ഇന്നലത്തെ ലുക്ക് ഔട്ടിനെ പറ്റിയുള്ള ലേഖനം ഫ്ലോപ്പായി പോയി.
വാസ്തവത്തിൽ കേരളത്തിലെ ദൈനംദിന വിഷയങ്ങൾക്കും രാഷ്ട്രീയങ്ങൾക്കും മുകളിൽ നിന്ന് ദൂരേക്ക് നോക്കുന്നവർക്ക് നമ്മുടെ നേരെ വരുന്ന വെല്ലുവിളികളെ കാണാൻ പറ്റുമെന്നും അവർ പറയുന്പോൾ അത് താഴെയുള്ളവർ ശ്രദ്ധിക്കണമെന്നുമാണ് കവി ഉദ്ദേശിച്ചത്. പക്ഷെ പല കാരണങ്ങളാൽ അത് പറഞ്ഞില്ല. ഫലമോ, ഒരു കോമിക് ബുക്ക് പരിചയപ്പെടുത്തിയ പോസ്റ്റായി അത് തീർന്നു.
ഇനിയുള്ള ദിവസങ്ങളിൽ വായനക്കാർ ഞാൻ എഴുതുന്നത് മാത്രമല്ല എഴുതാതെ വിടുന്നതും അല്പം ശ്രദ്ധിക്കണം. കാരണം ലുക്ക് ഔട്ടിൽ ഇരിക്കുന്ന ഞാൻ ആരോഗ്യ രംഗത്ത് മാത്രമല്ല സാന്പത്തിക രംഗത്തും മറ്റു രംഗങ്ങളിലും പല സുനാമികളും നമ്മുടെ നേരെ വരുന്നത് കാണുന്നുണ്ട്. പക്ഷെ കാണുന്നതെല്ലാം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം എപ്പോഴും എനിക്കില്ല.
മാർച്ച് ഇരുപത്തിനാണ് ‘വരുന്ന പതിനാല് ദിവസങ്ങൾ’ എന്നൊരു പോസ്റ്റ് ഞാൻ ഇട്ടത്. സൗകര്യം കിട്ടുന്പോൾ അതൊന്നു കൂടി വായിച്ചു നോക്കണം. ആറുകാര്യങ്ങളാണ് പറഞ്ഞത്. ഇന്നിപ്പോൾ പത്തു ദിവസം കഴിഞ്ഞപ്പോൾ അതെല്ലാം തന്നെ സംഭവിച്ചു കഴിഞ്ഞു. ഇന്ത്യയിലെ കേസുകൾ ആയിരം കവിയുമെന്നും ആഭ്യന്തരമായ യാത്രക്ക് നിയന്ത്രണങ്ങൾ വരുമെന്നും അന്ന് ഞാൻ പറഞ്ഞിരുന്നു. “എന്നാൽ ഞങ്ങൾ എന്ത് ചെയ്യണം എന്നുകൂടി പറയൂ” എന്ന് പറഞ്ഞവർ ഉണ്ട്. പക്ഷെ ഇത്തരം സാഹചര്യത്തിൽ ഞാൻ വ്യക്തിപരമായ നിലയിൽ നിർദ്ദേശങ്ങൾ ഇട്ടാൽ അതിന് പല തലത്തിലുള്ള പ്രത്യാഘാതങ്ങളുണ്ട്. അപ്പോൾ വിട്ടുപോയ ഭാഗം കുറച്ചൊക്കെ നിങ്ങൾ പൂരിപ്പിച്ചേ പറ്റൂ.
കേരളത്തിൽ എന്തെങ്കിലും ദുരന്ത സാഹചര്യങ്ങൾ ഉണ്ടാകുന്ന സമയത്ത് ഔദ്യോഗികമായ മറ്റ് ഉത്തരവാദിത്തങ്ങൾ ഉണ്ടെങ്കിലും ബാക്കിയുള്ള സമയം ഞാൻ കേരളത്തിലുള്ളവർക്ക് എന്തൊക്കെ തരത്തിൽ ആശയങ്ങളും നിർദ്ദേശങ്ങളും നൽകാം എന്നാണ് ചിന്തിക്കാറുള്ളത്. അറിവിനും കഴിവിനും അനുസരിച്ച് അത് ചെയ്യാറുമുണ്ട്. വാട്ട്സാപ്പിലൂടെയും മാധ്യമങ്ങളിലൂടെയും എന്റെ പോസ്റ്റുകൾ ധാരാളമാളുകളിലേക്ക് എത്താറുണ്ട്. ഈ സമയത്ത് പണ്ട് ഞാൻ ബ്ലോക്കിയവരെ പോലും പുറത്തു പറഞ്ഞുവിടാറുമുണ്ട്. പക്ഷെ ഇങ്ങനെ ചെയ്യുന്നതിന് നമുക്ക് നല്ല മൂഡ് ഉണ്ടായാലേ പറ്റൂ. അതുകൊണ്ടു തന്നെ ഈ സമയത്ത് പോസ്റ്റിന് താഴെ വന്ന് എന്തെങ്കിലും ചൊറി വർത്തമാനം പറഞ്ഞാൽ അപ്പോഴേ ബ്ലോക്കും. സാധാരണ ഗതിയിലുള്ള എന്റെ ചൊറി ത്രെഷോൾഡിലും താഴെയാണ് ദുരന്തകാലത്ത് എന്റെ ടോളറൻസ്. ഓരോ ദുരന്തവും കഴിയുന്പോൾ കൊറോണക്കാലത്തെ ആശുപത്രികൾ പോലെയാണ് എന്റെ ബ്ലോക്കോഫീസ്. അവിടെ കിടക്കാൻ ബെഡ് പോയിട്ട് നിലത്ത് പായ പോലും കിട്ടാത്തത്ര തിരക്കായിരിക്കും !
ഓരോ ദുരന്തകാലത്തും ദുരന്തം കൈകാര്യം ചെയ്യാൻ അനവധി ആശയങ്ങളുമായി ആളുകൾ എന്നെ സമീപിക്കാറുണ്ട്. ചിലപ്പോൾ ആ രംഗവുമായി ഒരു ബന്ധവുമില്ലാത്തവർ ആയിരിക്കും. ഓരോ ആശയങ്ങളും ആത്മാർത്ഥമാണെന്ന് എനിക്കറിയാം, നിങ്ങൾക്ക് വിലപ്പെട്ടതുമാണ്. പക്ഷെ ഇതോരോന്നും വിലയിരുത്താനുള്ള കഴിവും സമയവും എനിക്കുണ്ടാവില്ല എന്ന് ചിന്തിച്ചാൽ മനസിലാക്കാമല്ലോ. അതുകൊണ്ട് ഇത്തരം ആശയങ്ങൾ ഉള്ളവർ സർക്കാർ സംവിധാനങ്ങളെ നേരിട്ട് അറിയിക്കുന്നതാണ് ശരിയായ നടപടി.
അവസാനത്തെ കാര്യം ഫോൺ വിളികളെപ്പറ്റിയാണ്. സാധാരണഗതിയിൽ ഫോണിലോ വാട്ട്സാപ്പിലോ മെസ്സഞ്ചറിലോ സ്കൈപ്പിലോ എന്നെ എപ്പോൾ വിളിച്ചാലും ഞാൻ ഫോൺ എടുക്കാറുണ്ട്. പക്ഷെ ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ ഫോൺ എടുക്കുന്നത് പരമാവധി കുറച്ചിരിക്കുകയാണ്. പകരമായി നിങ്ങൾക്ക് മെസ്സേജുകൾ ഏത് മാധ്യമം വഴിയും അയക്കാം. അവ പ്രധാനമായി തോന്നിയാൽ തീർച്ചയായും മറുപടി നൽകും. മാനസികമായി സപ്പോർട്ട് നൽകേണ്ട കേസാണെങ്കിൽ തിരിച്ചു വിളിക്കുകയും ചെയ്യും.
അപ്പോൾ എല്ലാം പറഞ്ഞത് പോലെ
മുരളി തുമ്മാരുകുടി
Leave a Comment