എന്റെ മരുമകനായ ശ്രീകാന്ത് കുട്ടിയായിരുന്നപ്പോൾ അവൻ അച്ഛനായും ഞാൻ മകനായും അഭിനയിക്കുന്നത് പതിവായിരുന്നു.
ഞാൻ (മകൻ) : “അച്ഛാ, എനിക്ക് വിശക്കുന്നു.”
ശീകാന്ത് (മകൻ): “മോന് ഞാൻ പഴം പുഴുങ്ങിയത് തരാം.”
ഞാൻ : “അച്ഛാ എനിക്ക് അപ്പിയിടണം.”
ശ്രീ : “ഞാൻ പോട്ടി എടുത്തുകൊണ്ടു വരാം.”
ഒരിക്കൽ ഞാൻ പറഞ്ഞു: “അച്ഛാ, ദേ ഒരാന വരുന്നു. എനിക്ക് പേടിയാകുന്നു.”
അവൻ അൽപനേരം അമ്പരന്നുനിന്നു. എന്നിട്ട് പറഞ്ഞു,
“മോനെ, ആന വന്നാൽ അച്ഛനും പേടിയാണ്.”
സാധാരണഗതിയിൽ അച്ഛന്മാർ എപ്പോഴും ധൈര്യശാലികൾ ആണ്. പേടിയും, ദുഖവും ഒന്നും അവർ പുറത്തു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മൾ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്. എന്നാൽ പുരുഷന്മാർ കരയാതെ – ടെൻഷൻ പുറത്തു കാണിക്കാതിരിക്കുകയാണ്. സ്വന്തം കുടുംബത്തിന് ധൈര്യം പകരാനോ അല്ലെങ്കിൽ പുരുഷന്മാർ കരയുന്നത് മോശമാണെന്ന തെറ്റിദ്ധാരണ കൊണ്ടോ ആകാം ഇത്.
ഇത്തരം ഒരു ദുരന്തമുണ്ടാകുമ്പോൾ അതിൽ ഉൾപ്പെട്ട എല്ലാവർക്കും മാനസിക സംഘർഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് പല തരത്തിലാണ് പ്രതിഫലിക്കുന്നത്. ചിലപ്പോൾ ആദ്യ ദിവസങ്ങളിൽ ധൈര്യമായി ഒരു കുഴപ്പവും കാണിക്കാതെ ഇരിക്കുന്നവർ മാസങ്ങൾക്ക് ശേഷമായിരിക്കും ഈ സംഘർഷത്തിന്റെ കുഴപ്പങ്ങൾ പുറത്തു കാണിക്കുന്നത്. ഇത്തരം മാനസിക പ്രശ്നങ്ങൾ വിഷാദത്തിലേക്കും, കഴിഞ്ഞ ദിവസം കണ്ടതു പോലെ ആത്മഹത്യയിലേക്കും നയിക്കും.
കേരളത്തിലെ മൊത്തം ജനങ്ങളേയും ഈ ദുരന്തം മാനസികമായി ഉലച്ചിട്ടുണ്ട്. ഈ ദുരന്തത്തിൽ എത്രമാത്രം നേരിട്ട് ഇടപെട്ടിട്ടുണ്ടോ അത്രയും കൂടുതലായിരിക്കും മാനസിക ആഘാതം. രണ്ടോ മൂന്നോ ദിവസം വീടിനു മുകളിൽ കുരുങ്ങിക്കിടന്നവരെയൊക്കെ ജീവിതകാലം മുഴുൻ ആ അനുഭവം ദു:സ്വപ്നമായി വേട്ടയാടും.
ദുരന്തങ്ങൾ ഒഴിയുന്ന സമയത്ത് ദുരന്തബാധിതരുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വേണമെന്ന് ഞാൻ ആദ്യ ദിവസം മുതൽ പറഞ്ഞല്ലോ. ഇന്നലെ സ്വന്തം വീട് കാണാൻ പോയ ആൾ ആത്മഹത്യ ചെയ്തത് ഏറ്റവും സങ്കടകരവും ഒഴിവാക്കാമായിരുന്നതും ആയിരുന്നു. ഇങ്ങനെ ഒരു സാഹചര്യം മുന്നിൽ കണ്ടാണ് വെള്ളമിറങ്ങിയതിന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ ഒരിക്കലും ഒറ്റക്ക് പോകരുതെന്ന് ഞാൻ പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ സ്ഥാപനമായ NIMHANS ന്റെ സഹയാത്തോടെ വിപുലമായ ഒരു മാനസികാരോഗ്യ പദ്ധതി കേരളം തുടങ്ങിവെച്ചിട്ടുണ്ട്. വേറേയും അനവധി ഏജൻസികൾ ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്. ഇതൊക്കെ ഫലപ്രദമാകണമെങ്കിൽ ആദ്യം വേണ്ടത്, ഈ ദുരന്തത്തിന് ശേഷം ഇത്തരം മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നമ്മുടെ സമൂഹം മനസ്സിലാക്കുകയാണ്. എന്താണ് അതിൻറെ പ്രാഥമിക ലക്ഷണങ്ങളെന്ന് എല്ലാവരും അറിയണം. അതിന് ശേഷം നമ്മുടെ ചുറ്റുമുള്ളവരെ മാസങ്ങളോളം ശ്രദ്ധിക്കണം. സ്‌കൂളുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും ഈ വിഷയം ചർച്ച ചെയ്യണം. വ്യക്തിപരമായി ‘മാനസിക’രോഗത്തിന് ചികിൽസ തേടാൻ നമ്മുടെ സമൂഹത്തിന് ഇപ്പോഴും മടിയാണ്. അതുകൊണ്ട് ആദ്യം വിദഗ്ദ്ധർ ഗ്രൂപ്പുകളായി ആളുകളെ കാണണം.
കുട്ടികളുടെ കാര്യത്തിൽ പൊതുവെ സമൂഹം ജാഗരൂകരാണ്. സ്ത്രീകൾ വാസ്തവത്തിൽ കൂടുതൽ മനശക്തി ഉള്ളവരും വിഷമങ്ങൾ ഉണ്ടെങ്കിൽ പുറത്തു കാണിക്കുന്നവരുമാണ്. ദുരന്തശേഷം നമ്മുടെ സാഹചര്യത്തിൽ പുരുഷന്മാരുടെ കാര്യവും ശ്രദ്ധിക്കപ്പെടണം. ഇക്കാര്യത്തിൽ പുരുഷന്മാരും സ്വയം ചിന്തിക്കണം. നമുക്ക് പരിചയമില്ലാത്ത അനുഭവങ്ങളുടെ ഇത്തരം സാഹചര്യങ്ങളിൽ നമ്മളും ദുർബലരാണെന്ന് ആദ്യം സ്വയം സമ്മതിക്കണം. ദുരന്തത്തിന്റെ ഓർമ്മകളും വ്യക്തിപരമായ ആശങ്കകളും കുടുംബവുമായി പങ്കുവെക്കണം. കരയാൻ തോന്നിയാൽ കരയണം. മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള പരിപാടികളിൽ പങ്കെടുക്കണം. ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടണം. അങ്ങനെ ചെയ്യണമെന്ന് ചുറ്റുമുള്ളവർ പറഞ്ഞാൽ “എനിക്കതിന്റെ ആവശ്യമില്ല” എന്ന് പറയരുത്.
ആന വരുമ്പോൾ അച്ഛനും അല്പം പേടി ഒക്കെ തോന്നും, അതിൽ നാണിക്കാൻ ഒന്നുമില്ല.
മുരളി തുമ്മാരുകുടി
Leave a Comment