അച്ഛനുണ്ടായിരുന്ന കാലത്ത് കൂൾ എന്ന വാക്കിന് ഇന്നത്തെ അർത്ഥം ഉണ്ടായിരുന്നില്ലെങ്കിലും എൻറെ ജീവിതത്തിൽ ഇത്രയും കൂൾ ആയ ഒരാളെ ഞാൻ കണ്ടിട്ടില്ല.
1982 ൽ എൻറെ രണ്ടാമത്തെ ചേച്ചിയുടെ പ്രസവത്തോടനുബന്ധിച്ച് ഞങ്ങൾ ആശുപത്രിയിലാണ്. ചേച്ചിമാരുടെ പ്രസവകാലം വന്നാൽ അച്ഛൻ പിന്നെ ജോലിക്ക് പോകുന്ന പ്രശ്നമേയില്ല. ആശുപത്രിയിൽ എത്തുന്ന അന്ന് മുതൽ വീട്ടിലെത്തി ഒരാഴ്ചയും കൂടി മക്കളുടെ കൂടെ ഇരുന്നിട്ടേ അച്ഛൻ ജോലിക്ക് പോകൂ. ഈ ചേച്ചി ആകട്ടെ പ്രസവത്തിന് രണ്ടാഴ്ച മുന്നേ ആശുപത്രിയിൽ സ്ഥാനം പിടിച്ചു. കൂട്ടിന് അച്ഛൻ. ഞാനന്ന് കോതമംഗലത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുകയാണ്. പതിവ് പോലെ എന്തോ സമരമായതുകൊണ്ട് ഫുൾ ടൈം ഞാനുമുണ്ട് ആശുപത്രിയിൽ.
ഒരു ദിവസം വൈകീട്ട് മൂന്നാമത്തെ ചേച്ചി ഓഫിസിൽ നിന്നും നേരത്തേ ആശുപത്രിയിലെത്തി. ചേച്ചി അന്ന് FACT യുടെ സഹോദര സ്ഥാപനമായ ഫാക്ട് എഞ്ചിനീയറിങ്ങ് വർക്‌സിൽ ജോലി ചെയ്യുകയാണ്. എന്തെങ്കിലും വിഷമമുണ്ടായാൽ ഉടൻ കരയുന്ന ആളായ ചേച്ചി ആശുപത്രിയിൽ എത്തിയതേ കരച്ചിൽ തുടങ്ങി.
“നീ കാര്യം എന്താന്ന് പറ മോളെ”,
“അച്ഛനെ കന്പനിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു എന്ന് പേഴ്സണൽ മാനേജർ വിളിച്ചു പറഞ്ഞു”, ചേച്ചിക്ക് കരച്ചിലടക്കാൻ പറ്റുന്നില്ല.
“ആ അത്രേ ഉള്ളോ കാര്യം”, അച്ഛൻ കൂളാണ് “ആബ്സൻസ് വിതൗട്ട് ലീവിന് ആയിരിക്കും”
“അതേ” ചേച്ചി പിന്നേം കരച്ചിൽ.
രണ്ടാമത്തെ ചേച്ചിയുടെ ആവശ്യത്തിനാണല്ലോ അച്ഛൻ അവധി എടുക്കാതെ ആശുപത്രിയിൽ ഇരിക്കുന്നത്. അതുകൊണ്ട് ആ ചേച്ചിയും കരച്ചിൽ തുടങ്ങി.
“അച്ഛൻ നാളെത്തൊട്ട് ഓഫിസിൽ പൊക്കോ” ചേച്ചിയുടെ വക.
“ഏയ്, ഈ സസ്പെൻഷൻ ഇപ്പോൾ അവധി എടുക്കാത്തതിനല്ല. നമ്മുടെ കന്പനി അത്ര വേഗത്തിൽ ഒന്നും പ്രവർത്തിക്കുന്ന ഒന്നല്ല. ഇത് കഴിഞ്ഞ വർഷത്തെയോ അതിന് മുൻപിലെ വർഷത്തെയോ ആയിരിക്കും.”
പിന്നെ അച്ഛൻ അതുവരെ ഞങ്ങളോട് പറയാത്ത ഒരു രഹസ്യം വെളിപ്പെടുത്തി.
“എനിക്കിത് എല്ലാ വർഷവും കിട്ടുന്നതാണ്, നിങ്ങളോട് പറയാറില്ല എന്നേ ഉള്ളൂ.”
എനിക്ക് ചിരി വന്നു, ചുമ്മാതല്ല ചെറിയ ഒരു പനി വന്നാൽ തന്നെ സ്‌കൂളിൽ പോകേണ്ട എന്ന് അച്ഛൻ ഞങ്ങളോട് പറയാറ് (ഞങ്ങൾ സ്‌കൂളിൽ പോയില്ലെങ്കിൽ ആ ന്യായവും പറഞ്ഞ് അച്ഛന് ഞങ്ങളെ കെട്ടിപ്പിടിച്ച് കഥയും പറഞ്ഞു കിടക്കാം എന്നതാണ് സത്യം).
“അപ്പൊ മോള് ഒരു പണി ചെയ്യൂ. നാളെ പോയി സാറിനോട് പറയണം, അച്ഛൻ കഴിഞ്ഞതിന്റെ മുന്നിലെ വർഷം മാത്രമല്ല കഴിഞ്ഞ വർഷത്തിൽ നൂറു ദിവസമെങ്കിലും അബ്സൻസ് വിതൗട് ലീവ് ഉണ്ട്, അപ്പൊ അതിൻറെ സസ്‌പെൻഷനും കൂടി ഇപ്പോൾ തന്നാൽ പിന്നെ ഈ ആശുപത്രി കാലത്ത് വേറെ അവധി എടുക്കേണ്ട. എടുക്കാൻ ഇനി അവധി ഒന്നും ഇല്ല താനും. ഇനി അവർ സസ്‌പെൻഷൻ തന്നില്ലെങ്കിൽ രണ്ടു വർഷം കഴിയുന്പോൾ വീണ്ടും ഇപ്പോഴത്തെ ആബ്സൻസ് വിതൗട്ട് ലീവിന് സസ്‌പെൻഡ് ചെയ്യേണ്ടി വരും. എന്തിനാ വെറുതെ സമയം കളയുന്നത്.” അച്ഛൻ സീരിയസ് ആണ്.
ചേച്ചിമാരുടെ കരച്ചിൽ മാറി. അച്ഛൻ പിന്നെയും ആശുപത്രിയിലും പുറത്തുമായി ആബ്സൻസ് വിതൗട് ലീവുമായി കാലം കഴിച്ചു. അതായിരുന്നു അച്ഛൻ!
അച്ഛനെപ്പറ്റിയുള്ള ഓർമ്മകൾ ഏറെയുണ്ട്. എവിടെയും സന്തോഷമായിരിക്കുന്ന, ആരോടും വഴക്കു കൂടാത്ത, ആരോടും പരിഭവമില്ലാത്ത, മക്കളേയും മറ്റുള്ളവരെയും ഒരുപോലെ കാണുന്ന, ജാതി – മത – സാന്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ചുറ്റിലും കണ്ട എല്ലാവരെയും സ്നേഹിച്ച, സഹായിക്കാൻ ശ്രമിച്ച ഒരാളായിരുന്നു അച്ഛൻ. ചുറ്റും എപ്പോഴും ആളുണ്ടാകുക, കൂടെയുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കിയോ വാങ്ങിയോ കൊടുക്കുക, അവരോട് കഥകൾ പറയുക ഇതൊക്കെ ആയിരുന്നു അച്ഛന്റെ രീതി.
അച്ഛൻ അങ്ങനെ ആയത് വലിയ അതിശയമാണ്. ഒട്ടും സുരക്ഷിതമല്ലായിരുന്നു അച്ഛന്റെ ബാല്യം. അമ്മാവൻ ഫീസ് പോയിട്ട് വസ്ത്രം പോലുംവാങ്ങി കൊടുക്കാതിരുന്നതിനാൽ പത്ത് വയസ്സിന് മുകളിൽ പഠിക്കാൻ പറ്റിയില്ല. പത്താം വയസ്സിൽ അച്ഛന്റെ അളിയൻ ആലുവ മണപ്പുറത്തും മറ്റുത്സവപ്പറന്പിലും നടത്തിയിരുന്ന ചായക്കടകളിൽ സഹായിയായി പോയി. പന്ത്രണ്ടാം വയസ്സിൽ റബ്ബർ വെട്ടുകാരനായി. പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ അലുമിനിയം കന്പനിയിൽ ജോലിക്ക് കയറി. പതിനെട്ടാം വയസ്സുമുതൽ റിട്ടയർ ആകുന്നത് വരെ FACT യുടെ കാന്റീൻ ജീവനക്കാരനായി. അതായിരുന്നു അച്ഛന്റെ തൊഴിൽ ജീവിതം. അച്ഛന് കിട്ടാതിരുന്ന സ്നേഹവും കരുതലും മറ്റുള്ളവർക്ക് കഴിയുന്നതിലും അപ്പുറമായി കൊടുക്കുക എന്നതായിരുന്നു അച്ഛന്റെ രീതി. അച്ഛൻ ഒന്നും സന്പാദിച്ചില്ല, സന്പാദിക്കുന്നതിനെപ്പറ്റി ചിന്തിച്ചില്ല, സന്പാദ്യങ്ങൾ ഇല്ലാത്തതോർത്ത് വേവലാതിപ്പെട്ടില്ല. സ്നേഹം മാത്രമാണ് അച്ഛനെ നയിച്ച വികാരം.
അച്ഛൻ മരിച്ച് ആറു മാസത്തോളം ഞാൻ എന്നും അച്ഛനെ സ്വപ്നം കാണുമായിരുന്നു, അപ്പോഴെല്ലാം എനിക്ക് കരച്ചിൽ വരും. പിന്നെ ഞാൻ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാം എഴുതിവെച്ചു, കരഞ്ഞുകൊണ്ടാണ് എഴുതിയത്. പിന്നീട് അച്ഛൻ സ്വപ്നത്തിൽ പോലും വരാറില്ല. എപ്പോഴെങ്കിലും ആ ഓർമ്മകൾ എടുത്തു വായിച്ചാൽ എനിക്ക് കരച്ചിൽ വരും, അതുകൊണ്ടാണ് അത് എഡിറ്റ് ചെയ്യാത്തതും പ്രസിദ്ധീകരിക്കാത്തതും. ഒരിക്കൽ ചെയ്യണം.
എന്നാലും അവസാനത്തെ ഓർമ്മ മാത്രം പറയാം.
1997 ൽ ഞാൻ ബ്രൂണൈയിൽ നിന്നും വന്ന ദിവസം. അച്ഛന് നെഞ്ചിൽ ഒരു വേദനയുണ്ട്, ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞു. പോയി ടെസ്റ്റ് ചെയ്തപ്പോൾ ആസ്ബെസ്റ്റോസിൽ നിന്നുണ്ടാകുന്ന മാരകമായ കാൻസറാണ്. ചികിത്സ ഇല്ല, മരണം നിശ്ചയം. തിരുവനന്തപുരത്തോ, ബോംബെയിലോ, അമേരിക്കയിലോ വേണമെങ്കിൽ കൊണ്ടുപോകാം. ആറുമാസത്തിന് പകരം പന്ത്രണ്ടു മാസം ജീവിച്ചു എന്ന് വരാം. അതിനിടയിൽ കെമോതെറാപ്പിയും, റേഡിയേഷനും യാത്രയും ഒക്കെയായി ഏറെ അനുഭവിക്കേണ്ടി വരും. അത് വേണ്ട, സ്നേഹിക്കുന്നവരുടെ ഒപ്പം വേദന അറിയാതെ അച്ഛൻ പരമാവധി ജീവിക്കട്ടെ എന്നായിരുന്നു ഞാൻ തീരുമാനിച്ചത്. രോഗത്തിന്റെ വിവരവും തീവ്രതയും അച്ഛനോടും അമ്മയോടും ഉൾപ്പെടെ അധികമാരോടും പറഞ്ഞില്ല.
അച്ഛന് വാസ്തവത്തിൽ ആശുപത്രിയിൽ കിടക്കുന്നത് ഒട്ടും വിഷമമുള്ള കാര്യമല്ല, അല്പം സന്തോഷമുള്ള കാര്യമാണെന്നും തോന്നിയിട്ടുണ്ട്. ചേച്ചിമാരുടെ പ്രസവകാലം തൊട്ട് പെരുന്പാവൂരിലെ സാൻജോ ആശുപത്രിയിലാണ് സ്ഥിരമായി പോകുന്നത്. അവിടെ ഉള്ളവരോടും വരുന്നവരോടും വെടിവട്ടം നടത്തുക, അതാണ് താല്പര്യം (എനിക്കീ ചായ് പേ ചർച്ച പാരന്പര്യമായി കിട്ടിയതാണ്). ഒരു കാര്യമുണ്ട്, ജനറൽ വാർഡിൽ കിടക്കണം എന്നതാണ് അച്ഛന്റെ ആഗ്രഹം, അപ്പോഴാണ് ഓഡിയൻസ് കൂടുതൽ ഉണ്ടാകുന്നത്.
സാൻജോ ഹോസ്പിറ്റലിലെ ഡോക്ടർമാരും നേഴ്‌സുമാരും സ്‌ക്യൂരിറ്റിയും അച്ഛനെ അറിയും, ഞങ്ങളെയും. അതുകൊണ്ട് സന്ദർശക സമയമൊന്നും ഞങ്ങൾക്ക് ബാധകമല്ല. അച്ഛൻ വാർഡിലുണ്ടെങ്കിൽ എല്ലാവർക്കും കോളാണ്. വാർഡിലുള്ളവർക്കും കൂട്ട് നിൽക്കുന്നവർക്കും ചായയും കടിയും അച്ഛന്റെ വകയാണ്. വാർഡിൽ കിടക്കുന്നവരിൽ സാന്പത്തികമായി ബുദ്ധിമുട്ടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അച്ഛനതറിയും, അവരുടെ ബില്ല് കൊടുക്കണമെന്ന് എന്നോട് രഹസ്യമായി പറയുകയും ചെയ്യും.
അവധി കഴിഞ്ഞു ബ്രൂണൈയിൽ തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു എന്ന ഫോൺ വന്നു. മീസോത്തീലിയോമ ബാധിതർക്ക് സാധ്യമായതിൽ ഏറ്റവും വേഗത്തിലും വേദന കുറഞ്ഞതുമായ മരണമാണ് അച്ഛന് കിട്ടിയത്. ഭാഗ്യവാൻ! അച്ഛനെ ഓർത്ത് എനിക്ക് സന്തോഷമാണ് ഉണ്ടായത്. അമ്മയേയും ചേച്ചിമാരേയും ഓർത്താണ് ഞാനന്ന് കരഞ്ഞത്.
മരണാന്തര ജീവിതത്തിൽ എനിക്ക് വിശ്വാസമില്ലെങ്കിലും ഒന്നെനിക്ക് ഉറപ്പാണ്. അങ്ങനെ ഒന്നുണ്ടെങ്കിൽ അച്ഛൻ എവിടെയാണെങ്കിലും അവിടെ ആളുകളുടെ മധ്യത്തിലായിരിക്കും, അവരോട് കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരിക്കും. അവർക്കൊക്കെ അച്ഛനെ സ്നേഹമായിരിക്കും.
എൻറെ പുളു കഥകളും പൊങ്ങച്ചവും ചായ് പേ ചർച്ചയും നോക്കിക്കണ്ടിട്ട് “എൻറെയല്ലേ മകൻ” എന്ന് അച്ഛൻ വിചാരിക്കുന്നുണ്ടാകും. എനിക്കത് മതി.
മുരളി തുമ്മാരുകുടി
ജനീവ, ജൂൺ 16 – 2019
Thanikku kittatha snehavum karuthalum athilum athikamay mattullavarkku kodukkuka…………………. wonderful thought……..