പൊതു വിഭാഗം

ആണുങ്ങളുടെ സഭ…

രാജ്യസഭ സീറ്റിനെപ്പറ്റി വിവാദങ്ങളുണ്ടെങ്കിലും ഇപ്പോഴത്തെ രാജ്യസഭയിലെ മലയാളി പ്രാതിനിധ്യത്തിൽ ഒരു സ്ത്രീ പോലുമില്ല എന്ന സത്യം ആർക്കും അത്ര വലിയൊരു പ്രശ്നമായി തോന്നിയില്ല. ‘കഷ്ടം..!’ എന്നല്ലാതെ എന്ത് പറയാൻ..!
 
രാജ്യസഭ സീറ്റ് പാർട്ടികളുടെ ആഭ്യന്തര വിഷയമാണെങ്കിലും, സീറ്റ് നിർണ്ണയത്തിൽ സ്ത്രീകൾക്ക് പരിഗണനയേ കിട്ടുന്നില്ല എന്നത് പൊതു സമൂഹം ചിന്തിക്കേണ്ട കാര്യമാണ്. ഇത് ഒരു കോൺഗ്രസ്സ് പ്രശ്നമോ രാജ്യസഭ പ്രശ്നമോ മാത്രമല്ല. ഞാൻ പലപ്പോഴും പറയാറുള്ളതു പോലെ അൻപത് ശതമാനത്തിലും മുകളിൽ സ്ത്രീകൾ അംഗങ്ങളായുള്ള പാർലിമെന്റുകൾ ലോകത്ത് അനവധി ഉണ്ട്, എന്നാൽ ഇന്ത്യയിൽ ഇത് ഇപ്പോഴും പന്ത്രണ്ട് ശതമാനം മാത്രമാണ്. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാനിലും (21 %) അഫ്ഘാനിസ്ഥാനിലും (28 %) ബംഗ്ലാദേശിലും (20 %) പാർലിമെന്റിൽ ഇന്ത്യയിലേക്കാൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുണ്ടെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
 
ലോകസഭയിൽ കേരളത്തിൽ നിന്നുള്ള എം പി മാരിൽ സ്ത്രീ സാന്നിധ്യം ലോകസഭയിൽ 5 ശതമാനവും രാജ്യസഭയിൽ പൂജ്യം ശതമാനവുമാണ് എന്നതാണ് നമ്മെ കൂടുതൽ നാണിപ്പിക്കേണ്ടത്.
 
ലോകസഭയിലേക്ക് മത്സരിക്കാൻ പോന്ന കഴിവുള്ള സ്ത്രീകൾ കേരളത്തിൽ ഇല്ലത്തതോ, രാജ്യസഭയിലേക്ക് അയക്കാൻ പോന്ന ബഹുമതിയുള്ളവർ ഇല്ലാത്തതോ അല്ല ഇതിന് കാരണം. ഇടതായാലും വലതായാലും അധികാരം ഇപ്പോൾ കൈയാളുന്നതും സ്ഥാനമാനങ്ങൾ പങ്കുവക്കുന്നതും ആണുങ്ങളാണ്. അതും കഴിഞ്ഞ നൂറ്റാണ്ടിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി, ആ കാലത്തെ സാമൂഹ്യ ചിന്താഗതികളിൽ കുരുങ്ങിക്കിടക്കുന്നവർ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നമുക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്.
 
സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കുന്നത് ഔദാര്യമല്ല. സ്ത്രീകളിൽ നിന്നും നേതാക്കൾ അധികാരസ്ഥാനങ്ങളിൽ എത്തിയാൽ അതിൻറെ ഗുണം സ്ത്രീകൾക്ക് മാത്രവുമല്ല. നേതൃത്വ ഗുണം എന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഉള്ളതാണ്. നമ്മുടെ നേതൃ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത് അൻപത് ശതമാനം ജനസംഖ്യയിൽ നിന്ന് മാത്രമാകുമ്പോൾ ഏറ്റവും നല്ല നേതൃത്വം ലഭിക്കാനുള്ള നമ്മുടെ അവസരം നഷ്ടപ്പെടുകയാണ്. എത്രയോ വർഷം മുൻപ് ഒരു സ്ത്രീ പ്രധാനമന്ത്രിയായ നാടാണ് നമ്മുടേത്, ഇപ്പോഴും വിദേശകാര്യവും പ്രതിരോധവും സ്ത്രീകളായ മന്ത്രിമാർ ഏറെ മേന്മയോടെ ഭരിക്കുന്ന രാജ്യവും. അതിൽ ഏറ്റവും ‘പ്രബുദ്ധം’ എന്ന് നമ്മൾ അഭിമാനിക്കുന്ന സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് ഒരു സ്ത്രീയെപ്പോലും അയക്കാൻ ഒരു പാർട്ടിക്കും തോന്നുന്നില്ല എന്നത് നമ്മുടെ പിന്തിരിപ്പൻ ചിന്താഗതിയെ അല്ലേ സൂചിപ്പിക്കുന്നത് ?
 
ഇക്കാര്യത്തിൽ നമ്മുടെ പൊതു സമൂഹം, പ്രത്യേകിച്ചും സ്ത്രീകൾ, പൊതുരംഗത്തുള്ള സ്ത്രീകൾക്ക് എപ്പോഴും പിന്തുണ നൽകണം. ഇത്തരം വേർതിരിവുകൾ ആരും ശ്രദ്ധിക്കാതേയും പ്രതികരിക്കാതെയും വരുമ്പോൾ രണ്ടായിരത്തി പത്തൊമ്പതിലെ ലോകസഭയിലും ഇരുപത്തി ഒന്നിലെ നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം പേരിന് മാത്രമായി നിലനിൽക്കും. അതാണോ നമുക്ക് വേണ്ടത് ?
 
#ആണുങ്ങളുടെ മാത്രം സഭ എന്നൊരു ഹാഷ്ടാഗ് കാംപൈൻ എങ്കിലും നമ്മൾ നടത്തേണ്ടേ ?. ചുരുങ്ങിയത് ഈ പോസ്റ്റ് ഷെയർ ചെയ്യുകയും നിങ്ങൾക്ക് അറിയാവുന്ന രാഷ്ട്രീയ നേതൃത്വത്തെ ടാഗ് ചെയ്യുകയും ചെയ്യണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment