പൊതു വിഭാഗം

അരക്ഷിതമായ ഒരു ദിവസം…

അതിരാവിലെ നാലുമണി തൊട്ട് യാത്രയായിരുന്നു. ഇപ്പോൾ ജറുസലേമിൽ എത്തിയതേ ഉള്ളൂ. പത്രം തുറന്നു കാണുന്നത് മുഴുവൻ സുരക്ഷയും ആയി ബന്ധപ്പെട്ട വാർത്തകൾ തന്നെയാണ്.

വാഗമണ്ണിലെ റോപ്പ് വേ തകർന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്നത്. കുട്ടികളും കന്യാസ്ത്രീകളും ഉൾപ്പടെ പത്തിലേറെ പേർക്ക് അപകടം പറ്റിയിട്ടുണ്ട് എന്നാണ് വായിച്ചത്. പലരുടെയും പരിക്ക് ഗുരുതരമാണത്രെ. അറിഞ്ഞിടത്തോളം ഒരാഴ്ചയേ ആയുള്ളൂ ഈ റൈഡ് തുടങ്ങിയിട്ട്. ഓവർലോഡിങ്ങ് ആണ് കാരണമെന്നും പറയുന്നു.

കാരണം എന്ത് തന്നെ ആയാലും പരിക്കേറ്റവർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. കേരളത്തിലെ (ഇന്ത്യയിൽ പൊതുവെ) ഇത്തരം റൈഡുകളിൽ എല്ലാം തന്നെ അപകട സാധ്യത ഉണ്ട്. ശരിയായ നിർമ്മാണ സ്റ്റാൻഡേർഡുകൾ പാലിക്കാത്തത്, ഇതിന്റെ നിർമ്മാണത്തിന്റെ മേൽനോട്ടത്തിനും സർട്ടിഫിക്കേഷനും ഒന്നും വേണ്ടത്ര അറിവുള്ള ആളുകൾ ഇലാത്തത്, സർട്ടിഫിക്കേഷൻ കിട്ടിക്കഴിഞ്ഞാൽ പിന്നെ പരമാവധി പണം ഉണ്ടാക്കണം എന്ന തരത്തിൽ ഓപ്പറേറ്റ് ചെയ്യുന്നത്, വേണ്ട സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തത്, റൈഡിൽ കേറുന്ന ആളുകൾ വേണ്ടത്ര അച്ചടക്കം പാലിക്കാത്തത് എന്നിങ്ങനെ കാരണങ്ങൾ പലത് ഉണ്ടാകാം. ഇതൊന്നും ഒറ്റയടിക്ക് മാറ്റാൻ പറ്റുന്നതല്ല, മാറാൻ പോകുന്നുമില്ല. അതേ സമയം എന്തെങ്കിലും അപകടം ഉണ്ടായിക്കഴിഞ്ഞാൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സയോ അപകടത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരമോ നല്കാൻ വേണ്ടത്ര സംവിധാനങ്ങൾ മിക്കയിടത്തും ഇല്ല.

എൻ്റെ വായനക്കാരോട് ഒരു കാര്യം മാത്രം പറയാം. കേരളത്തിൽ അഡ്വെഞ്ചർ ടൂറിസമോ ആക്ടിവിറ്റിയോ നടത്തുന്നതിന് മുൻപ് നിങ്ങൾക്ക് ആരോഗ്യ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കാരണം വള്ളി പൊട്ടി താഴെ എത്തിയാൽ മിക്കവാറും തനിക്ക് താനേ കാണൂ..

രണ്ടാമത്തെ വാർത്ത ബാംഗളൂരിൽ നിന്നാണ്. എയ്റോ ഷോയുടെ അടുത്ത് പാർക്ക് ചെയ്തിരുന്ന നൂറോളം കാറുകൾ കത്തി നശിച്ചു എന്നതാണ്. കാരണം എന്താണെന്ന് അറിയില്ല. നിങ്ങളുടെ കാറുകൾ അവിടെ ഉണ്ടായിരുന്നു, നിങ്ങൾ അവിടെ ഇല്ലായിരുന്നു എങ്കിൽ പിന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പക്ഷെ ഒരു കാര്യം മാത്രം പറയാം. സുരക്ഷയെ കൂടുതൽ കാര്യമായി എടുക്കുന്ന സ്ഥലങ്ങളിൽ ഒക്കെ “റിവേഴ്‌സ് പാർക്കിങ്ങ്” നിർബന്ധമാക്കുന്നത് ഇത്തരം ഒരു സാഹചര്യം മുന്നിൽ കണ്ടിട്ടാണ്. സാധാരണ പാർക്കിങ്ങിൽ നമ്മൾ കാർ മുന്നോട്ട് കയറ്റിയാണല്ലോ പാർക്ക് ചെയ്യുന്നത്. തിരിച്ചിറങ്ങാൻ ആദ്യം ചെയ്യുന്നത് റിവേഴ്‌സ് ആയി എടുക്കുകയാണ്. അപ്പോൾ ഒരു അപകട സമയത്ത് കുറച്ചു കൂടുതൽ ആളുകൾ ഒരുമിച്ച് കാർ പുറത്തേക്ക് എടുക്കാൻ നോക്കിയാൽ എല്ലാവരും റിവേഴ്‌സ് എടുക്കും കൂട്ടിയിടിക്കും ആർക്കും രക്ഷപെടാൻ പറ്റില്ല. ചുരുങ്ങിയത് നമ്മുടെ ഫ്ലാറ്റുകളിൽ എങ്കിലും ഈ സംവിധാനം ഒന്ന് നിർബന്ധം ആക്കണം.

മൂന്നാമത്തേത് അഗ്നിസുരക്ഷയെ പറ്റി “ഇപ്പൊ ശരിയാക്കാൻ” പോകുന്ന വാർത്തകൾ ആണ്. എറണാകുളത്ത് അഗ്നിബാധ ഉണ്ടായ സാഹചര്യത്തിൽ ഉയർന്ന കെട്ടിടങ്ങളിൽ നിന്നും “ഒഴിപ്പിക്കൽ പ്ലാൻ” മാർച്ച് അഞ്ചിന് മുൻപ് ഉണ്ടാക്കണം എന്നും വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ മാർച്ച് പതിനഞ്ചിന് മുൻപ് കർശന നടപടി സ്വീകരിക്കണം എന്നുമൊക്കെയാണ് തീരുമാനം. തട്ടേക്കാടിൽ ബോട്ടപകടം ഉണ്ടായപ്പോൾ ബോട്ടുകൾക്കെതിരെയും പുറ്റിങ്ങലിൽ വെടിക്കെട്ടപകടം ഉണ്ടായപ്പോൾ കരിമരുന്നു പ്രയോഗക്കാർക്കെതിരെയും ഒക്കെ ഇത്തരത്തിൽ “ഉടനടി” “കർശന” നടപടികൾ ഉണ്ടായി. ഒരു മാസം കഴിഞ്ഞപ്പോൾ അത് തീർന്നു.

കേരളത്തിലെ ഉയർന്ന കെട്ടിടങ്ങളിലെ അപകട സാധ്യതയെ പറ്റി ഞാൻ പറഞ്ഞു തുടങ്ങിയിട്ട് അഞ്ചു വർഷം എങ്കിലും ആയി. സുരക്ഷ ഉണ്ടാക്കാനുള്ള സംവിധാനം ഒന്നും ഒരു മാസം കൊണ്ടൊന്നും ഉണ്ടാക്കാൻ പറ്റുന്ന കാര്യമല്ല. കേരളത്തിലെ ടൌൺ പ്ലാനിംഗിൽ മാറ്റം ഉണ്ടാകുന്നത് വരെ അടിസ്ഥാനമായി സുരക്ഷ ഉണ്ടാവുകയും ഇല്ല. കെട്ടിടങ്ങളും സ്ഥാപനങ്ങളും ഒക്കെ വേണ്ടത്ര അഗ്നിശമന സുരക്ഷ പാലിച്ച് മാത്രം പ്രവർത്തിക്കണം എന്ന് നിർബന്ധിച്ചാൽ സെക്രട്ടറിയേറ്റ് ഉൾപ്പടെ എത്ര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ പറ്റുമെന്ന് പറയാൻ പറ്റില്ല. നമ്മുടെ പോലീസും ഫയർ സർവീസും ഒക്കെ അടുത്ത ഒരുമാസം കെട്ടിടങ്ങളുടെ പുറകെ നടന്നാൽ അഴിമതി കൂടും എന്നല്ലാതെ സുരക്ഷ ഉറപ്പാക്കൽ ഒന്നും ഉണ്ടാകില്ല.

എൻ്റെ നിർദ്ദേശം ഇതാണ്. “ഉടനടി” പരിപാടികൾ അല്ല നമുക്ക് വേണ്ടത്. നമുക്ക് ഒരു സുരക്ഷാ സംസ്കാരത്തിന്റെ പ്രശ്നം ഉണ്ടെന്ന് അംഗീകരിക്കുക. അത് അഗ്നി സുരക്ഷയുടെ മാത്രമല്ല. ഒരു വർഷം നാലായിരത്തിന് മുകളിൽ ആളുകളാണ് റോഡിൽ മരിക്കുന്നത്, അതിൽ ഇരുന്നൂറ് പേരിൽ കൂടുതൽ കെ എസ് ആർ ടി സിയും ആയി ബന്ധപ്പെട്ട അപകടങ്ങളിൽ ആണ്. ഇരുന്നൂറ്റി അൻപതിൽ അധികം ആളുകൾ ആണ് ഷോക്കടിച്ച് മരിക്കുന്നത്, അതിൽ മുപ്പതോളം ആളുകൾ ബോർഡ് ജോലിക്കാർ (കരാർ ജോലിക്കാർ ഉൾപ്പടെ) ആണ്‌.എന്നിട്ടും ഈ രണ്ടു സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ആയി പരിശീലനം ഉള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ല. സുരക്ഷാ പരിശീലനം നേടിയ ആയിരക്കണക്കിന് മലയാളികൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നൂറു കണക്കിന് മലയാളികൾ അഗ്നി സുരക്ഷ തൊട്ട് കൺഫൈൻഡ് സ്‌പേസ് എൻട്രി വരെ ഉള്ള വിഷയങ്ങളിൽ വിദഗ്ദ്ധർ ആയിട്ടുണ്ട്. പക്ഷെ ഇവർക്കൊന്നും ജോലി കിട്ടാനോ ചെയ്യാനോ ഉള്ള ഒരു സാഹചര്യവും കേരളത്തിൽ ഇല്ല.

കേരളത്തിൽ സുരക്ഷക്ക് വേണ്ടി മാത്രം ഇംഗ്ലണ്ടിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് പോലെ ഒരു സംവിധാനം ഉണ്ടാക്കണം. ഇംഗ്ലണ്ടിൽ പോലീസിലും അധികാരം ഉള്ള സ്ഥാപനം ആണത്. അവിടെ സുരക്ഷയെ പറ്റി പഠിച്ച ആളുകൾ ഉണ്ടാകണം. വായനശാല വാർഷികം തൊട്ട് അമ്പലത്തിലെ വെടിക്കെട്ട് വരെ ഉള്ള സാഹചര്യത്തിലെ സുരക്ഷ നിയന്ത്രിക്കാൻ മാർഗ്ഗ രേഖകൾ ഉണ്ടാക്കണം, അവ നടപ്പിലാക്കാൻ പ്രൊഫഷണൽ ആയ ആളുകളെ ജോലിക്ക് വക്കുന്നത് നിർബന്ധം ആക്കണം. എൽ കെ ജിയിലെ ഒന്നാമത്തെ ദിവസം മുതൽ കുട്ടികളെ സുരക്ഷയെ പറ്റി പറഞ്ഞു മനസ്സിലാക്കണം. ഇതിനൊക്കെ കുറച്ചു സമയം എടുത്തോട്ടെ. ഈ മന്ത്രിസഭ വരുന്നതിന് മുൻപ് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഒരു വർഷം എണ്ണായിരം ആളുകൾ ആണ് കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്, ഈ മന്ത്രിസഭ അഞ്ചു വർഷം തികക്കുമ്പോൾ നാല്പതിനായിരം മലയാളികൾ തീർത്തും ഒഴിവാക്കാവുന്ന അപകടത്തിൽ മരിച്ചിട്ടുണ്ടാകും. ഇപ്പോൾ ആയിരം ദിവസം ആയി. അതിനകം മരണം ഇരുപതിനായിരം കടന്നു കാണും. ഇപ്പോൾ കർശനമായ തീരുമാനങ്ങൾ എടുത്താൽ ഇനിയുള്ള സമയത്ത് ഒരു അയ്യായിരം ജീവൻ എങ്കിലും രക്ഷിക്കാം.

പക്ഷെ നിങ്ങളുടെ സുരക്ഷ മറ്റുള്ളവർ നോക്കുമെന്ന പ്രതീക്ഷ എൻ്റെ വായനക്കാർക്ക് വേണ്ട. അതുകൊണ്ട് സുരക്ഷിതരായിരിക്കുക.

(ബ്രഹ്മ പുരത്ത് മാലിന്യ പ്ലാന്റിന് തീ പിടിച്ച ഒരു വിഷയം കൂടി ഉണ്ട്. അതിനെ പറ്റി വിശദമായി വേറെ എഴുതാം. ഇനി പത്തു ദിവസം ഗാസയിലും മറ്റുമാണ് അതുകൊണ്ട് നാളെ തൊട്ട് ഈ കേന്ദ്രത്തിൽ നിന്നും അധികം സംപ്രേക്ഷണം ഉണ്ടാവില്ല)

മുരളി തുമ്മാരുകുടി

1 Comment

  • സാറിന്റെ ലേഖനം ഇന്നലെകൾക്കു വേണ്ടിയുള്ള തല്ല, ഇന്നേയ്ക്കും നാളേയ്ക്കും വേണ്ടിയുള്ളത് ആണ് .

Leave a Comment