പൊതു വിഭാഗം

അംബാസഡർ പഠിച്ച പാഠങ്ങൾ…

അംബാസഡർ ടി പി ശ്രീനിവാസൻ ഇപ്പോൾ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ വിദേശ വിചാരം എന്ന പ്രോഗ്രാമിൽ അതിഥിയായി എത്തിയതോടെയാണ് പരിചയപ്പെടുന്നത്. പിന്നീട് കേരളത്തിൽ ഐ ഐ ടി കൊണ്ടുവരാനായി ഒരുമിച്ചു ശ്രമിച്ച കാലത്താണ് ഞാൻ അദ്ദേഹത്തെ കൂടുതൽ അറിയുന്നത്. ലോകത്തെക്കുറിച്ച് നല്ല അറിവും, അതിൽ ഇന്ത്യയുടെ റോളിനെപ്പറ്റി വ്യക്തമായ ധാരണയും, കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രവുമുള്ള ആളാണെന്ന് തോന്നി. സമാന ചിന്താഗതികൾ ഉള്ളതിനാൽ സുഹൃത്തുക്കളായി.
 
ഇന്ത്യൻ വിദേശകാര്യ സർവീസിലെ മൂന്നര പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ ജീവിതത്തിന് ശേഷമാണ് അദ്ദേഹം കേരളത്തിൽ തിരിച്ചെത്തുന്നത്. ടി വി പ്രോഗ്രാമും കുറച്ചു പ്രസംഗങ്ങളുമായി സുഖമായി കഴിഞ്ഞുകൂടിയ കാലത്താണ് അദ്ദേഹത്തെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കേരളത്തിലെ പുനർ വിദ്യാഭ്യാസം അന്ന് തുടങ്ങി. ആ വിദ്യാഭ്യാസത്തിന്റെ കഥയാണ് ‘Education of an Ambassador’ എന്ന പുസ്തകം പറയുന്നത്.
 
യൂണിവേഴ്സിറ്റികളുടെയും കോളേജുകളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കാതെ കൂടുതൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ മേഖല ഉണ്ടാക്കാനുള്ള കൗൺസിലിന്റെ ശ്രമങ്ങൾ ഓരോ അദ്ധ്യായത്തിലും അദ്ദേഹം പറയുന്നു. കരിക്കുലം, ഓട്ടോണമസ് കോളേജ്, അധ്യാപകരുടെ പരിശീലനം, കാന്പസുകളിലെ ലിംഗനീതി എന്നീ വിഷയങ്ങളിൽ കേരളത്തിലെ ഇപ്പോഴത്തെ ശോചനീയമായ അവസ്ഥ, ഈ വിഷയങ്ങൾ ഓരോന്നും നന്നാക്കിയെടുക്കാൻ എൻ ആർ മാധവ മേനോനും മീനാക്ഷി ഗോപിനാഥും പോലുള്ള ഇന്ത്യയിലെ പേരുകേട്ട അക്കാദമിക്കുകൾ നേതൃത്വം നൽകിയ പഠനങ്ങൾ, അവരുടെ നിർദ്ദേശങ്ങൾ ഇതെല്ലാം പുസ്തകത്തിലുണ്ട്.
 
ഇന്ത്യയിലെ വിദേശകാര്യ വകുപ്പിൽ നിന്നും തിരിച്ചെത്തി കേരളത്തിലെ സർക്കാർ തൊഴിൽ സംസ്‌ക്കാരം കാണുന്പോൾ ഉണ്ടാകുന്ന കൾച്ചർ ഷോക്ക്, സ്വന്തം കാര്യങ്ങൾ നടക്കണമെന്നും, സ്വന്തം അധികാര പരിധിക്കുള്ളിൽ വിഭവങ്ങൾ വർദ്ധിക്കണം എന്നുമല്ലാതെ ഉന്നത വിദ്യാഭ്യാസ രംഗം നന്നാവണമെന്ന് യാതൊരു ആഗ്രഹവുമില്ലാത്ത ആളുകളാൽ (അധ്യാപകർ, വൈസ് ചാൻസലർ, വിദ്യാഭാസ വകുപ്പ്, ഹയർ എഡ്യൂക്കേഷൻ കൗൺസിൽ, വിദ്യാഭ്യാസ മന്ത്രി) നയിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതീക്ഷക്ക് വക നൽകുന്ന ഒരു കാര്യം പോലും കാണാനില്ല. ഏറെ പ്രതീക്ഷയോടെ നടപ്പിലാക്കിയ ഓട്ടോണോമസ് കോളേജ് സംവിധാനത്തെ യൂണിവേഴ്സിറ്റികൾ തുരങ്കം വെച്ച് വട്ടം കറക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് (വിശദമായി പിന്നീടൊരിക്കൽ എഴുതാം).
 
കേരളത്തെ നാലാം വ്യാവസായിക വിപ്ലവത്തിന് സജ്ജമാക്കണമെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗം അഴിച്ചു പണിതേ പറ്റൂ. അതിന് എന്തൊക്ക ചെയ്യണം എന്ന് ഈ പുസ്തകത്തിൽ ഉണ്ട്. പക്ഷെ അതൊന്നും നടപ്പിലാവാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് ഒരു സാധ്യതയുമില്ല എന്ന വ്യക്തമായ സൂചനകളുമുണ്ട്.
 
2014 ൽ അദ്ദേഹവുമായി ചേർന്ന് ‘ട്രാൻസ് നാഷണൽ എഡ്യൂക്കേഷൻ’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഓൺലൈൻ വിദ്യാഭ്യാസത്തെ പറ്റി അത്രയും വിശദമായ ചർച്ചകൾ നടന്നത്. ആറു വർഷത്തിന് ശേഷം ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ നൂറു മുൻകിട യൂണിവേഴ്സിറ്റികൾ ഓൺലൈൻ ഡിഗ്രികൾ തുടങ്ങും എന്ന് വായിക്കുന്പോൾ ‘ഈ ബുദ്ധി നമുക്ക് പണ്ടേ തോന്നിയതാണല്ലോ ദാസാ’ എന്ന് ഞാൻ ചിന്തിച്ചു പോകുന്നു. 2014 ലെ തിരുവനന്തപുരം ഡിക്ളറേഷനിലെ പത്തു ശതമാനം നിർദ്ദേശങ്ങൾ എങ്കിലും നടപ്പിലാക്കിയിരുന്നെങ്കിൽ നമ്മൾ ഈ രംഗത്ത് ഇന്ത്യക്ക് മാതൃകയായേനെ.
 
2016 ൽ കൗൺസിൽ സംഘടിപ്പിച്ച ഗ്ലോബൽ എഡ്യൂക്കേഷൻ മീറ്റിൽ പങ്കെടുക്കാൻ ഞാൻ വീണ്ടും തിരുവനന്തപുരത്ത് എത്തി. പക്ഷെ അംബാസഡർ ശ്രീനിവാസനെ സമരക്കാർ മർദ്ദിച്ചു എന്നും സമ്മേളനത്തിന്റെ ഉൽഘാടനം അലങ്കോലപ്പെട്ടു എന്നുമുള്ള വാർത്തയാണ് ഞാൻ അറിഞ്ഞത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നവരുടെ വിധിയും ഗതിയും എന്താണെന്നുള്ള പാഠം കൂടിയായിരുന്നു അത്.
 
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഞെക്കിക്കൊല്ലുന്ന യു ജി സി മുതൽ സർവ്വകലാശാലകൾ വരെയുള്ള സംവിധാനങ്ങൾ പൊളിച്ചു കളഞ്ഞിട്ട് ചട്ടങ്ങൾക്കല്ലാതെ വിദ്യാഭ്യാസത്തിന് മുൻഗണന കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ടാക്കാതെ കേരളത്തിലെ/ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം രക്ഷപെടില്ല എന്നതിൽ എനിക്കൊരു സംശയവുമില്ല. പുതിയ കേന്ദ്ര കരട് വിദ്യാഭാസ നയത്തിൽ എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഞാൻ അതിനെ പിന്തുണക്കുന്നത് യു ജി സി നിർത്തലാക്കും എന്നും എല്ലാ കോളേജുകളും ഓട്ടോണമസ് ആക്കുമെന്നും ഇവയുടെ മീതെ നീരാളിപ്പിടിത്തം നടത്തിയിരിക്കുന്ന അഫിലിയേറ്റഡ് യൂണിവേഴ്സിറ്റി പ്രസ്ഥാനം ഇല്ലാതാക്കും എന്നും വാഗ്ദാനം ചെയ്തിരിക്കുന്നത് കൊണ്ടാണ്.
 
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ ഒരു ഡസനിലധികം പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കളിയും കാര്യവും കൂട്ടിയിണക്കിയുള്ള ഈ പ്രസംഗങ്ങൾ ആണ് ഈ പുസ്തകത്തിലെ മടുപ്പിക്കുന്ന യാഥാർഥ്യങ്ങളിൽ നിന്നും നമുക്കൊരല്പം ആശ്വാസം തരുന്നത്. അംബാസഡർ ശ്രീനിവാസന്റെ ഈ പുസ്തകം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുനന്നവരും ആ വിഷയത്തിൽ താല്പര്യമുള്ളവരും തീർച്ചയായും വായിച്ചിരിക്കണം. എല്ലാ പാഠങ്ങളും നമ്മുടെ അനുഭവത്തിൽ നിന്നു തന്നെ പഠിക്കണമെന്നില്ലല്ലോ.
 
കൊണാർക്ക് പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ലിങ്ക് ഒന്നാമത്തെ കമന്റിൽ.
 
മുരളി തുമ്മാരുകുടി

Leave a Comment