പൊതു വിഭാഗം

അമ്പതിനായിരത്തിന്റെ നിറവിൽ !

ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് അത് സംഭവിച്ചത്. ഫോളോവേഴ്‌സിന്റെ എണ്ണം അമ്പതിനായിരം കടന്നിരിക്കുന്നു. എല്ലാവർക്കും നന്ദി!

കഴിഞ്ഞ വർഷം ഈ സമയത്ത് പതിനായിരത്തിൽ താഴെ ആയിരുന്നു. ഈ വർഷം ആദ്യം പോലും ഇരുപത്തി അയ്യായിരത്തിൽ താഴെ ഫോളോവേഴ്‌സ് മാത്രമാണുണ്ടായിരുന്നത്. കരിയർ ലേഖനത്തിന് മുന്നോടിയായി അപ്പോൾ ഉണ്ടായിരുന്ന സുഹൃത്തുക്കളും ഫോളോവേഴ്‌സും ഒക്കെക്കൂടി ആഞ്ഞുപിടിച്ച് ആളെക്കൂട്ടി അത് നാല്പത്തിനായിരത്തിന് മുകളിലാക്കി. എല്ലാം സ്മരണയുണ്ട് കേട്ടോ.

ഇതുകൊണ്ടൊന്നും രണ്ടാമൻ നിർത്താൻ പോകുന്നില്ല. ഈ വർഷം തന്നെ യാത്രയെപ്പറ്റി ഒരു സീരീസ് വരുന്നുണ്ട്. അപ്പോൾ നിങ്ങൾ എല്ലാവരും കൂടി ഉത്സാഹിച്ച് ആളെ കൂട്ടിത്തന്ന് ഈ വർഷത്തിൽ തന്നെ നമുക്ക് അമ്പതിനായിരം ഒരു ലക്ഷമാക്കണം. രണ്ടാമന്റെ ഫോളോവേഴ്‌സിന്റെ ആത്മാർത്ഥതയും കമ്മിറ്റ്മെന്റും ഇപ്പോൾ തന്നെ പ്രശസ്തമാണ്. നിങ്ങൾ വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല. ഓഫിസിൽ കുറച്ച് ഉത്തരവാദിത്തങ്ങൾ കൂടിയതിനാൽ എല്ലാം പ്ലാൻ ചെയ്തതുപോലെ സമയത്ത് നടക്കുന്നില്ല. എന്തായാലും സമയമാകുമ്പോൾ പറയാം.

ഞാൻ വെറുതെ സുഖിപ്പിക്കാൻ പറയുന്നതല്ല. ഫേസ്‌ബുക്ക് എഴുത്തിനെപ്പറ്റി “വിദഗ്ദ്ധർ” പറയുന്നതിനെല്ലാം എതിരാണ് എന്റെ പ്രൊഫൈൽ. ആളു കൂടിയാൽ പ്രൊഫൈൽ മാറ്റി പേജ് ആക്കണം, ഒരു പേജിൽ കൂടുതൽ നീളമുള്ള പോസ്റ്റുകൾ ഇടരുത്, വിവാദവിഷയങ്ങളിൽ കയറി തലവെക്കണം, അപ്പോഴപ്പോൾ ആളുകൾക്ക് താല്പര്യമുള്ള വിഷയത്തെപ്പറ്റി എഴുതണം, എന്നൊക്കെയാണ് ഗുരുവാണി. എന്നാൽ ഇതൊന്നും ഞാൻ ചെയ്യാറില്ല. എന്നിട്ടും ഫോളോവേഴ്‌സ് കൂടുകയും നിലനിൽക്കുകയും ചെയ്യുന്നുവെന്നത് ചിലപ്പോൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

എന്താണ് രണ്ടാമന്റെ ഫേസ്‌ബുക്ക് തന്ത്രങ്ങൾ എന്ന് പലരും ചോദിക്കാറുണ്ട്. ട്രേഡ് സീക്രട്ട് സാധാരണഗതിയിൽ വെളിപ്പെടുത്താൻ പാടില്ലാത്തതാണ്. എന്നാൽ മറ്റെല്ലാ ഫേസ്‌ബുക്ക് നിയമങ്ങളും ലംഘിച്ചതിനാൽ ഇതുംകൂടി വെളുപ്പെടുത്തിയേക്കാം.

1. ഫേസ്‌ബുക്കിലെ എല്ലാവരെയും ആത്മാർഥമായി തുല്യരായി കാണുക. “ഗുരു പീഠത്തിലും ശിഷ്യർ നിലത്തും” ഇരുന്നു ക്ലാസ്സ് നടത്തുന്ന ഗുരുകുലമല്ല ഫേസ്‌ബുക്ക്. ഇത് ആൽത്തറയിലെ വെടിവട്ടമാണ്. സംസാരിക്കാൻ എല്ലാവർക്കും തുല്യാവകാശം.

2. ചിന്തിക്കുന്നത് പറയുക. നമ്മൾ ഒന്ന് ചിന്തിക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നത് ആളുകളെ സുഖിപ്പിക്കാൻ നല്ലതാണെങ്കിലും അതിന് വലിയ നിലനിൽപ്പുണ്ടാകില്ല. ഫേസ്‌ബുക്കിൽ കാണുന്ന നമ്മളും യഥാർത്ഥ നമ്മളും തമ്മിലുള്ള അന്തരം പൂർണ്ണമായും ഒഴിവാക്കാനായില്ലെങ്കിലും പരമാവധി കുറക്കാൻ ശ്രമിക്കുക.

3. ഹൃദയത്തിന്റെ ഭാഷയിൽ എഴുതുക. കൃത്രിമത്വം ഇല്ലാത്ത ഭാഷയായിരിക്കണം നമ്മൾ പ്രയോഗിക്കേണ്ടത്. അച്ചടിഭാഷ എഴുതാനും മലയാളഭാഷയെ “സംരക്ഷിക്കാനും” ഒക്കെ അച്ചടിമാധ്യമങ്ങളുണ്ടല്ലോ. ഫേസ്‌ബുക്ക് എന്നത് ഇന്നിന്റെ മാധ്യമം ആണ്. നാളത്തെ മലയാളഭാഷ ഉണ്ടാകാൻ പോകുന്നത് ഇവിടെനിന്നാണ്. അവിടെ ഇന്നലത്തെ ഭാഷ പറഞ്ഞ് കുളമാക്കരുത്.

4. കമന്റുകളെ കാര്യമായെടുക്കുക. എനിക്ക് ഏറ്റവും ഊർജ്ജം നൽകുന്നത് എന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളാണ്. അത് പോസ്റ്റിന് അനുകൂലമാണോ എതിരാണോ എന്നത് പ്രശ്നമല്ല. മുൻവിധിയില്ലാത്തതോ വസ്തുനിഷ്ഠമോ എന്നതാണ് കാര്യം. അതിനെ മനസിലാക്കുക, പ്രതികരിക്കുക. ഫോളോവേഴ്‌സിന് എന്റെ പോസ്റ്റിനോടുള്ള അത്രയും തന്നെ താല്പര്യം അതിന്റെ താഴെ വരുന്ന കമന്റുകളോടും ഉണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടുകൂടിയാണ് കേരളത്തിലെ ഏറ്റവും ബെസ്റ്റ് എൻഗേജ്മെന്റ് റേറ്റ് ((number of comments + number of likes) / (total number of followers)) രണ്ടാമന് ഇപ്പോഴും നിലനിർത്താൻ സാധിക്കുന്നത്. ലൈക്കുന്നവർക്കും കമന്റുന്നവർക്കും പ്രത്യേകം നന്ദി!

5. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക: പണ്ട് മാതൃഭൂമിയും കലാകൗമുദിയും മലയാളനാടും മാത്രമുണ്ടായിരുന്ന കാലത്ത് വിരലിലെണ്ണാവുന്ന എഴുത്തുകാരേ മലയാളത്തിൽ ഉണ്ടായിരുന്നുള്ളു. അച്ചടിപ്പത്രത്തിന്റെ വിലയാണ് എഴുത്തുകാരുടെ എണ്ണത്തെ നിയന്ത്രിച്ചിരുന്നത്. ഇന്നത് പോയി ഏതു മലയാളിക്കും ഫേസ്‌ബുക്കിൽ സൗജന്യമായി എഴുതാം എന്നായി. അങ്ങനെ നമ്മൾ മറ്റൊരു തരത്തിലും അറിയാൻ സാധ്യതയില്ലാത്ത അനവധി പേർ ഫേസ്ബുക്കിലുണ്ട്. അവരിൽ നമ്മുടെ കൺമുൻപിൽ എത്തുന്നവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണം. കൊടുക്കും തോറും ഏറിടുന്ന ഒന്നാണ് ഫോളോവേഴ്‌സ്.

6. ചൊറിയന്മാരെ ഒഴിവാക്കുക: വ്യക്തി ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രയാസങ്ങളുള്ളവരാണ് നമ്മൾ എല്ലാവരും. അപ്പോൾപ്പിന്നെ ഇവിടെ ഫേസ്‌ബുക്കിൽ വന്ന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെടുക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ നമ്മുടെ പോസ്റ്റിനെ മുൻവിധിയോടെ കാണുന്നവർ, നമ്മുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നവർ, ചുമ്മാ ജനിതകമായി ചൊറിച്ചിൽ അസുഖമുള്ളവർ, എന്നിവരെ നിർദാക്ഷിണ്യം വെട്ടിനിരത്തുക. ധൈര്യപൂർവ്വം പറയുക, “കടക്ക് പുറത്ത്”. ഇവരുടെ കൈയിലൊന്നും വലിയ സ്റ്റഫൊന്നുമില്ല. മുഖം കറുപ്പിച്ച് ഒന്ന് ആട്ടിയാൽ പേനയും തൂക്കി സ്ഥലം വിട്ടോളും. പിന്നെ നമുക്ക് സന്തോഷമായി ശല്യമൊന്നുമില്ലാതെ കാര്യങ്ങൾ ചർച്ച ചെയ്യാമല്ലോ.

7. എതിരഭിപ്രായം ഉള്ളവരെ കണ്ടു പിടിച്ചു ഫോളോ ചെയ്യുക. എന്താണ് ശാസ്ത്രബോധം എന്നതിനെപ്പറ്റി ജസ്റ്റീസ് ചന്ദ്രശേഖരൻ നായർ ഒരിക്കൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. ‘നമ്മൾ ശരിയെന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും കാര്യകാരണസഹിതം സമർത്ഥിച്ചാൽ അത് അംഗീകരിക്കാനുള്ള കഴിവാണ് ശാസ്ത്രബോധം’. അതിനാൽ നമ്മുടെ അഭിപ്രായങ്ങൾ ആത്യന്തിക സത്യം അല്ലെന്നും സത്യം എവിടെനിന്നും വരാമെന്നും നമ്മൾ എപ്പോഴും അറിഞ്ഞിരിക്കണം. എതിരഭിപ്രായമുള്ളവരുടെ പേജുകൾ ഫോളോ ചെയ്യണം, അവരുടെ കമന്റുകളെ പ്രത്യേകം പ്രോത്സാഹിപ്പിക്കണം.

8. സ്ത്രീകൾക്ക് പ്രത്യേക പരിഗണന: വികസിതവും വികസ്വരവുമായ എത്രയോ നാടുകൾ ഞാൻ കണ്ടിരിക്കുന്നു, അവിടെ ആയിരക്കണക്കിന് ആളുകളുമായി സംസാരിച്ചിരിക്കുന്നു. അതിൽനിന്നും രണ്ടു കാര്യങ്ങളാണ് ഞാൻ മനസ്സിലാക്കിയത്. ഒന്ന്, പൊതുരംഗത്ത് അഭിപ്രായം പറയാൻ സ്ത്രീകൾ പൊതുവെ വിമുഖരാണ്. രണ്ട്, സ്ത്രീകളുടെ അഭിപ്രായം പൊതുരംഗത്ത് വരാത്തത് മൊത്തം സമൂഹത്തിന് വലിയ നഷ്ടമാണ്. അതുകൊണ്ട് ധൈര്യമായി സ്വന്തം അഭിപ്രായം പറയുന്ന സ്ത്രീകളെ അങ്ങോട്ടുപോയി ഫ്രണ്ടാക്കാനും ഇവിടെ വന്ന് അഭിപ്രായം പറയുന്നവരെ പ്രത്യേകം പരിഗണിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്.
അപ്പോൾ ശരി, ഇന്നത്തെ ഗുണപാഠം കഴിഞ്ഞു. ആഗസ്റ്റ് അല്പം കൂടുതൽ തിരക്കുള്ള സമയമാണ്. യൂറോപ്പിൽ അവധിക്കാലം. ഓഫീസ് കാലിയാണ്. ഒന്നിന് പകരം മൂന്ന് ഉത്തരവാദിത്തങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. ആഗസ്റ്റിൽ ദുരന്തമൊന്നും ഉണ്ടാകല്ലേയെന്ന് ഡിങ്കഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ പ്രതിദിന സംപ്രേക്ഷണം ഉണ്ടായില്ലെങ്കിൽ ക്ഷമിക്കുമല്ലോ. ഇടക്കിടുന്ന ഫോട്ടോയും ലിങ്കുമൊക്കെ വെച്ച് അഡ്ജസ്റ് ചെയ്യണം.

സുഹൃത്തുക്കൾക്കും ഫോളോവേഴ്‌സിനും വീണ്ടും നന്ദി!

Leave a Comment