പൊതു വിഭാഗം

അട്ടിയിട്ടു വെച്ച ഈന്തപ്പഴത്തിന്റെ ഓർമ്മ!

ഇന്ന് ശിവരാത്രിയാണ്. ചെറുപ്പത്തിൽ ഒരിക്കൽ പോലും ആലുവ മണപ്പുറത്ത് ശിവരാത്രിക്ക് പോയിട്ടില്ല. അടുത്ത വീട്ടിലെ കുട്ടൻ (പേര് കുട്ടൻ എന്നായിരുന്നെങ്കിലും എൺപത് വയസുള്ള മുത്തച്ഛൻ) എല്ലാ വർഷവും ശിവരാത്രിക്ക് പോകും. പോയി വരുമ്പോൾ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്ന ഈന്തപ്പഴം കൊണ്ടുവന്ന് രണ്ടോ മൂന്നോ വീതം ഞങ്ങൾ കുട്ടികൾക്ക് തരും. എന്താ അതിന്റെ ഒരു ടേസ്റ്റ്. അതാണെന്റെ ശിവരാത്രി ഓർമ്മ. കുട്ടൻ ഇപ്പോൾ ഇല്ല. അദ്ദേഹത്തിന്റെ ആത്മാവ് ഇന്ന് ആലുവമണപ്പുറത്ത് ഉണ്ടാകണം. ശാന്തിയായിരിക്കട്ടെ…
 
ഒമാനിൽ ജോലിക്ക് വന്നതിന് ശേഷം ഈന്തപ്പഴം എത്രയോ കഴിച്ചിരിക്കുന്നു. എൻറെ വീടിനു മുന്നിലെ ഈന്തപ്പനയിൽ നിന്ന് നേരിട്ട് കഴിച്ചിട്ടുണ്ട് ഈന്തപ്പഴം. യെമൻ മുതൽ മൊറോക്കോ വരെയുള്ള രാജ്യങ്ങളിലെല്ലാം അന്നാട്ടുകാർ അവരുടെ ഈന്തപ്പഴമാണ് ലോകോത്തരം എന്ന് പറഞ്ഞ് എന്നെ കഴിപ്പിച്ചിട്ടുണ്ട്. ബെഡുവിന്റെ ടെന്റിൽ മുതൽ രാജകൊട്ടാരത്തിൽ വരെ ഞാൻ അറബിക്ക് കോഫിയുടെ കൂടെ ഈന്തപ്പഴം കഴിച്ചിട്ടുണ്ട്. അതിനൊന്നും ആലുവ മണപ്പുറത്ത് അട്ടിയിട്ടു വച്ചിരിക്കുന്ന ഈന്തപ്പഴത്തിന്റെ രുചി കിട്ടിയിട്ടില്ല, കാരണം രുചി എന്നത് നാവിൽ അല്ല മനസ്സിലാണ് വിരിയുന്നത്. ‘മാനസസരസ്സിലെ ഇളം താമരത്തണ്ടിനേക്കാൾ രുചി പൊട്ടക്കുളത്തിലെ മണ്ണിരക്കാണെന്ന്’ നാട്ടിലെ കൊക്ക് മാനസസരസ്സിലെ അരയന്നത്തോടു പറഞ്ഞു എന്നൊരു കഥയുണ്ട്. അന്ന് കേട്ടപ്പോൾ കൊക്കിന്റെ അജ്ഞതയെപ്പറ്റിയാണ് ചിന്തിച്ചത്, ഇന്നാലോചിക്കുമ്പോൾ കൊക്ക് തന്നെയാണ് ശരി.
 
ദൈവവിശ്വാസം ഇല്ലാത്തതിനാൽ ശിവരാത്രിയെക്കുറിച്ച് ഭക്തിപൂർണ്ണമായ ചിന്തകൾ ഒന്നുമില്ല. ഒന്ന് പറയാതെ വയ്യ, സ്വഭാവം കൊണ്ട് ദൈവങ്ങളിൽ എനിക്കേറ്റവും ഇഷ്ടം പരമശിവനോട് തന്നെ. ആളുകളെ പെട്ടെന്ന് ഇഷ്ടപ്പെടുക, ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തും ചെയ്യുക, അത്യാവശ്യം കുടുംബകലഹം, വസ്ത്രധാരണത്തിലെ താല്പര്യക്കുറവ്, ചുടലയും കൈലാസവും ഒരു പോലെ എന്ന ചിന്ത… ഇതൊക്കെ എനിക്കും ചേരും. നടരാജൻ ആയിട്ടുള്ള ആ ഡാൻസ് മാത്രം ഒരു രക്ഷയും ഇല്ല. എപ്പോഴെങ്കിലും അതും പഠിക്കണം. ഇനിയും സമയം ഉണ്ടല്ലോ.
 
എല്ലാവർക്കും ശിവരാത്രി ആശംസകൾ..!
 
മുരളി തുമ്മാരുകുടി.

Leave a Comment