ആളുകളൊക്കെ കളിയാക്കിയും മോശമായും പോസ്റ്റിട്ടിട്ടും എന്തുകൊണ്ടാണ് ചേട്ടൻ പ്രകോപിതൻ ആകാത്തതെന്ന് പലരും ചോദിക്കുന്നു.
മാതൃഭൂമിയിൽ എഴുതിയ കാലത്താണ് ആദ്യമായി ‘പൊതു രംഗത്ത്’ വന്നപ്പോളാണ് ഒരു കാര്യം മനസ്സിലാക്കിയത്. നമ്മെപ്പറ്റി നല്ലതോ ചീത്തയോ പറയുന്നവർ നമ്മൾ എഴുതിയതിൽ നിന്നും നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു ചെറിയ ചിന്ത് വായിച്ചെടുത്തിട്ടാണ് അത് ചെയ്യുന്നത്. ചിലപ്പോൾ ആ വായന ശരിയായിരിക്കാം, ചിലപ്പോൾ തെറ്റായിരിക്കാം. അതിനവരെ കുറ്റപ്പെടുത്താൻ പറ്റില്ല, എഴുതപ്പെട്ട വാക്ക് വായിക്കുന്നവന്റെ അവകാശമാണ്. അവർ അതിനെ എങ്ങനെ മനസ്സിലാക്കണമെന്ന് നമുക്ക് നിർബന്ധിക്കാൻ പറ്റില്ല. നമ്മൾ ചിന്തിച്ചപോലെ അല്ല ആളുകൾ അത് മനസ്സിലാക്കിയതെങ്കിൽ അത് എഴുത്തുകാരൻ എന്ന നിലയിൽ നമ്മുടെ അപൂർണ്ണതയാണ്. ‘customer is always right’ എന്ന പോലെ എഴുത്തിലെ അവസാനത്തെ ശരി വായനക്കാരന്റെ ആണ്, എഴുത്തുകാരന്റെ അല്ല.
നമ്മെ അവർ വായിച്ചത് ശരിയാണെങ്കിലും തെറ്റാണെങ്കിലും നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു ചെറിയ ഭാഗമേ അതാകുന്നുള്ളൂ. അവരുടെ വായനയിൽ നിന്നും മനസ്സിലാക്കിയ നമ്മുടെ വ്യക്തിത്വത്തിന്റെ ഏറെ ചെറിയ ഒരു ഭാഗത്തെ നമ്മുടെ പൂർണ്ണമായ വ്യക്തിത്വമായി പ്രോജക്ട് ചെയ്തിട്ടാണ് ആരാധനയും അസഭ്യവും വരുന്നത്. അത് കൊണ്ടൊക്കെയാണ് നമ്മൾ ചിലപ്പോൾ ബഹുമാനിച്ചിരുന്ന പലരെയും കൂടുതൽ അറിയുമ്പോൾ വെറുക്കുന്നതും വെറുക്കുന്നവരെ കൂടുതൽ അറിയുമ്പോൾ ബഹുമാനിക്കുന്നതും.
ഞാൻ ഇഷ്ടപ്പെടേണ്ടതോ ബഹുമാനിക്കേണ്ടതോ ആയ ഒരാളാണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ല. കാരണം നിങ്ങളെക്കാൾ എന്നെ അറിയുന്ന ഒരാൾ ഉണ്ട്, അയാൾക്ക് എന്റെ കുറ്റവും കുറവുകളും ഒക്കെ അറിയാം. ആ ആൾ ഞാൻ തന്നെയാണ്. ഞാൻ ഓരോന്ന് ചെയ്യുമ്പോഴും എഴുതുമ്പോഴും മറ്റുള്ളവരുമായി ഇടപെടുമ്പോഴും അതിനുള്ള കാരണം ശരിക്കറിയുന്നത് എനിക്ക് മാത്രമേ ഉള്ളൂ. എന്റെ വ്യക്തിത്വത്തിന്റെ ഏതു ഭാഗത്തേക്കാണ് ടോർച്ച് അടിക്കേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നത്. അതിൽ ഞാൻ വിജയിക്കുന്നത് കൊണ്ടാണ് കൂടുതൽ പേർക്ക് ഞാൻ നല്ലതായി കാണപ്പെടുന്നത്. അല്ലാതെ ഞാൻ വാസ്തവത്തിൽ നല്ലതായിട്ടൊന്നും ആയിരിക്കണം എന്നില്ല.
നാം കുളിമുറിയിൽ നിന്നും പുറത്തിറങ്ങുന്നതിനെ പറ്റി ചിന്തിച്ചാൽ ഇത് വേഗം മനസ്സിലാകും. കുളിമുറിയിൽ നാം നഗ്നരാണ്. നമ്മുടെ കുറ്റവും കുറവുകളും ഒക്കെ നമുക്ക് കണ്ണാടിയിൽ നോക്കിയാൽ മനസ്സിലാകും. പക്ഷെ നമ്മുടെ ശരീരത്തിന്റെ ന്യൂനതകളെ ഒക്കെതന്നെ മേക്കപ്പി ലൂടെയും വസ്ത്രധാരണത്തിലൂടെയും നമുക്ക് മറച്ചു വക്കാൻ പറ്റും. തലയിൽ ഡൈ പുരട്ടി വയസ്സും മുഖത്ത് പുട്ടിയിട്ട് കലകളും ഒക്കെ മറച്ച്, കുറവുള്ള ഭാഗങ്ങൾ തള്ളി വച്ചും, കൂടുതലുള്ളത് വലിച്ചു കെട്ടിയും, ബാക്കി ഉള്ള അപൂർണ്ണതകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വർണ്ണ വസ്ത്രങ്ങളിൽ പൊതിഞ്ഞും നമ്മൾ പുറത്തു കാണിക്കുന്ന രൂപത്തെയാണ് മറ്റുള്ളവർ അറിയുന്നതും ആരാധിക്കുന്നതും. അങ്ങനെ ചെയ്യുന്നതിലും ആളുകളെക്കൊണ്ട് ആരാധിപ്പിക്കുന്നതിലും തെറ്റൊന്നുമില്ല. പക്ഷെ അതല്ല നമ്മൾ എന്ന് എപ്പോഴും നാം ഓർക്കണം.
വ്യക്തിത്വത്തിന്റെ കാര്യവും അതുപോലെ ആണ്. നന്മകളും തിന്മകളും കുറ്റവും കുറവും ഉള്ള ഒരു വ്യക്തിത്വം നമുക്കുണ്ട്. അതിൽ ഏതിനെ മറയ്ക്കണം എന്നും ഏതിനെ പ്രോജക്റ്റ് ചെയ്യണമെന്നതും നമ്മുടെ തീരുമാനമാണ്. അതേ സമയം മറ്റുള്ളവരുടെ കണ്ണിൽ കാണുന്ന ആളാണ് യഥാർത്ഥത്തിൽ നമ്മൾ എന്ന് നാം എന്ന് ചിന്തിക്കുന്നുവോ, അല്ല മറ്റുള്ളവർ നമ്മളെ പറ്റി എന്ത് ചിന്തിക്കുന്നുവോ അത് പോലെ ആകാൻ ശ്രമിക്കുന്നുവോ അന്ന് തീരും നമ്മുടെ വ്യക്തിത്വം. അപ്പോൾ നമ്മൾ നമ്മെ കാണാൻ ശ്രമിക്കേണ്ടത് നമ്മുടെ ആത്മാവിന്റെ കണ്ണാടിയിൽ ആണ്, മറ്റുള്ളവരുടെ കണ്ണിലൂടെ അല്ല. എന്റെ കണ്ണാടിയിൽ ഞാൻ കാണുന്ന രൂപവും മറ്റുള്ളവർ കാണുന്നതുമായി വലിയ ബന്ധം ഒന്നുമില്ല.
ഇതിപ്പോൾ എന്റെ മാത്രം കാര്യമല്ല. നമ്മുടെ ചുറ്റും കാണുന്നതെല്ലാം പൊതിഞ്ഞു വെക്കപ്പെട്ട വ്യക്തിത്വങ്ങൾ ആണ്. ഫേസ്ബുക്ക് ലോകത്ത് നാം കാണുന്ന യുദ്ധങ്ങൾ എല്ലാം പുട്ടിയും ഡൈയും ഒക്കെ വച്ച് കുളിമുറിക്ക് പുറത്തിറങ്ങിയവർ തമ്മിലുള്ള ചവിട്ടു നാടകം ആണ്. ഓരോരുത്തരും അവരുടെ യഥാർത്ഥ രൂപം മറച്ചു വക്കാനും നല്ല കാര്യങ്ങൾ പ്രോജക്റ്റ് ചെയ്യാനും പരമാവധി ശ്രമിക്കുന്നു. അൻപത്തി മൂന്ന് വർഷത്തെ ജീവിതവും ഐ ഐ ടിയിൽ നിന്നും ഫിലോസഫിയിൽ ഉള്ള ഡോക്ടറേറ്റും ഇത്രയും ലോക പരിചയവും ഒക്കെ ഉണ്ടായിട്ടും കുളിമുറിക്ക് പുറത്തു കാണുന്നതാണ് മറ്റുള്ളവരുടെ വ്യക്തിത്വം എന്ന് ഞാൻ തെറ്റിദ്ധരിക്കാമോ? അതേ സമയം ഒന്ന് ബ്ലോക്കിയാൽ തീരുന്ന ബന്ധമുള്ള ആളുകളുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കി യഥാർത്ഥ വ്യക്തിത്വം കണ്ടു പിടിക്കേണ്ട കാര്യം വല്ലതും എനിക്കുണ്ടോ?
വന്നു ചേരട്ടെ പോകട്ടെ വളരെ നല്ല ട്രോളുകൾ
അയുതോഭയനായി പോസ്റ്റിങ്ങ് തുടരാനാണ് ജീവിതം
എന്നല്ലേ ഫേസ്ബുക്ക് വാക്യം..
That’s one great mind opener. Now I know what a fool I have been trying to block people and get out of ‘groups’ just because those people don’t agree to my principles..