പൊതു വിഭാഗം

അണ തുറക്കുന്ന വിവാദങ്ങൾ…

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. പത്തുലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂർഖൻ പാമ്പിനെയും വരെയാണ് അവർക്ക് നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടത് മുതൽ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള ഗവർമെന്റ് ഉദ്യോഗസഥർ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവർത്തിക്കുന്നു. കേരളത്തിലെ യുവാക്കൾ ഉൾപ്പടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നു. കാണുമ്പോൾ അഭിമാനമാണ്, കേൾക്കുമ്പോൾ രോമാഞ്ചവും.
 
ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോൾ എല്ലാവരും ‘പ്രളയത്തിന് ആരാണ് ഉത്തര വാദി?” എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.
 
ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാൽ അതിൻറെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാൻ. അങ്ങനെ അനവധി പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാൻ വേണ്ടിയല്ല. കേരളത്തിൽ ഒരു പ്രളയം ഉണ്ടാക്കണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തിൽ ഒരു വൻ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയിൽ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ല. പക്ഷെ നമ്മുടെ അണക്കെട്ടുകൾ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ തീർച്ചയായും ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാൽ യഥാർത്ഥമായ വിവരങ്ങൾ ഒരിക്കലും പുറത്തു വരില്ല, നാം പാഠങ്ങൾ പഠിക്കുകയും ഇല്ല.
 
അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവർ കേരളത്തിന് സഹായം തരികയാണ്. ഈ അവസരത്തിൽ ഒരു വിവാദം ഉണ്ടാക്കിയാൽ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് ഒരു ഉപകാരവും ഉണ്ടാവില്ല എന്ന് മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരിൽ നിന്ന് മാറുകയും ചെയ്യും.
 
ഈ പ്രളയത്തെപ്പറ്റി നമ്മൾ തീർച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീർച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുൻപ് ആ പാഠങ്ങൾ നാം പഠിച്ചാൽ മതി. ഇപ്പോൾ ഈ തുടങ്ങുന്ന വിവാദങ്ങൾ ദുരിതബാധിതരുടെ താല്പര്യങ്ങൾക്ക് എതിരാണ്.
 
മുരളി തുമ്മാരുകുടി

Leave a Comment