പൊതു വിഭാഗം

ആണ്ടുക്കിയിൽ പട്ടാളമിറങ്ങിയപ്പോൾ…

വൈകുന്നേരം ആറുമണിക്കാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. ഏതാണ്ട് ഒരു മണിക്കൂർ നീളും.

“എന്നാൽ ഇനി നമുക്ക് നാളെ കാണാം അല്ലേ?” എന്നു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി എഴുന്നേൽക്കുന്നു.

തൊട്ടു പുറകേ ഞാൻ എന്റെ അന്നത്തെ #യാത്രചെയ്തിരുന്നകാലം പോസ്റ്റ് ചെയ്തിട്ട്, പോയി ഒരു ചായ ഉണ്ടാക്കി കുടിക്കുന്നു. പത്തു മിനിറ്റിൽ തിരിച്ചു വരുന്പോൾ ലൈക്ക് എത്രയുണ്ടെന്ന് നോക്കുന്നു.

പത്തു മിനിറ്റിൽ മുന്നൂറു ലൈക്ക് കടന്നാൽ സംഗതി ഹിറ്റായി എന്ന് ഉറപ്പിക്കാം.

പിന്നെ ഓരോ അരമണിക്കൂറിലും പോയി കമന്റുകൾ വായിക്കുന്നു. പറ്റുന്നവർക്കെല്ലാം മറുപടി കൊടുക്കുന്നു, കൂടെ ഒന്നുരണ്ട് ചൊറിയന്മാരെ ബ്ലോക്കുന്നു.

ഇന്ത്യയിൽ സമയം പത്തുമണിയാകുന്പോഴേക്കും ലൈക്ക് രണ്ടായിരം കടന്നിട്ടുണ്ടാകും.

മതി, ആ ദിവസത്തെ കഥ കഴിഞ്ഞു.

അടുത്ത ദിവസം, അടുത്ത കഥ…

“ഈ കഥകളെല്ലാം കൂട്ടി ഒരു പുസ്തകമാക്കണം ചേട്ടാ”

ന്യായമാണ്. ആദ്യകാലങ്ങളിൽ എഴുതുന്നത് പുസ്തകമായി കാണാൻ വലിയ ആഗ്രഹമായിരുന്നു. എന്നാലിപ്പോൾ അതില്ല. കാരണം ഫേസ്ബുക്കിലെ പോലെ കഥയോ ലേഖനമോ എഴുതിക്കഴിഞ്ഞാൽ കിട്ടുന്ന ഫീഡ്ബാക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും കിട്ടുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ, നിങ്ങളോട് സംവദിക്കാനുള്ള അവസരം അത്രയുമാണ് ഈ എഴുത്തിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്.

“യാത്ര ചെയ്ത സ്ഥലത്തെ വിവരങ്ങൾ കൂടുതൽ എഴുതണം കേട്ടോ” മറ്റൊരു നിർദ്ദേശമാണ്.

സത്യത്തിൽ ഞാൻ യാത്രകളെപ്പറ്റി എഴുതുന്ന ഒരാളല്ല, യാത്രകളെ വിദ്യാഭ്യാസമായി കാണുന്ന ആളാണ്. അതുകൊണ്ട് കണ്ട സ്ഥലത്തെ ആകർഷണങ്ങൾ എഴുതുന്നതിലപ്പുറം അതിന്റെ ചരിത്രവും രാഷ്ട്രീയവും ഒക്കെയാണ് എന്റെ വിഷയങ്ങൾ. കൂട്ടത്തിൽ കുറച്ചു പുളുവും കുറച്ചു പൊങ്ങച്ചവും. തൽക്കാലം ഈ നിലയത്തിൽ നിന്നുള്ള പ്രക്ഷേപങ്ങൾ ഇങ്ങനങ്ങ് പോട്ടെ.

ഇന്നത്തെ കഥ തുടങ്ങുന്നത് വെങ്ങോലയിലാണ്. പെരുന്പാവൂരിൽ നിന്നും പുത്തൻകുരിശിലേക്ക് പോകുന്ന വഴിയിൽ വെങ്ങോല കഴിഞ്ഞാൽ അടുത്ത ജംഗ്ഷൻ ആണ് ഓണംകുളം. ജംഗ്ഷനിൽത്തന്നെ ഒരു കുളമുണ്ട്. ആ കുളത്തിന്റെ കരയിൽ നൂറ്റാണ്ട് പഴക്കമുള്ള ഒരു സ്‌കൂൾ ഉണ്ട്. ഓണംകുളം പ്രൈമറി ബോയ്സ് സ്‌കൂൾ.

പേരിൽ ബോയ്സ് സ്‌കൂൾ ആണെങ്കിലും കഴിഞ്ഞ അന്പത് വർഷമായി അവിടെ ആൺകുട്ടികൾക്കും പെൺകുട്ടികളൾക്കും പ്രവേശനമുണ്ട്. എന്റെ മൂത്ത സഹോദരി ഉൾപ്പെടെ വീട്ടിലെ എട്ടുപേരും അവിടെയാണ് ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെ പഠിച്ചത്. അവിടുത്തെ അധ്യാപകർ ഞങ്ങൾക്ക് സ്വന്തം ബന്ധുക്കളെ പോലെയാണ്.

ഓണംകുളം ജംഗ്ഷനിൽ കുളത്തിന് എതിർവശത്ത് ഞാൻ പഠിക്കുന്ന കാലത്ത് വലിയൊരു റബ്ബർ എസ്റ്റേറ്റ് ഉണ്ട്. ‘നെച്ചിപ്പടത്തിന്റെ റബർ തോട്ടം’ എന്നാണ് ഞങ്ങൾ അതിനെ വിളിച്ചിരുന്നത്.

വർഷത്തിൽ ഒരിക്കൽ ആ എസ്റ്റേറ്റിന്റെ മുകളിൽ ഒരു ഹെലികോപ്ടർ വരും, മരുന്നടിക്കാൻ. വലിയ ഒരു കാഴ്ചയാണത്. അത് കാണാൻ ക്ലാസിൽ നിന്നും ഓടി പുറത്തിറങ്ങാൻ അധ്യാപകർ സമ്മതിച്ചിരുന്നു. വെളുത്ത ഒരു ദ്രാവകം റബറിന്റെ ഇലയിൽ വീഴും, കുറച്ചൊക്കെ റോഡിലും.

ബോർഡോ മിശ്രിതമാണ് അടിക്കുന്നതെന്ന് പറഞ്ഞു തന്നത് അമ്മാവനാണ്. തുരിശും ചുണ്ണാന്പും കൂട്ടിയുണ്ടാക്കുന്ന ഒരു കുമിൾ നാശിനിയാണിത്. ഫ്രാൻസിലെ ബോർഡോ പ്രവിശ്യയിൽ മുന്തിരിയെ കുമിളിൽ നിന്നും രക്ഷിക്കാൻ നിർമ്മിച്ചെടുത്ത മിശ്രിതമാണ്. പിൽക്കാലത്ത് ലോക വ്യാപകമായി ഇത് ഉപയോഗിച്ചു. ഇപ്പോൾ ഇതൊക്കെ ഉണ്ടോ എന്തോ? തുരിശ് എന്ന വാക്ക് പുതിയ തലമുറക്ക് അറിയുമോന്നും അറിയില്ല?

പറഞ്ഞു വന്നത് വെങ്ങോലയിൽ ഹെലികോപ്ടർ വന്ന കാഴ്ചയെ പറ്റിയാണ്. ക്ലാസിൽ ഇരിക്കുന്പോൾ തന്നെ കട… കട… കട എന്ന ഒച്ച അടുത്തടുത്ത് വരും. ഒരു മിന്നായം പോലെ ഹെലികോപ്ടർ കാണും.

അന്നതൊരു അതിശയമായിരുന്നു. എന്നെങ്കിലും അതിലൊന്നിൽ കയറണമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. ഒരു ഗ്രാമത്തിലെ കുട്ടിയുടെ സ്വപ്നത്തിനു പോലും അന്ന് പരിമിതികൾ ഉണ്ടായിരുന്നു.

പിന്നീട് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശം സന്ദർശിക്കുന്ന വാർത്തയിലും, സിനിമകളിലും ഹെലികോപ്ടർ കാണാറുണ്ടെങ്കിലും അതിലൊന്നിൽ കയറാൻ പറ്റുമെന്ന് അപ്പോഴും ചിന്തിച്ചിരുന്നില്ല.

1995 ൽ സ്ഥിതി മാറി. ബ്രൂണെയിൽ ജോലിക്കെത്തിയതോടെ ഹെലികോപ്ടർ യാത്ര ഏതാണ്ട് കാറിലെ യാത്ര പോലെയായി. ഷെല്ലിന് സ്വന്തമായി ഏഴ് ഹെലികോപ്ടറുകളും ഒരു വിമാനത്താവളവും ഉണ്ട്. ആണ്ടുക്കി എന്നാണ് ആ വിമാനത്താവളത്തിന്റെ പേര്. എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ പ്രാവശ്യം ഓഫ്‌ഷോറിലെ പ്ലാറ്റ്ഫോമിലേക്ക് ഹെലികോപ്ടർ യാത്ര, മാസത്തിലൊരിക്കൽ എല്ലാ പൈപ് ലൈനും ഇൻസ്പെക്ട് ചെയ്യാൻ രാജ്യത്ത് മൊത്തം യാത്ര, ഓയിൽ സ്പിൽ ഉണ്ടായാൽ അതിന് വേറെ യാത്രകൾ. രാജ്യത്ത് വായുമലിനീകരണം ഉണ്ടായ ദിനങ്ങളിൽ ദിവസവും രാവിലേയും വൈകീട്ടും നിരീക്ഷണ യാത്രകൾ. നിരീക്ഷണ യാത്രയാണെങ്കിൽ പൈലറ്റുമായി സംസാരിക്കാനുള്ള മൈക്കും ഹെഡ്‍ഫോണും ഉൾപ്പെട്ട ഒരു സെറ്റ് അപ്പ് നമുക്ക് തരും (പൈലറ്റുമാർക്ക് ഉള്ളത് പോലെ തന്നെ). നമുക്ക് അവരോട് ഹെലികോപ്ടർ ഇടത്തോട്ടോ വലത്തോട്ടോ കൊണ്ടുപോകാൻ പറയാം, നിന്നിടത്ത് നിർത്താൻ പറയാം, എവിടെയെങ്കിലും ഇറങ്ങണമെങ്കിൽ ആവശ്യപ്പെടാം. എനിക്ക് അതൊരു ഹരമായിരുന്നു. നമ്മൾ ഒരു സംഭവം ആണെന്നൊക്കെ അപ്പോൾ തോന്നും.

ആയിടക്കാണ് ഷെൽ ഹെലികോപ്ടർ അണ്ടർ വാട്ടർ എസ്‌കേപ്പ് ട്രെയിനിങ്ങ് (HUET) എന്നൊരു പരിശീലനം ഹെലികോപ്ടർ യാത്രക്ക് നിർബന്ധമാക്കിയത്. കടലിന് മുകളിലൂടെ ഹെലികോപ്ടർ യാത്ര ചെയ്യുന്പോൾ അത് താഴേക്ക് പതിച്ചാൽ എങ്ങനെയാണ് ഹെലികോപ്ടറിൽ നിന്നും രക്ഷപ്പെടുന്നത് എന്നതാണ് പരിശീലനം. ഈ പരിശീലനത്തിന് വേണ്ടി മാത്രം നിർമ്മിച്ച ഒരു നീന്തൽക്കുളത്തിൽ കൃത്രിമമായ ഡമ്മി ഹെലികോപ്ടറിൽ നമ്മൾ ഇരിക്കുന്നു. ബെൽറ്റ് ഇട്ട് കുറച്ചു സമയത്തിന് ശേഷം ഹെലികോപ്ടർ സിമ്മിങ്‌പൂളിന്റെ മുകളിലേക്ക് മാറ്റുന്നു, താഴേക്ക് കൊണ്ടുവരുന്നു, ഹെലോകോപ്ടറിനുള്ളിൽ വെള്ളം നിറയുന്നു, ഈ സമയത്ത് ഹെലികോപ്ടർ തല കീഴായി മറിയുന്നു. തലകീഴായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ സീറ്റ്ബെൽറ്റ് ഊരി ഹെലികോപ്ടറിന്റെ ജനാലയിലെ ചില്ല് പുറത്തേക്ക് തള്ളിത്തുറന്ന് പുറത്തെത്തി മുകളിലേക്ക് നീന്തി വരണം. ഇതാണ് പരിശീലനം.

തലകീഴായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്പോൾ പോലും വേഗത്തിൽ ജനാലകൾ തുറക്കരുത് എന്നതാണ് നിയമം. കാരണം യഥാർത്ഥ സാഹചര്യത്തിൽ ഹെലികോപ്ടറിന്റെ പങ്കകൾ കറങ്ങുന്നുണ്ടാകാം, അപ്പോൾ വേഗം പുറത്തിറങ്ങിയാൽ തല മുറിഞ്ഞുപോകും. അപ്പോൾ തല കീഴായി കിടക്കുന്പോളും വെള്ളം മൂക്കിന് മുകളിൽ എത്തുന്പോഴും ആയിരത്തി ഒന്ന്, ആയിരത്തി രണ്ട് എന്നിങ്ങനെ ആയിരത്തി ഏഴുവരെ എണ്ണണം. സ്വിമ്മിങ്ങ് പൂളിലെ ഡമ്മി ഹെലികോപ്ടറിൽ തലകീഴായി കിടന്ന് ഏഴു സെക്കൻഡ് എണ്ണിത്തീർക്കുന്നത് ഒരായുഷ്‌ക്കാലം പോലെ തോന്നും. കാര്യം നമ്മൾ സുരക്ഷിതരാണ്. ഒറ്റ സെക്കൻഡിൽ ഡമ്മി ഹെലികോപ്ടർ സ്വിമ്മിങ് പൂളിൽ നിന്നും ഉയർത്തി നമ്മളെ രക്ഷിക്കാൻ ആളുണ്ട്. രണ്ടു ഡൈവർമാർ എപ്പോഴും പൂളിലുമുണ്ട്. എന്നിട്ടും പരിശീലനം കഴിഞ്ഞതോടെ എന്റെ ഹെലികോപ്ടറിൽ കയറാനുള്ള ആഗ്രഹം തീർന്നു. ഹെലികോപ്ടറിൽ കയറിയിട്ടില്ലാത്തവരോട് എനിക്ക് ഇത്രയേ പറയാനുള്ളൂ. പറ്റിയാൽ ഒരിക്കൽ കയറണം, സാധിക്കുമെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ആണ്ടുക്കി വിമാനത്താവളത്തിലേക്ക് പിന്നെ ഞാൻ അധികം പോയില്ല. ഓഫ്‌ഷോറിൽ പോകണമെങ്കിൽ കപ്പലിൽ പോകും, പൈപ്പ് ലൈൻ കാണണമെങ്കിൽ കരമാർഗ്ഗവും. ഭാഗ്യത്തിന് പിന്നെ ഓയിൽ സ്പില്ലോ കാട്ടുതീയോ ഉണ്ടായതുമില്ല.

ബ്രൂണൈയിൽ നിന്നും ഒമാനിലെത്തി എപ്പോഴോ ചരിത്രം വായിക്കുന്പോഴാണ് ഞാൻ ആണ്ടുക്കി വിമാനത്താവളത്തെപ്പറ്റി വീണ്ടും കേൾക്കുന്നത്. ഇപ്പോൾ ഷെല്ലിന്റെ ഹെലികോപ്ടർ ബേസ് ആണെങ്കിലും ആധുനിക ബ്രൂണൈയുടെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു സംഭവം നടന്നത് ഇവിടെയാണ്.

1962 ൽ ബ്രൂണൈയിൽ ഒരു വിപ്ലവം നടന്നു (ബ്രൂണൈ റിവോൾട്ട്). ബ്രിട്ടീഷ് അധീനതയിലും സ്വാധീനത്തിലും ഒക്കെയുണ്ടായിരുന്ന ബ്രൂണയും മലയയും, സാബ സാരവാക്ക് എന്നീ പ്രദേശങ്ങളും, സിംഗപ്പൂരും ചേർന്ന് ഒരു കോൺഫെഡറേഷൻ ഉണ്ടാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ബ്രൂണൈയിലെ സുൽത്താൻ അതിന് അംഗീകാരവും നൽകി. എന്നാൽ അന്ന് ബ്രൂണൈയിൽ ശക്തി പ്രാപിച്ചു വന്ന ബ്രൂണൈ പീപ്പിൾസ് പാർട്ടിക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ബ്രൂണയും സാബയും സാരവാക്കും ചേർന്ന് ഒറ്റ യൂണിറ്റ് ആയിട്ട് വേണം ഈ കോൺഫെഡറേഷനിൽ എത്താൻ എന്നായിരുന്നു അവരുടെ അഭിപ്രായം. അല്ലെങ്കിൽ കൂടുതൽ സാന്പത്തിക ശേഷിയുള്ള സിംഗപ്പൂരും മലയായും ബ്രൂണൈയേ നിസ്സാരമാക്കിക്കളയുമെന്നും ബ്രൂണൈക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കപെടുകയില്ലെന്നും അവർ കരുതി.

അവരുടെ വാദങ്ങൾക്ക് രാഷ്ട്രീയമായ പിന്തുണ ലഭിക്കാതിരുന്നതിനാൽ ബ്രൂണൈ പീപ്പിൾസ് പാർട്ടിയുടെ മിലിട്ടറി വിഭാഗമായ നോർത്ത് കലിമന്താൻ നാഷണൽ ആർമി ഡിസംബർ ആറാം തിയതി ബ്രൂണൈയുടെ തലസ്ഥാനമായ ബ്രൂണൈ നഗരത്തിലും (ഇപ്പോൾ ബന്ദർ സെരി ബെഗവാൻ) എണ്ണ ഉല്പാദന കേന്ദ്രമായ സിറിയയിലും അവർ ഒരേ സമയം ആക്രമണം അഴിച്ചു വിട്ടു. സുൽത്താന്റെ കൊട്ടാരം, പ്രധാനമന്ത്രിയുടെ വീട്, പോലീസ് സ്റ്റേഷനുകൾ ഇവയൊക്കെയായിരുന്നു അവരുടെ ആദ്യ ലക്ഷ്യം. സുൽത്താനെ ബ്രൂണെയിൽ ഉണ്ടായിരുന്ന ഗുർഖകൾ രക്ഷിച്ചു സുരക്ഷിതമാക്കി, പക്ഷെ എണ്ണപ്പാടങ്ങളും സിറിയയിലെ പോലീസ് സ്റ്റേഷനുമെല്ലാം വിമതരുടെ കയ്യിലായി.

ഇവിടെയാണ് ആണ്ടുക്കി വിമാനത്താവളത്തിന്റെ ചരിത്രപരമായ പ്രസക്തി. എണ്ണപ്പാടങ്ങളും പോലീസ് സ്റ്റേഷനും വിമതരുടെ കയ്യിലെത്തിയെങ്കിലും ആണ്ടുക്കിയിലെ എയർ ട്രാഫിക്ക് കൺട്രോൾ ടവർ മാത്രമേ അവർ പിടിച്ചെടുത്തുള്ളൂ. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിരുന്ന ചിലർ അക്കാലത്ത് ഷെല്ലിന്റെ കോൺട്രാക്ടർമാരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. സാധാരണ ഹെലികോപ്ടറുകൾക്ക് മാത്രം ഇറങ്ങാനുള്ള സൗകര്യമേ ഉള്ളുവെങ്കിലും ചെറിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യം അവിടുത്തെ റൺവേക്ക് ഉണ്ടെന്ന് അവർ സിംഗപ്പൂരിലുള്ള ബ്രിട്ടീഷ് സൈന്യത്തെ അറിയിച്ചു. എയർ ട്രാഫിക്കിന്റെ സഹായം ഇല്ലാതെ ബ്രിട്ടീഷ് വിമാനം ആണ്ടുക്കിയിലറങ്ങി.

പിന്നെല്ലാം പെട്ടെന്നായിരുന്നു. ടെലികോം ടവറും പോലീസ് സ്റ്റേഷനുമെല്ലാം ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തു. വിമതർ തടവുകാരായി പിടിച്ചെടുത്തിരുന്ന ഷെൽ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ചെറിയ ചെറിയ ഏറ്റുമുട്ടലുകളിൽ കുറച്ചു സൈനികരും കുറെ വിമതരും മരിച്ചു. ധാരാളം വിമത നേതാക്കൾ പിടിക്കപ്പെട്ടു, മറ്റുള്ളവർ അതിർത്തി കടന്നു.

ഈ കഥയൊന്നും ഞാൻ ബ്രൂണൈയിലുള്ള കാലത്ത് കേട്ടിട്ടില്ല. വാസ്തവത്തിൽ ഏറെ ചരിത്രമുള്ള സ്ഥലമാണ് ബ്രൂണൈ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനും ബ്രൂണെ പിടിച്ചടക്കിയിരുന്നു. പക്ഷെ ഇത്തരം ചരിത്രമൊന്നും ബ്രൂണൈയിൽ ഇപ്പോൾ എത്തുന്നവർ അറിയുന്നില്ല. യുദ്ധവും ലഹളയും ഒന്നുമില്ലാത്ത ‘സമാധാനത്തിന്റെ ഇരിപ്പിടം’ (ദാറുസ്സലാം) എന്നാണ് ബ്രൂണൈയുടെ ഇരട്ടപ്പേര്.

ഈ ബ്രൂണൈ വിപ്ലവത്തിൽ ഒരു ചെറിയ മലയാളി ബന്ധം ഉണ്ടെന്നതാണ് ഏറ്റവും രസകരമായ കാര്യം. രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ് തന്നെ ആയിരക്കണക്കിന് മലയാളികൾ അന്ന് ബ്രിട്ടന്റെ കോളനിയായിരുന്ന മലയായിലും സിംഗപ്പൂരും എത്തി. ബ്രൂണൈയിൽ 1929 മുതൽ എണ്ണപ്പാടങ്ങൾ ഉണ്ട് (ഗൾഫിൽ 1970 കളിലാണ് എണ്ണയുടെ വിപ്ലവം ഉണ്ടാകുന്നത്). അതുകൊണ്ട് കുറെ മലയാളികൾ ബ്രൂണൈയിലും എത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദക്ഷിണ പൂർവ്വ ഏഷ്യയിൽ കമ്മ്യൂണിസം പുഷ്ടിപ്പെട്ട് സ്വതവേ ഇടത്തോട്ട് ചായുന്ന മനസ്സുള്ള മലയാളികൾ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി. സിംഗപ്പൂരിലും മലേഷ്യയിലും അവർ നേതൃത്വത്തിൽ വരെയെത്തി. ബ്രൂണെയിൽ വിപ്ലവം നടക്കുന്പോൾ ഷെല്ലിൽ ധാരാളം മലയാളികളുണ്ട്, അവിടെ ട്രേഡ് യൂണിയൻ ഉണ്ട്, മലയാളി ഭാരവാഹികളുമുണ്ട്. വിപ്ലവത്തിന്റെ കാലത്ത് എണ്ണപ്പാടം കീഴടക്കുകയും ഷെല്ലിലെ പാശ്ചാത്യരെയെല്ലാം ബന്ദികളാക്കുകയും ചെയ്തിട്ടും വിമതർ മലയാളികളെ വെറുതെ വിട്ടു. ഇത് മലയാളികൾ വിപ്ലവകാരികളോട് രാഷ്ട്രീയമായി അനുഭാവം ഉളളവരായതു കൊണ്ടാണ്, ഒരു പക്ഷെ അവർ വിപ്ലവകാരികളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചു എന്നോ വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നോ ഒക്കെ അവിടുത്തെ സർക്കാരിന് തോന്നിക്കാണണം. എന്താണെങ്കിലും കേരളത്തിൽ നിന്നും പാസ്സ്പോർട്ടുള്ള ഒരാൾക്കും ഏറെക്കാലത്തേക്ക് ബ്രൂണൈയിലേക്ക് വിസ കിട്ടാറില്ല. 1995 ൽ ഞാൻ ഷെല്ലിൽ എത്തുന്പോൾ ഷെല്ലിൽ ഉദ്യോഗസ്ഥനായി ഒരു മലയാളി മാത്രമേ ഉള്ളൂ, അയാളുടെ അച്ഛനും ഷെല്ലിലെ ഉദ്യോഗസ്ഥനായിരുന്നു. ബ്രൂണെയിൽ അന്ന് നൂറിൽ താഴെ മലയാളികളാണുള്ളത്, അവരൊക്കെ മദ്രാസിൽ നിന്നും ബോംബെയിൽ നിന്നുമൊക്കെ പാസ്സ്‌പോർട്ട് സംഘടിപ്പിച്ചവരും ആയിരുന്നു. ബ്രൂണൈയിൽ വിപ്ലവത്തിന് ശേഷം കേരളത്തിൽ നിന്നുള്ള പാസ്സ്പോർട്ടുമായി ആദ്യമെത്തിയത് ഞാനാണെന്ന് അവിടുത്തെ പഴമക്കാർ പറഞ്ഞിട്ടുണ്ട്. മുൻപ് പറഞ്ഞത് പോലെ ഷെല്ലിന് ബ്രൂണൈയുടെ ചരിത്രത്തിൽ വലിയൊരു സ്ഥാനമുണ്ട്, അപ്പോൾ ഷെൽ റിക്രൂട്ട് ചെയ്തത് കൊണ്ടാകാം വിസ നിഷേധിക്കപ്പെടാതിരുന്നത്. ഞാൻ പ്രത്യേകിച്ച് ആർജ്ജിച്ച സ്ഥാനം ഒന്നുമല്ലാത്തതിനാൽ അത് സത്യമാണോ എന്നന്വേഷിക്കാൻ ഞാൻ പോയിട്ടില്ല.

ബ്രൂണൈ ഇപ്പോൾ ഒരു സുൽത്താനേറ്റ് ആണ്. രാഷ്ട്രീയപ്പാർട്ടികൾക്കോ ട്രേഡ് യൂണിയനോ ഒന്നും അവിടെ സ്ഥാനമില്ല. വിപ്ലവത്തിന്റെ നേതാക്കൾ ഒക്കെ പതിറ്റാണ്ടുകളോളം ജയിലിൽ കിടന്നു. സമാധാനം എന്നാണ് രാജ്യത്തിൻറെ ഇരട്ടപ്പേര് തന്നെ. ഈ വിപ്ലവത്തിന്റെ ഒരു ലക്ഷണം പോലും ആണ്ടുക്കിയിലോ മറ്റിടങ്ങളിലോ കാണാനുമില്ല.

Leave a Comment