പാലക്കാട് ഒരു ഇതര സംസ്ഥാന തൊഴിലാളിയെ മലയാളികൾ മർദ്ദിച്ചു കൊന്നതിന്റെ വാർത്ത വായിക്കുന്നു, വീഡിയോ ശ്രദ്ധിക്കുന്നു. എന്തൊരു കഷ്ടമാണ്.
ജീവിക്കാൻ വേണ്ടി മറുനാടുകളിൽ പോയി പണിയെടുക്കുന്ന മലയാളികളാണ് കേരളത്തിന്റെ ഇന്നത്തെ പുരോഗതിയുടെ ഒരു പ്രധാന ഘടകം എന്ന് എല്ലാവരും അംഗീകരിക്കുന്നു. മലയാളികൾ പോകുന്ന നാടുകളിൽ നമുക്കെതിരെ ഉണ്ടാകുന്ന എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും റേസിസത്തെയും ഒക്കെപ്പറ്റി നമ്മൾ വാചാലരാകുന്നു.
എന്നാൽ ജീവിക്കാൻ വേണ്ടി കേരളത്തിൽ എത്തുന്നവരെ കൂട്ടം കൂടി മർദ്ദിക്കുന്നതിനോ കൊല്ലുന്നതിനോ ഒരു ബുദ്ധിമുട്ടുമില്ല. ഇതിപ്പോൾ ആദ്യത്തേതാണോ? അല്ല. ആൾക്കൂട്ട ആക്രമണം മാത്രമല്ല, ആൾക്കൂട്ട കൊല വരെ നമ്മൾ ഇതര സംസ്ഥാന തൊഴിലാളികളോട് നടത്തിയിട്ടുണ്ട്.
ഈ തല്ലുകൊള്ളുന്നവരൊന്നും പ്രത്യേകിച്ച് രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങൾ ഉള്ളവരല്ല, അവർക്ക് സാമ്പത്തിക സ്ഥിതി ഇല്ല, എന്തിന് ഭാഷ പോലും അറിയില്ല. അപ്പോൾ അവർക്ക് നമ്മുടെ പോലീസിനെയോ മറ്റു സംവിധാനങ്ങളെയോ സമീപിക്കാൻ പല പരിമിതികളുണ്ട്. സമീപിച്ചാൽ പോലും രാഷ്ട്രീയബന്ധങ്ങളും സാമ്പത്തികസ്ഥിതിയും ഉള്ള നാട്ടുകാരാണ് പ്രതികൾ എന്ന് വരുമ്പോൾ അവർക്ക് നീതി കിട്ടില്ല.
ഇതിന് മുൻപ് ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചവരോ കൂട്ടംകൂടി കൊന്നവരോ ഒന്നും അവരുടെ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷ അനുഭവിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്.
അഞ്ചു പേരെ അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. അത്രയും നല്ലത്. അവർ ശിക്ഷിക്കപ്പെടുമോ? ഇത്തവണയും കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയില്ല, പക്ഷെ ആഗ്രഹമുണ്ട്.
മലയാളികൾ മറുനാടുകളിൽ എങ്ങനെ സ്വീകരിക്കപ്പെടണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതുപോലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വീകരിക്കാൻ നമ്മളും തയ്യാറാകുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.
മുരളി തുമ്മാരുകുടി


Leave a Comment