ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ എൻറെ അമ്മാവനാണ് ചെമ്മനം ചാക്കോയുടെ കവിതകളെ പരിചയപ്പെടുത്തുന്നത്. ആദ്യം വായിച്ച സമാഹാരത്തിൽ നിന്നാണ് താഴത്തെ കവിത.
“നേരം വെളുത്തെന്നും വെളുത്തില്ലെന്നും രണ്ടടക്കാപ്പക്ഷി
വെളുത്തെന്ന് പറഞ്ഞത് മടയൻ പക്ഷി, വെളുത്തില്ലെന്നുരിഞ്ഞത് മടിയൻ പക്ഷി”
മുഴുവൻ കവിത ഞാൻ ഓർക്കുന്നില്ല. സൂര്യൻ ഉദിച്ചോ ഇല്ലയോ എന്ന് തർക്കിച്ച് തമ്മി കൊത്തുകൂടി അടക്കാ പക്ഷികൾ രണ്ടും പരിക്കേറ്റ് വീഴുമ്പോൾ പുറത്ത് നട്ടുച്ചയായിരുന്നു എന്നും, കിളിക്കൂടിന് പുറത്ത് ആകാശത്ത് സൂര്യൻ ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു എന്നുമാണ് കവിത. ചുറ്റുമുള്ള യാഥാർഥ്യങ്ങളെ അറിയാതെ താത്വിക തർക്കത്തിൽ ഏർപ്പെടുന്നവരെ കണക്കറ്റ് പരിഹസിക്കുന്ന കവിത.
ഈ കവിത ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നറിയില്ല. അൻപത് വർഷം മുൻപ് വിപ്ലവത്തിന് സമയമായോ എന്നൊക്ക നിരന്തരം ചർച്ച ചെയ്തവരെക്കുറിച്ച് എഴുതിയ കവിതയാണ്. ഇന്നിപ്പോൾ ലോകത്തിൽ (കേരളത്തിലും) ചൂടും, വരൾച്ചയും, അതിവൃഷ്ടിയും വെള്ളപ്പൊക്കവും, ചുഴലിക്കാറ്റും സർവസാധാരണം ആകുമ്പോഴും കാലാവസ്ഥ വ്യതിയാനം സത്യമാണോ, തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണോ എന്നൊക്കെ ചർച്ച ചെയ്യുന്നവരെ കാണുമ്പോൾ ഞാൻ ചാക്കോ സാറിനെ ഓർക്കും. കാലത്തിന് മുൻപേ നടന്ന കവിയാണ്.
ചുറ്റുമുള്ള സംഭവങ്ങളെ ആഴത്തിൽ അപഗ്രഥനം ചെയ്ത്, വിമർശനങ്ങളെ കവിതകളാക്കി, ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ഇരുത്തി ചിന്തിപ്പിച്ച ചെമ്മനം ചാക്കോ സാർ ഇനി ഇല്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിയായിരുന്നു.
തുമ്മാരുകുടിക്കഥകൾ എന്ന എൻറെ പുസ്തകത്തിന് മനോഹരമായ അവതാരിക എഴുതിയത് സാറാണ്.
ചാക്കോസാറിനെപ്പോലെ മറ്റൊരു കവി ഇന്ന് കേരളത്തിലില്ല, ആ അർത്ഥത്തിൽ സാറിന്റെ മരണം തീരാനഷ്ടം തന്നെയാണ്.
ആദരാഞ്ജലികൾ..!
Leave a Comment