പൊതു വിഭാഗം

അപകട ഇൻഷുറൻസ് പദ്ധതി.

റോഡപകടത്തിൽ പരിക്കേറ്റയാൾക്ക് നാൽപ്പത്തിയെട്ടു മണിക്കൂർ ചികിത്സ സർക്കാർ ചിലവിൽ നൽകാനുള്ള പദ്ധതി നടപ്പാക്കാൻ പോകുന്നു എന്ന് വായിച്ചു. വളരെ നല്ലത്. റോഡപകടം ഉണ്ടാകുമ്പോൾ പണമില്ലാത്തതിനാൽ ആളുകൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത് എത്ര മനുഷ്യത്വം ഇല്ലായ്മയാണ്? ഒരു പരിഷ്കൃത സമൂഹത്തിലും അത് സംഭവിക്കരുത്.

റോഡപകടത്തിന്റെ കാര്യത്തിൽ മാത്രം പോരാ, എല്ലാ അപകടങ്ങളിലും ചികിത്സ ലഭ്യമാക്കണം. വാസ്തവത്തിൽ ഇത് അപകടത്തിന്റെ കാര്യത്തിൽ മാത്രമല്ല മൊത്തം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും നടപ്പിലാക്കണം. അതും ഈ നാല്പത്തിയെട്ടു മണിക്കൂർ പരിധിയൊന്നും വെക്കാതെ തന്നെ. ഇപ്പോഴത്തെ ഏതൊരു മലയാളിയുടെയും, അത് പാവപ്പെട്ടവരോ അപ്പർ മിഡിൽ ക്ലാസോ ആകട്ടെ, ഏറ്റവും വലിയ പേടിസ്വപ്നം ഒരു അപകടമോ വലിയ രോഗമോ വന്നാലുണ്ടാകാവുന്ന ആശുപത്രി ചിലവുകളാണ്. മധ്യവർഗ്ഗത്തിലുള്ള ഒരു കുടുംബത്തെ പട്ടിണിയിലേക്കും, പാവപ്പെട്ട കുടുംബത്തെ വീടില്ലാതാക്കുന്നതിലേക്കും മാറ്റാൻ ഒരു വലിയ ആശുപത്രിവാസം മതി. ഇതുകൊണ്ടുതന്നെയാണ് ഏറെയാളുകളും കൈയിലുള്ള പണം ചെലവാക്കാതെ മണ്ണിൽ കുഴിച്ചിടുന്നത്. നൂറിലൊരാൾക്കേ ആവശ്യം വരൂ എങ്കിലും നൂറു പേരുടെ സമ്പത്തും പ്രൊഡക്ടീവ് അല്ലാതിരിക്കുകയാണ്.

എല്ലാവർക്കും എല്ലാ ഗുരുതര രോഗത്തിനും സൗജന്യചികിത്സ നൽകാൻ വേണ്ട പണമൊന്നും മ്മുടെ സർക്കാരിന്റെ കൈയിലില്ല. അങ്ങനെ ചെയ്യുന്ന രാജ്യങ്ങളുണ്ട് (യുകെ, ഫ്രാൻസ്). അവിടെയൊക്കെ വലിയ നികുതി ഉണ്ട്, പോരാത്തതിന് അവിടുങ്ങളിൽ നികുതിവെട്ടിപ്പ് എന്നത് വലിയ കുറ്റമാണ്. എത്ര വമ്പനാണെങ്കിലും നികുതി, നമുക്കതൊരു ദേശീയ വിനോദമാണ്. അപ്പോൾ നികുതി പിരിച്ച് അതിൽ നിന്നും ആരോഗ്യ സംരക്ഷണം ഫ്രീയായി നൽകുന്ന പരിപാടി നടക്കില്ല.

സ്വിറ്റ്സർലാൻഡ് ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങൾ ചെയ്യുന്നത് എല്ലാവരോടും ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പറയുകയാണ്. അതിന് നല്ല ചിലവുണ്ട്, വർഷാവർഷം പണം അടക്കണം. ഒരിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പിന്നെ അപകടമാണെങ്കിലും രോഗമാണെങ്കിലും ചികിത്സ ചിലവിനെ നമ്മൾ പേടിക്കേണ്ട. സ്വിറ്റ്‌സർലൻഡിൽ ഒരു മാസത്തെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഏതാണ്ട് ഒരു ദിവസത്തെ വേതനം വരും. കുടുംബത്തിന് മൊത്തമായി എടുക്കുമ്പോൾ ചില സൗജന്യങ്ങളും പാക്കേജുകളും ഉണ്ട്, വരുമാനം കുറഞ്ഞവർക്ക് സർക്കാരിന്റെ സഹായവും. ഇൻഷുറൻസ് എല്ലാവർക്കും നിർബന്ധമാണ്.

ലോകത്തിൽ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ആരോഗ്യ സംവിധാനങ്ങളാണ് കേരളത്തിലിപ്പോൾ ഉള്ളത്. എല്ലാവർക്കും നല്ല ആരോഗ്യ സംവിധാനം ഉണ്ടാക്കുക എന്നത് നമുക്ക് അപ്രാപ്യമായ ഒന്നല്ല. സർക്കാർ സംവിധാനവും സ്വകാര്യ സംവിധാനവും തമ്മിൽ ബന്ധിപ്പിച്ച് ഒരു സമഗ്ര പദ്ധതി ഉണ്ടാക്കണം. അതിനുള്ള പണം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ കണ്ടെത്തണം. ആരോഗ്യ ഇൻഷുറൻസ് ആകുമ്പോൾ ടാക്സ് കൊടുക്കുന്നത് പോലെയല്ല, തിരിച്ചു കിട്ടാനുള്ളതാണല്ലോ എന്നോർത്ത് ആളുകൾ സ്വമേധയാ പങ്കെടുക്കും.

ഇപ്പോൾ തന്നെ ഇതൊക്കെ ഉണ്ടെന്നും പറഞ്ഞു വരരുത് പ്ലീസ്. ഇപ്പോഴത്തെ സമഗ്ര പദ്ധതിയുടെ പരമാവധി കവറേജ് അഞ്ചു ലക്ഷം രൂപയിലും താഴെയാണ്. അഞ്ചു ലക്ഷം മുതൽ മേലോട്ട് പോകുന്ന ചികിത്സാ ചിലവുകളാണ് കുടുംബങ്ങളെ വഴിയാധാരമാക്കുന്നത്. ഇപ്പോഴത്തെ ഇൻഷുറൻസ് പദ്ധതിയെ ഒന്ന് തിരിച്ചിട്ടാൽ, അതായത് അഞ്ചു ലക്ഷത്തിന് മുകളിൽ ചികിത്സാ ചെലവുകൾക്ക് മാത്രമായിട്ടാണ് ഇൻഷുറൻസ് ഉണ്ടാക്കുന്നതെങ്കിൽ ഇപ്പോഴത്തേതിലും കൂടുതൽ മലയാളികൾ അതിൽ ചേരും എന്നാണ് എന്റെ വിശ്വാസം.

ഇങ്ങനെ ഒരു പദ്ധതി ഉണ്ടായാൽ അതിന് പല ഗുണങ്ങളുണ്ട്. സർക്കാരിന്റെ അടുത്ത് ആരോഗ്യ പരിപാലനത്തിന് കൂടുതൽ പണമുണ്ടായാൽ നമ്മുടെ ആരോഗ്യ സംവിധാനം മെച്ചപ്പെടും. സമൂഹം എന്ന നിലക്ക് എല്ലാവർക്കും ആരോഗ്യ സംരക്ഷണം കിട്ടുകയും ചെയ്യും. ആളുകൾക്ക് ചികിത്സാ ചിലവ് എന്ന പേടി മാറിയാൽ അവർ ബാക്കിയുള്ള പണം കൂടുതൽ ചിലവാക്കും.

http://www.mathrubhumi.com/news/kerala/kerala-govt-plans-48-hour-free-medical-care-for-accident-victims–1.2357378

മുരളി തുമ്മാരുകുടി

Leave a Comment