ബന്ദിന്റെ തലേ ദിവസം തന്നെ വെങ്ങോലയിൽ ഉൾപ്പടെ റിസർവ് പോലീസ് ഇറങ്ങും. ഞങ്ങൾ അവരെ ‘ചട്ടിത്തൊപ്പി’ എന്നാണ് വിളിക്കാറ്. അന്ന് സാധാരണ പൊലീസിന് കൂർന്പൻ തൊപ്പിയാണ്. ചട്ടിത്തൊപ്പിക്കാർക്ക് ആരാണ് നാട്ടിലെ പ്രമാണി, ചട്ടമ്പി, ഭരണകക്ഷി, പ്രതിപക്ഷം എന്നൊന്നും അറിയില്ല. ബന്ദിന്റെയന്ന് ആരെ പുറത്തുകണ്ടാലും അടിയോടടി, അത് തന്നെ രീതി.
 
ഇതൊക്കെയുണ്ടെങ്കിലും അക്കാലത്ത് ബന്ദ് ജയിപ്പിക്കാൻ ആളുകൾ ഇറങ്ങും, തോൽപ്പിക്കാനും. അടിപിടി ഉറപ്പാണ്, പറ്റിയാൽ ഒരു രക്തസാക്ഷിയും.
 
കാലം മാറി. രണ്ടു നേരം കഞ്ഞികുടിച്ചു ജീവിച്ചിരുന്ന ശരാശരി മലയാളി ഗൾഫ് പണം വന്ന് ബിരിയാണി കഴിച്ചു തുടങ്ങി. രക്തസാക്ഷിയാകാനുള്ള താല്പര്യം ആളുകൾക്ക് കുറഞ്ഞു. കോടതി നിരോധിച്ചതോടെ കേരളത്തിൽ ബന്ദ് ഇല്ലാതായി. പകരം ആർക്കും എപ്പോഴും എവിടെയും പ്രഖ്യാപിക്കാവുന്ന ഹർത്താൽ വന്നു. അത് നടത്താൻ അണികൾ വേണ്ട, വാട്ട്സ്ആപ്പ് മതി എന്ന സ്ഥിതിയായി. ബിരിയാണി തിന്ന് തടിച്ച സമൂഹത്തെ നിയന്ത്രിക്കാൻ ചട്ടിത്തൊപ്പി വേണ്ട വീഡിയോ കാമറ മതി എന്ന് സർക്കാരിനും മനസ്സിലായി.
 
ഹർത്താൽ കൊണ്ട് ഒരു കാലത്തും പെട്രോളിന്റെ വില കുറഞ്ഞിട്ടില്ല, തൊഴിലില്ലായ്‌മ ഇല്ലാതായിട്ടില്ല. ഹർത്താൽ നടത്തുന്നത് എന്തിനാണോ ആ വിഷയത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്നതല്ല, ഹർത്താലിന് കടകൾ അടച്ചോ, വണ്ടികൾ ഓടിയോ എന്നതൊക്കെയാണ് അന്നും ഇന്നും വിജയത്തിന്റെ അളവുകോൽ.
 
എല്ലാ പാർട്ടികളും പാർട്ടി ഇല്ലാത്തവരും ഇപ്പോൾ ഹർത്താൽ നടത്തുന്നുണ്ട്. ഹർത്താൽ നടത്തുന്നത് ഒരു ജനാധിപത്യ അവകാശം ആണെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അടിസ്ഥാന ജനാധിപത്യ ബോധം ഹർത്താൽ നടത്തുന്നവരെ തൊട്ടു തീണ്ടിയിട്ടില്ല. ഹർത്താൽ ദിവസം യാത്ര ചെയ്യാനോ തൊഴിൽ ചെയ്യാനോ കച്ചവടം നടത്താനോ ഉള്ള ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന ആളുകൾ ഏത് ജനാധിപത്യ ബോധമാണ് പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും? തങ്ങൾ നടത്താത്ത ഹർത്താൽ എല്ലാം അനാവശ്യമാണെന്ന ബോധം എല്ലാവർക്കും ഉണ്ടെന്ന് മാത്രം.
 
നമ്മുടെ അടിസ്ഥാന ജനാധിപത്യ ബോധത്തിന്റെ കുറവ് മാത്രമല്ല ഹർത്താലിൽ പ്രകടമാകുന്നത്. സമൂഹത്തിൽ നമ്മുടെ എതിർപ്പ് പ്രകടിപ്പിക്കാനുള്ള രീതികളുടെ കുറവ് കൂടിയാണ്. ഒരാളുടെ കൈയിൽ ഒരു ചുറ്റിക മാത്രമേ ഉള്ളൂവെങ്കിൽ കാണുന്ന എല്ലാ തരം പ്രശ്നവും അവർ ആണി പോലെ അടിച്ചൊതുക്കാൻ നോക്കും എന്നൊരു ചൊല്ലുണ്ട്. നാട്ടിലെ പ്രധാന ചുറ്റികയാണ് ഇപ്പോൾ ഹർത്താൽ. എന്ത് പ്രശ്നമുണ്ടെങ്കിലും അതുപയോഗിച്ചാണ് നമ്മൾ അടിക്കുന്നത്. എല്ലാ പാർട്ടിക്കാരുടേയും കൈയിൽ ഒരേതരം ചുറ്റികയാണുള്ളത്.
 
ഹർത്താലിന്റെ കാര്യത്തിൽ ലോകത്തിൽ കേരളത്തെ തോൽപ്പിക്കാൻ ഒറ്റ സ്ഥലമേ ഞാൻ കണ്ടിട്ടുള്ളൂ. അത് ബംഗ്ലാദേശ് ആയിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചു നാളായി അവിടെ ഹർത്താലുകൾ കുറവാണ്. അതുകൊണ്ട് ലോക റെക്കോർഡ് ഇപ്പോൾ നമ്മുടെ കൈയിലാണ്. നമുക്ക് അധികം മത്സരമില്ലാത്ത ഫീൽഡായതുകൊണ്ട് ഇനിയുള്ള കാലം മാൻഡ്രേക്കിന്റെ തല നമ്മുടെ കയ്യിൽ തന്നെ ഇരിക്കാനാണ് സാധ്യത.
 
മുരളി തുമ്മാരുകുടി
 

Leave a Comment