പഠിക്കുന്ന കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം ചരിത്രം ആയിരുന്നു. അതി പ്രഗൽഭരായ രണ്ടു ചരിത്രാധ്യാപകർ എനിക്കുണ്ടായിരുന്നതായിരിക്കണം അതിന് കാരണം.
എട്ടാം ക്ലാസ്സിൽ ചരിത്രം പഠിപ്പിച്ച പി. ഓ. തോമസ് സർ, ഒമ്പതിലും പത്തിലും പഠിപ്പിച്ച ഓ. എബ്രഹാം സർ.
ചരിത്രപഠനം ഒരു കരിയർ ആയി എടുത്താൽ തൊഴിൽ രംഗത്ത് വലിയ സാദ്ധ്യതകൾ ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയാണ് എനിക്ക് പ്രത്യേകിച്ച് താല്പര്യം ഒന്നുമില്ലാത്ത എഞ്ചിനീയറിങ്ങ് പഠിച്ചത്.
49 കോഴ്സുകൾ എഞ്ചിനീയറിങ്ങിന് പഠിക്കാൻ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ആസ്വദിച്ച് പഠിച്ചത് ഒന്നാം വർഷത്തെ ‘ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം’ എന്ന വിഷയമാണ്. ശ്രീ. ആർ. വി. ജി. മേനോൻ സാറിന്റെ ഇതേ പേരിലുള്ള ഒരു പുസ്തകവും ഉണ്ടായിരുന്നു.
അതിന് ശേഷം പഠിച്ച ഓരോ വിഷയത്തിലും, അത് സർവ്വേ ആണെങ്കിലും ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിങ്ങ് ആണെങ്കിലും പരിസ്ഥിതി എഞ്ചിനീയറിങ്ങ് ആണെങ്കിലും ആ സാങ്കേതിക ശാഖയുടെ ചരിത്രം വായിച്ചു മനസ്സിലാക്കുന്നതിൽ എനിക്ക് വലിയ താല്പര്യമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.
ഇന്ത്യയെ സർവ്വേ ചെയ്തു ചിട്ടപ്പെടുത്തിയ ‘Great Triangulation Survey’ യുടെ ചരിത്രം പറയുന്ന ‘The Great Arc’ എന്ന മനോഹര പുസ്തകം ഒക്കെ അങ്ങനെ വായിച്ചതാണ്.
പുതിയതായി ഒരു പ്രൊഫഷനിലേക്ക് വരുന്നവർ, അത് എഞ്ചിനീയറിങ്ങ് ആയാലും, വക്കീൽ പണി ആയാലും, ഡോക്ടർ ആയാലും ആ പ്രൊഫഷന്റെ ചരിത്രം മനസ്സിലാക്കിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. ചരിത്രമില്ലാത്ത കാലം മുതൽ എങ്ങനെയാണ് മനുഷ്യർ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തത്, എങ്ങനെയാണ് ലോകത്തെ വിവിധ ഭാഗങ്ങളിൽ ഇത് ഒരു പ്രൊഫഷനായി രൂപപ്പെട്ടത്, കാല ദേശാന്തരങ്ങളിൽ ഈ പ്രൊഫഷന്റെ വെല്ലുവിളികൾ എന്തൊക്കെയായിരുന്നു, ഇതൊക്കെ അറിയുമ്പോൾ കൂടിയാണ് ഒരു പ്രൊഫഷണൽ എന്നുള്ള നിലയിൽ നമ്മുടെ അറിവും ആത്മവിശ്വാസവും പൂർണ്ണമാകുന്നത് എന്നാണ് എന്റെ വിശ്വാസം.
എം. ബി. ബി. എസ്. കരിക്കുലത്തിൽ ഹിസ്റ്ററി ഓഫ് മെഡിസിൻ പഠിപ്പിക്കണം എന്നൊരു നിർദ്ദേശം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പണ്ടേ നടത്തിയിരുന്നു. പക്ഷെ നാഷണൽ റാങ്കിങ്ങിൽ ആദ്യത്തെ 25 റാങ്കുകൾ ഉള്ള മെഡിക്കൽ കോളേജുകളിൽ ആറെണ്ണത്തിൽ മാത്രമാണ് വൈദ്യശാസ്ത്ര ചരിത്രം പഠിപ്പിക്കുന്നത് എന്നാണ് ഒരു പഠനം പറയുന്നത്. ഇത് മാറേണ്ടതാണ്.
രോഗത്തിനും ചികിത്സക്കും മനുഷ്യനോടൊപ്പം തന്നെ പഴക്കമുണ്ടായിരിക്കണം. ലോകത്തെല്ലായിടത്തും വിശ്വാസവും മന്ത്രവും മരുന്നുമായി വൈദ്യശാസ്ത്രം നിലനിന്നിരിക്കണം. ആ അറിവുകളുടെ, പരിചയത്തിന്റെ മുകളിലാണ് ഇന്ന് നമ്മൾ പ്രാക്ടീസ് ചെയ്യുന്ന ആധുനിക വൈദ്യവും മറ്റു വൈദ്യശാഖകളും നിലനിൽക്കുന്നത്.
ഇതൊക്കെ എന്നെ ചിന്തിപ്പിച്ചത് എന്റെ സുഹൃത്തുകൂടിയായ ഡോക്ടർ സലീമാ ഹമീദ് എഴുതിയ ‘പുരാതന വൈദ്യശാത്രത്തിന്റെ ചരിത്രം’ എന്ന പുസ്തകം കണ്ടപ്പോൾ ആണ്.
നൂറ്റി അമ്പതിൽ പരം പേജുള്ള പുസ്തകമാണ്. പക്ഷെ ചരിത്രമായതിനാൽ ഒറ്റ ഇരിപ്പിൽ ഒരു ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അക്കാദമിക് വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഒട്ടും അക്കാദമിക് അല്ല ഭാഷ. ആർക്കും എളുപ്പത്തിൽ വായിച്ചു പോകാവുന്നതാണ്. വളരെ വിശാലമായ ഒരു കാൻവാസിലാണ് ഡോക്ടർ സലീമ വൈദ്യശാസ്ത്ര ചരിത്രം എഴുതുന്നത്.
പുരാതന ഇന്ത്യയിൽ, ചൈനയിൽ, ഗ്രീസിൽ, ഈജിപ്തിൽ, മെസപ്പെട്ടോമിയയിൽ ഒക്കെ എങ്ങനെയാണ് വൈദ്യശാസ്ത്രം രൂപം കൊണ്ടത്? എങ്ങനെയാണ് വൈദ്യശാസ്ത്രവും മതങ്ങളും തമ്മിൽ ബന്ധിതമായിരുന്നത്? വൈദ്യശാസ്ത്ര പഠനം എങ്ങനെയായിരുന്നു? അഞ്ചു വർഷത്തെ മെഡിക്കൽ പഠനവും ഒരു വർഷത്തെ ഇന്റേൺഷിപ്പും ഒക്കെ ഏത് നൂറ്റാണ്ടിലാണ് ക്രോഡീകരിക്കപ്പെട്ടത്? യുദ്ധങ്ങൾ എങ്ങനെ വൈദ്യശാസ്ത്രത്തെ ബാധിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എങ്ങനെയാണ് ശസ്ത്രക്രിയ രൂപങ്ങളും ഉപകരണങ്ങളും ഉണ്ടായത്? സ്ത്രീരോഗ ചികിത്സ എങ്ങനെയാണ് പ്രത്യേകമായി രൂപപ്പെട്ടതും വികസിച്ചതും?
എവിടെയാണ് ആദ്യത്തെ ആശുപത്രികൾ ഉണ്ടായത്? എന്തൊക്കെ വസ്തുക്കളാണ് മരുന്നുകൾ ആയി ഉപയോഗിക്കപ്പെട്ടത്? എവിടെയാണ് ആദ്യത്തെ ഫർമസികൾ ഉണ്ടായത്? ഡോക്ടർമാർക്ക് സമൂഹത്തിലുള്ള സ്ഥാനം എങ്ങനെയാണ് നിർവ്വചിക്കപ്പെട്ടത്? ഡോക്ടർമാരുടെ പ്രൊഫഷനിൽ പാലിക്കേണ്ട മര്യാദകൾ ഏതൊക്കെയാണെന്ന് ആരാണ് ക്രോഡീകരിച്ചത്? കാലവും ദേശവും വൈദ്യശാസ്ത്രത്തിന്റെ അടിമുടി മാറ്റവും കഴിഞ്ഞിട്ടും എങ്ങനെയാണ് ഇതിൽ പലതും ഇന്നും നിലനിൽക്കുന്നത്?
വൈദ്യശാസ്ത്രത്തിന്റെ ചരിത്രം വായിക്കുമ്പോൾ മനുഷ്യകുലം രോഗങ്ങളെ മനസ്സിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നേടിയ അതിശയകരമായ പുരോഗതിയിൽ നമുക്ക് ആശ്ചര്യവും അഭിമാനവും ഉണ്ടാകും.
അതേ സമയം തന്നെ കാലദേശാന്തരങ്ങളിൽ മനുഷ്യ ശരീരത്തെയോ രോഗത്തെയോ പറ്റി വേണ്ടത്ര അറിവില്ലാതിരുന്ന കാലത്ത് ചികിത്സ രോഗത്തെക്കാൾ അപകടം പിടിച്ചതായിരുന്നല്ലോ എന്ന് പലപ്പോഴും തോന്നും.
തികച്ചും നോൺ ജഡ്ജ്മെന്റൽ ആയിട്ടാണ് ഡോക്ടർ സലീമ വൈദ്യശാസ്ത്ര ചരിത്രത്തെ കൈകാര്യം ചെയ്യുന്നത്. ചിലത് ശരി ചിലത് തെറ്റ് ചിലത് ശാസ്ത്രീയം ചിലത് അശാസ്ത്രീയം എന്ന വേർതിരിവുകൾ ഇല്ല.
ഓരോ കാലത്തിലും ദേശത്തിലും ഉള്ള മനുഷ്യർ അവരുടെ അറിവിനും കഴിവിനും അനുസരിച്ചു രോഗത്തെ മനസ്സിലാക്കാനും അത് ചികിൽസിക്കാനും ശ്രമിച്ചു. രോഗിക്ക് ആശ്വാസം നൽകുക എന്നത് തന്നെയായിരുന്നു എല്ലാവരുടെയും ലക്ഷ്യം.
രോഗം ബാധിച്ചവർക്ക് ചെല്ലാനൊരിടം, ചിലപ്പോൾ അവസാനത്തെ ആശ്രയം ഇതൊക്കെയായിരുന്നു പുരാതന കാലത്ത് വൈദ്യ ശാസ്ത്രം. ഇന്നും അതിൽ മാറ്റമൊന്നുമില്ല!
മറ്റൊരു കാര്യം വായിച്ചു ഞാൻ അന്തംവിട്ടു. അനവധി പുരാതന സമൂഹങ്ങളിൽ ചികിത്സ ഫലിച്ചില്ലെങ്കിൽ ഡോക്ടർക്ക് ശിക്ഷാവിധികൾ ഉണ്ടായിരുന്നു. സർജൻ ആയിരുന്നവരുടെ കൈ വെട്ടിക്കളയുക വരെ സാധാരണമായിരുന്നുവത്രേ !! (ചികിത്സക്കിടയിൽ രോഗി മരിച്ചാൽ ഡോക്ടറെ അടിക്കാൻ പോകുന്ന കേരളത്തിലെ സംസ്കാരം അതിന്റെ തുടർച്ചയാണെന്ന് തോന്നുന്നു).
കേരളത്തിലെ ഹെൽത്ത് യൂണിവേഴ്സിറ്റി ഈ പുസ്തകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യശാസ്ത്ര ചരിത്രം നിലവിൽ സിലബസ്സിൽ ഇല്ലെങ്കിൽ അത് സിലബസ്സിൽ ഉൾപ്പെടുത്തണം. ഈ വിഷയത്തിൽ ഇംഗ്ളീഷിൽ റഫറൻസ് പുസ്തകങ്ങൾ ഏറെയുണ്ട്. ഈ മലയാള പുസ്തകവും കുട്ടികൾക്ക് നിർബന്ധമായും പഠനത്തിനായി ലഭ്യമാക്കണം.
മറ്റു ഡോക്ടർ സുഹൃത്തുക്കളും ചരിത്രത്തിൽ താല്പര്യമുളളവരും പുസ്തകം വായിക്കേണ്ടതാണ്. നഷ്ടം വരില്ല.
ഇത്രയും സമയമെടുത്ത് ഈ പുസ്തകം എഴുതിയ ഡോക്ടർ Saleema Hameed ന് നന്ദി.
മുരളി തുമ്മാരുകുടി


Leave a Comment