ഒരു മാസം മുൻപ് മാത്രമാണ് ‘നന്ദഗോവിന്ദം ഭജൻസ്’ എന്ന ഭജന ഗ്രൂപ്പിന്റെ റീലുകൾ എന്റെ ടൈംലൈനിൽ വന്നു തുടങ്ങിയത്.
ഞാൻ റിട്ടയർ ചെയ്യാൻ പോകുന്ന കാര്യം ഒരുപക്ഷെ ഫേസ്ബുക്ക് അൽഗോരിതം മനസ്സിലാക്കിക്കാണും. പൊതുവെ കേരളത്തിൽ എനിക്ക് ചുറ്റുമുള്ള റിട്ടയർ ആകുന്നവർ ഭക്തി മാർഗ്ഗത്തിലേക്കാണ് ചായുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഞാനും ഇനി യുക്തിമാർഗ്ഗം വെടിഞ്ഞു ഭക്തി മാർഗ്ഗം ആയിരിക്കും സ്വീകരിക്കുക എന്ന് സുക്കർബർഗ്ഗ് കരുതിക്കാണും. കുറ്റം പറയാൻ പറ്റില്ല.
ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന തരത്തിലാണ് അവരുടെ ഭജനയും പാട്ടും. പാട്ടിന്റെ രീതി മാത്രമല്ല, അവരുടെ ഡ്രെസ്സിന്റെ കോർഡിനേഷൻ, സ്റ്റേജ് സെറ്റിങ്, ഓഡിയൻസുമായുള്ള ഇന്റെറാക്ഷൻ, പാട്ടു കേൾക്കാൻ വന്നെത്തുന്നവരെ പാടിയും കൈ കൊട്ടിയും മൊബൈൽ വീശിയും ലൈറ്റ് അണച്ച് മൊബൈൽ ടോർച്ച് ഓൺ ചെയ്തു വീശിയുണ്ടാക്കുന്ന മാസ്മരികമായ ഒരു അന്തരീക്ഷം. കല മാത്രമല്ല കലാ സംവിധാനവും അതിമനോഹരമാണ്.
ഇത്തവണ നാട്ടിൽ വന്നപ്പോൾ ഞാൻ എന്റെ വീട്ടുകാരോടൊക്കെ നന്ദഗോവിന്ദം ഭജൻസിനെ പറ്റി ചോദിച്ചു. എല്ലാവരും അവരുടെ ഫാൻസ് ആണ്. എവിടെയെങ്കിലും ലൈവ് കാണാൻ നോക്കിയിരിക്കുകയാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം മുപ്പത് വർഷത്തിലേറെയായി നന്ദഗോവിന്ദം ഭജൻസ് പരിപാടികൾ നടത്തി തുടങ്ങിയിട്ട്. അടുത്തയിടക്കാണ് ഇത്രമാത്രം പോപ്പുലർ ആകുന്നത്. അടുത്ത വർഷം വിദേശ ടൂർ ഒക്കെ ഉണ്ടെന്ന് വായിക്കുന്നു. ജർമ്മനിയിലേക്ക് ഉണ്ടോ എന്ന് നോക്കണം.
ഒരു പ്രസ്ഥാനത്തിന്റെ വിജയം അതുപോലെ മറ്റു പ്രസ്ഥാനങ്ങളുടെ വരവിനെ പ്രോത്സാഹിപ്പിക്കുമല്ലോ. ന്യൂ ജൻ ഭജനിന്റെ കാര്യത്തിലും ഇത് ശരിയാണ്. ഇപ്പോൾ കേരളത്തിൽ ഇത്തരം ന്യൂ ജെൻ ഭജൻ ഗ്രൂപ്പുകൾ പലതുണ്ട്.
ആരാണ് ഇവരുടെ ഓഡിയൻസിൽ ഉള്ളതെന്ന് ശ്രദ്ധിക്കുകയായിരുന്നു. പണ്ടൊക്കെ ഭജൻ എന്ന് പറഞ്ഞാൽ അത് ഞങ്ങൾ ബൂമേഴ്സിന്റെ കുത്തകയായിരുന്നു. പക്ഷെ ഇതങ്ങനെയല്ല. മില്ലേനിയൽസും ജെൻ സി യും ഒക്കെയാണ് ഭൂരിപക്ഷം ആസ്വാദകരും. അതൊരു അതിശയമായി.
ഇന്നിപ്പോൾ അമേരിക്കയിൽ നിന്നുള്ള ഒരു വാർത്ത ശ്രദ്ധിക്കുകയായിരുന്നു. ഈ ന്യൂ ജെൻ ഭജൻ കേരളത്തിൽ മാത്രം ഉള്ളതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മെട്രോകളിൽ ‘ഭജൻ ക്ളബ്ബിങ്’ പോപ്പുലർ ആവുകയാണ്.
ബിയറും വൈനും കുടിച്ചു പബ്ബിലും ക്ലബ്ബിലും പാട്ടുപാടി ഉല്ലസിക്കുന്ന തലമുറയെയാണ് നമ്മുടെ മാധ്യമങ്ങളും സിനിമകളും ഒക്കെ പ്രോജക്ട് ചെയ്യുന്നത്. അതിനൊരപവാദമായി മോരുംവെള്ളവും നാരങ്ങാവെള്ളവും കുടിച്ചു ഭജനയും പാടി നൃത്തം ചെയ്യുന്ന ഒരു പാരലൽ സംസ്കാരം ഇന്ത്യയിൽ വളർന്നു വരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. കേരളവും അതിൽ പങ്കാളികളാകുന്നു.
Religion for Athiest എന്ന പുസ്തകത്തിൽ കല, സാമൂഹ്യ ബന്ധങ്ങൾ ഉണ്ടാക്കുക, പ്രസ്ഥാനങ്ങളെ ഉണ്ടാക്കുകയും വളർത്തുകയും ചെയ്യുക, മാനസിക സംഘർഷം ലഘുകരിക്കുക എന്നിങ്ങനെ അനവധി കാര്യകളിൽ മതത്തിന് പുറത്തുള്ളവർക്കും മതങ്ങളുടെ രീതികളിൽ നിന്നും ഏറെ പഠിക്കാനുണ്ട് എന്നാണ് വാദിക്കുന്നത്.
ജെൻ സി യെ ആകർഷിക്കുന്നതിലൂടെ ന്യൂ ജെൻ ഭജൻ സംഘങ്ങളും നമ്മളെ ചിലത് മനസ്സിലാക്കിക്കുന്നുണ്ട്.
മുരളി തുമ്മാരുകുടി





Leave a Comment