പൊതു വിഭാഗം

ആയിരം കുളങ്ങളുടെ നാട്

വന്നുവന്ന് ഞാൻ ഇപ്പോൾ എന്ത് പ്രവചിച്ചാലും നടക്കുന്ന സ്ഥിതിയായി.

ചില കാര്യങ്ങൾ ഞാൻ പറഞ്ഞാൽ നടക്കുമെന്ന് ആളുകൾ വിചാരിച്ചാൽ തന്നെ നടന്നു തുടങ്ങും. “Self fulfilling prophesy” എന്നാണ് ഇതിന് പറയുന്നത്.

അത്തരത്തിൽ ഒന്നാണ് ഒരേക്കറിന് മുകളിൽ ഉള്ള സ്ഥലത്തിൻറെ വില കുറഞ്ഞു വരും എന്ന് പറഞ്ഞത്. അതിൽ തന്നെ പാടങ്ങളുടെ വില തകർന്നടിയും. ഇപ്പോൾ ഉള്ളതിന്റെ പത്തിലൊന്നു കിട്ടിയാൽ ഭാഗ്യം എന്ന് കരുതിയാൽ മതി. ഇപ്പോൾ തരിശായിക്കിടക്കുന്ന പാടത്ത് നെൽകൃഷി ചെയ്യുന്ന കാലം ഇനി കേരളത്തിൽ ഉണ്ടാവില്ല.

കരയിലെ ഭൂമിയുടെ വില കുറഞ്ഞു കഴിയുന്പോൾ പാടം നികത്തി കരയാക്കി ലാഭം ഉണ്ടാക്കാം എന്ന് കരുതുന്ന ആളുകളുടെ പ്രതീക്ഷയും തീരും. എന്നാൽ അപ്പോഴേക്കും പാടം വാങ്ങാൻ ആരും ഉണ്ടാകില്ല.

ഇതൊരു വലിയ അവസരമാണ്. കേരളത്തിൽ ഏറെ ഉള്ളതും ഇപ്പോൾ കൂടുതൽ കൂടുതൽ ജനങ്ങൾക്ക് ബുദ്ധിമുട്ടായി വരുന്നതും ആയ ഒന്നാണ് വെള്ളം മൂലമുള്ള ദുരിതം. മഴ കൂടുതൽ സാന്ദ്രതയോടെ പെയ്യുന്നു, വെള്ളം കെട്ടുന്നു, ആളുകൾ കഷ്ടപ്പെടുന്നു. എന്നാൽ മഴക്കാലം വേഗം കഴിയുന്നു, വേനൽക്കാലം വരുന്നു. മഴയും വെള്ളവുമില്ലാതെ ആളുകൾ കഷ്ടപ്പെടുന്നു.

കേരളത്തിലെ ഇടനാട്ടിലും തീരപ്രദേശത്തും ഉള്ള ഗ്രാമങ്ങളിൽ കൂട്ടമായി കിടക്കുന്ന അന്പതോ നൂറോ ഹെക്ടർ (പരമാവധി വലുത്) ഒരുമിച്ചു വാങ്ങി കുഴിച്ചു കുളമാക്കണം. അതിൽ മീൻ വളർത്തുകയും ബോട്ടിങ്ങ് നടത്തുകയും ചെയ്യാം, അതിന് ചുറ്റും ഹോട്ടലുകളും നടപ്പാതകളും പാർക്കുകളും സൈക്ലിംഗ് പാതകളും ഉണ്ടാക്കാം.

വെള്ളത്തിന് കയറിക്കിടക്കാൻ സ്ഥലം ഉണ്ടാകുന്പോൾ വെള്ളപ്പൊക്കങ്ങൾ കുറയും, വരൾച്ച ഉണ്ടാകില്ല, ചുറ്റുമുള്ള ആളുകളുടെ കിണറുകളിൽ വെള്ളം വറ്റാത്ത കാലം വരും. വലിയ കുളങ്ങളും ജലാശയങ്ങളും ടൂറിസത്തിന് ഉപയോഗിക്കാം. ജലാശയങ്ങളുടെ ചുറ്റുമുള്ള പ്രദേശത്ത് ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും റോഡും, വീടും കോട്ടേജുകളും ഉണ്ടാക്കാം.

ഇതിനുള്ള പണം കിട്ടാൻ പല മാർഗ്ഗങ്ങൾ ഉണ്ട്.

ഒന്നാമതായി നമുക്ക് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിറുത്തിക്കളയാം. കേരളത്തിൽ ഇറിഗേഷൻ വകുപ്പ് വലുതാകുന്പോൾ കൃഷി ചെറുതാവുകയാണ്. കുടിവെള്ളത്തിന് ലഭ്യത വർധിക്കുന്നതോടെ ആ വകുപ്പിലും നമുക്ക് ലാഭം ഉണ്ടാക്കാം. തൊഴിലുറപ്പിന് കിട്ടുന്ന പണം, ദുരന്തങ്ങൾ ഒഴിവാക്കുന്പോൾ ഉള്ള ലാഭം, ടൂറിസത്തിൽ നിന്നുള്ള വരുമാനം, കൂടാതെ തടാകം ഉണ്ടാക്കുന്പോൾ ആ മണ്ണിട്ട് നികത്തി ഉണ്ടാക്കുന്ന സ്ഥലം വിറ്റും, ചുറ്റുമുള്ള ആളുകളുടെ സ്ഥലത്തിൻറെ വില കൂടിയാൽ അതിനൊരു വിൻഡ്‌ഫാൾ ടാക്സ് വച്ചും പണം കണ്ടെത്താം.

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന പദ്ധതി ആണെന്നും പറഞ്ഞ് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിൽ നിന്നൊക്കെ പണം വേറെയും വാങ്ങാം.

ഒരു സർക്കാർ – സ്വകാര്യ മേഖലയിൽ ഉള്ള പദ്ധതിയായി തുടങ്ങിയാൽ മതി. ഓരോ ജില്ലയിൽ ഒരു പദ്ധതി വിജയിപ്പിച്ചാൽ ബാക്കിയുള്ളത് കന്പോളം നോക്കിക്കോളും.

ഓരോ പഞ്ചായത്തിലും സ്വിറ്റ്‌സർലണ്ടിലെ പോലെ ഒരു തടാകം ഉള്ള, അവിടെ ഓരോ സ്ഥലത്തും ഒരു ലക്ഷം ടൂറിസ്റ്റുകൾ വരുന്ന കേരളം ആണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

മുരളി തുമ്മാരുകുടി

(ഇരുപത് ഹെക്ടർ സ്ഥലമുള്ള ഒരു പാർക്കിൽ ഒരു ഹെക്ടറിൽ താഴെയുള്ള സ്വിസ് തടാകത്തിന്റെ ചിത്രമാണിത്. ആയിരത്തിന് മുകളിൽ ആളുകൾ ആണ് ഇവിടെ ദിവസേന വരുന്നത്)

May be an image of 6 people, boat and lake

Leave a Comment