പൊതു വിഭാഗം

UDF ന്റെ ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്

2026 ൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു.

‘LDF വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ വന്ന  സർക്കാർ ആണ്. അവർ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കി എന്ന് സർക്കാർ. ഇപ്പോഴത്തെ ഗവൺമെന്റ് ‘എല്ലാ രംഗത്തും പരാജയമാണെന്ന്’ പ്രതിപക്ഷം.

അതവിടെ നിൽക്കട്ടെ. ഇതൊക്കെ നമ്മൾ സാധാരണ കേൾക്കുന്ന കാര്യങ്ങൾ ആണല്ലോ.

എന്നാൽ LDFമാറി UDFവരികയാണെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് അവർ കൊണ്ടുവരാൻ പോകുന്നതെന്നറിയാൻ ജനങ്ങൾക്ക് തീർച്ചയായും അവകാശമുണ്ട്. എനിക്ക് വലിയ താല്പര്യവുമുണ്ട്.

സാധാരണഗതിയിൽ തിരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം മുൻപ് ഒരു പ്രകടനപത്രികാ കമ്മിറ്റി ഉണ്ടാക്കി തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഒരു പ്രകടനപത്രിക ഉണ്ടാക്കുക എന്നതാണ് UDF രീതി.

അതിൽ നിന്ന് മാറി, തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തന്നെ ആരോഗ്യരംഗത്ത് എന്തെല്ലാം മാറ്റങ്ങൾ വേണമെന്ന് ചർച്ച ചെയ്യാൻ ഒരു UDF ഹെൽത്ത് കമ്മീഷൻ.

ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്ന് ചർച്ച ചെയ്യാൻ ഒരു UDF ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്

അതിൽ

UDF കൺവീനർ ശ്രീ. അടൂർ പ്രകാശ്

പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ

ശ്രീ. രമേശ് ചെന്നിത്തല

ശ്രീ. കുഞ്ഞാലിക്കുട്ടി

ശ്രീ. ഷിബു ബേബി ജോൺ

ശ്രീ. രാജൻ ബാബു

ശ്രീ. ജോയ് എബ്രഹാം

എനിക്ക് മനസ്സിലായിടത്തോളം എല്ലാ UDFകക്ഷികളും പരമാവധി അവരുടെ ഉന്നത നേതാക്കൾ തന്നെ. ഇതൊരു നല്ല തുടക്കമാണ്.

ബ്രിട്ടനിൽ ഒക്കെ ഉള്ളത് പോലെ ഒരു ‘ഷാഡോ’ മന്ത്രിസഭ ഉണ്ടാക്കാൻ UDF ശ്രമിക്കണമെന്ന് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു. ഇനിയിപ്പോൾ അതിന് സമയമില്ല. പക്ഷെ കേരളത്തെ  ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ഇത്തരത്തിലുള്ള കോൺക്ലേവുകളുടെ ആവശ്യമുണ്ട്.

സ്‌കൂൾ വിദ്യാഭ്യാസം, തൊഴിൽ രംഗം, മാലിന്യ നിർമ്മാർജ്ജനവും ശുചിത്വവും, പ്രായമായവരുടെ സംരക്ഷണം, മയക്കുമരുന്നുകൾ, ആഭ്യന്തര സുരക്ഷയും പോലീസിങ്ങും, സാമൂഹ്യ സംരക്ഷണവും പെൻഷനും, യുവജനങ്ങളുടെ വിഷയങ്ങൾ, വിദേശ വിദ്യാഭ്യാസം, ഇതരസംസ്ഥാന തൊഴിലാളികൾ, ധനകാര്യം – വരവും ചിലവും – ഇതിലെല്ലാം  UDF അനുഭാവികളുടെ മാത്രമല്ല കേരളത്തിനകത്തും പുറത്തുമുള്ള ഈ വിഷയത്തിൽ അറിവുള്ളവരുടെ അഭിപ്രായം തേടണം. (എന്നെക്കൂടി വിളിക്കണം എന്ന് വ്യംഗ്യം)

ഒരു കോൺക്ലേവിൽ ഒതുക്കുകയല്ല, ഒരു ധവളപത്രമായി തുടങ്ങി ഒരു പോളിസി പേപ്പർ ആയി അവസാനിക്കുന്ന ഒരു പ്രക്രിയ. അതിൽ നിന്നും ഏറ്റവും പ്രധാനപ്പെട്ട പ്രായോഗികമായ നിർദ്ദേശങ്ങൾ പ്രകടനപത്രികയിൽ എത്തണം.

ഭരണത്തിന്റ കുറ്റം കൊണ്ട് മാത്രമല്ല മുന്നോട്ട് വെയ്ക്കുന്ന നയങ്ങളുടെ പുതുമ കൊണ്ടുകൂടി ആകർഷകമാകുന്ന ഒരു പ്രതിപക്ഷം ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

എല്ലാ ആശംസകളും!

മുരളി തുമ്മാരുകുടി

(സംസാരിച്ചവർ എല്ലാം തന്നെ പുരുഷന്മാർ ആയിരുന്നു എന്നത് ഒരു പോരായ്മയാണ്, പക്ഷെ നേതാക്കൾ പുരുഷന്മാർ ആകുമ്പോൾ പിന്നെ വേറെ മാർഗ്ഗമില്ലല്ലോ. പ്രതിനിധികളിൽ സ്ത്രീകൾ ഉണ്ടായിക്കാണും എന്ന് വിശ്വസിക്കുന്നു. ഈ സെഷൻ മോഡറേറ്റ് ചെയ്ത സ്ത്രീ (പേരറിയില്ല) വളരെ ഗംഭീരമായി അത് ചെയ്തു. ഒരു ടൈമറിന്റെ സഹായത്തോടെ ഈ നേതാക്കളോടൊക്കെ നാലു മിനുട്ട് കൊണ്ട് കാര്യം പറഞ്ഞവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു, അവർ അത് ചെയ്യുകയും ചെയ്തു. അനുകരണീയമായ മാതൃകയാണ്. സാധാരണഗതിയിൽ ഇത്തരം നേതാക്കളെ കിട്ടിയാൽ അവർക്ക് സ്വാഗതം പറഞ്ഞു തന്നെ അരമണിക്കൂർ കളയും).

മുരളി തുമ്മാരുകുടി  

May be an image of 7 people, dais and text that says "was live. ۷ VD D Satheesan 5h. യു.ഡി.എഫ് ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്. … ത്ത വർത്ത മാനം ON REDEEMING REDEEMING&REBOO & REBOOTING Hi. Hi.Ed.Con. HI.Ed.Con.SHIGHEREOUCATION Ed. Con. S HIGHER EDUCATION TION UDFO acton UDF Conc nclave 円 Hi. Hi.Ed.Con. Ed. Con. 22:22/26:10 22:22 26:10"

Leave a Comment