പൊതു വിഭാഗം

അപകട സ്ഥലത്തെ ആൾക്കൂട്ടം

തിരുവനന്തപുരത്ത് പാറമടയിലെ അപകടത്തിൽ രണ്ടു പേർ മരിച്ചു എന്ന വാർത്ത പതിവു പോലെ സങ്കടപ്പെടുത്തി. ഒട്ടും അതിശയപ്പെടുത്തിയില്ല. കേരളത്തിൽ ആയിരക്കണക്കിന് പാറമടകളുണ്ട്. അവിടെ ജോലി ചെയ്യുന്നവർക്ക് ഒരിക്കൽ പോലും ഒരു സുരക്ഷാ പരിശീലനവും ആരും നൽകുന്നില്ല. ഒരു പാറമടയിലും സുരക്ഷക്ക് ഒരു സൂപ്പർവൈസറില്ല. മലേഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാറി മാനേജ്‌മെന്റ് നടത്തുന്ന പാറമടയിലെ സുരക്ഷയെപ്പറ്റിയുള്ള ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി പോലെ ഒന്ന് കേരളത്തിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജമെന്റ് നടത്തണമെന്നും, അതിന് ആവശ്യമുള്ള എല്ലാ സാങ്കേതിക സഹായവും നൽകാമെന്നും ഞാൻ എഴുതിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ആരും ഒന്ന് എന്നോട് വിളിച്ചു ചോദിച്ചു പോലും ഇല്ല. ഈ അപകടം ആദ്യത്തേതല്ലാത്തത് പോലെതന്നെ അവസാനത്തേതുമല്ല. നമ്മൾ പ്രത്യേകിച്ച് ഒന്നും തന്നെ പഠിക്കുന്നുമില്ല.

ഇന്നത്തെ എന്റെ പ്രധാന വിഷയം പാറമടയിലെ സുരക്ഷയല്ല, എവിടെ അപകടമുണ്ടായാലും അവിടെ ഓടിക്കൂടുന്ന ജനക്കൂട്ടത്തെപ്പറ്റിയാണ്. കേരളത്തിൽ പലയിടങ്ങളിൽ, ഞാൻ താമസിക്കുന്ന ഫ്ലാറ്റിലുൾപ്പെടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ ഞാൻ പോയിട്ടുണ്ട്. അവിടെയൊക്കെ ആളെ കൂട്ടാൻ സംഘാടകർ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. പതിനായിരം ആളുകൾ ഉണ്ടായിരുന്ന ചെറായി ബീച്ചിൽ മുങ്ങിമരണത്തെപ്പറ്റി സംസാരിക്കാൻ പോയിട്ട് ഒരു ഡസൻ ആളുകൾ പോലും തിരിഞ്ഞു നോക്കിയില്ല (പ്രസംഗം നടക്കുന്നതിന്റെ ഇടക്ക് ഒരാൾ തിരയിൽ പെട്ടു, അയാളെ രക്ഷിച്ച് രക്ഷാപ്രവർത്തകർ വേദിയിൽ കൊണ്ട് വന്നു, ഉടൻ രണ്ടായിരം ആളുകൾ പ്രസംഗം കേൾക്കാൻ എത്തി !). ഒരു അപകടം ഉണ്ടായാലേ നാം പഠിക്കൂ എന്നായി.

രക്ഷാപ്രവർത്തനം എന്നത് പ്രൊഫഷണലായി ചെയ്യേണ്ട ജോലിയാണ്. നമ്മൾ എല്ലാവരും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന പ്രാഥമിക പാഠങ്ങൾ പഠിക്കേണ്ടതുമാണ്. പക്ഷെ അത് ചെയ്യാതെ ഓടിക്കൂടി അപകടത്തിൽ പെട്ടവരെ എങ്ങനെയും പൊക്കിയെടുത്ത്, പറ്റിയാൽ ഒന്ന് കുലുക്കി നോക്കി, രണ്ടു പ്രാവശ്യം ചാടാൻ പറഞ്ഞു വെള്ളം കുടിപ്പിച്ച്, ആദ്യം വരുന്ന വണ്ടിയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുന്നത് മാനുഷികം ആണെന്ന് തോന്നുമെങ്കിലും നല്ല രക്ഷാപ്രവർത്തനം അല്ല. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ തൽക്കാലം ഇതേ നടക്കൂ, പക്ഷെ അത് ശരിയാണെന്ന് ചിന്തിക്കരുത്. മറ്റു രാജ്യങ്ങളിൽ ചെന്നാൽ മാനുഷികമൂല്യം കാണിക്കാൻ ഇത്തരം ‘രക്ഷാ പ്രവർത്തനങ്ങൾ’ ചെയ്യുകയുമരുത്. മലയാളികളെ ആധുനിക രക്ഷാ പ്രവർത്തനം പഠിപ്പിക്കാൻ കേരള ദുരന്ത നിവാരണ അതോറിറ്റി സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പ്രോഗ്രാമുകൾ ആരംഭിക്കുന്നുണ്ട്. സാധ്യമാകുന്നവർ അതൊക്കെ ഉപയോഗിക്കുക.

തൽക്കാലം ചെയ്യാവുന്ന ചിലതുണ്ട്. രക്ഷാ പ്രവർത്തനത്തെപ്പറ്റി ഒന്നുമറിയില്ലെങ്കിൽ അങ്ങോട്ട് ഓടിച്ചെന്ന് തിരക്കുണ്ടാക്കാതിരിക്കുക, അഭിപ്രായം പറയാതിരിക്കുക, സെൽഫി എടുക്കാതിരിക്കുക, മരിച്ച ആളുടെ പേര് വാട്ട്സാപ്പ് ആയും ബ്രേക്കിങ് ന്യൂസ് ആയും പരത്താതിരിക്കുക. മരിച്ചവരുടെ വീട്ടുകാർ വാർത്ത അറിയുന്നത് ചാനലിൽ നിന്നാവാതിരിക്കട്ടെ.

http://www.mathrubhumi.com/news/kerala/quarry-accident-one-dies-1.2410620

Leave a Comment