Kerala Infrastructure Investment Fund Bond (KIIFB) യൂടെ ഇരുപത്തി അഞ്ചാം വാർഷികത്തിന്റെ ആഘോഷങ്ങൾ ശ്രദ്ധിക്കുന്നു.
KIIFB ക്ക് 25 വയസ്സായി എന്നത് സത്യത്തിൽ എനിക്ക് അത്ഭുതമാണ്. കാരണം കഴിഞ്ഞ പത്തുവർഷമായിട്ടാണ് കിഫ്ബിയെ പറ്റി നമ്മൾ കൂടുതൽ കേൾക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി കിഫ്ബിയെപ്പറ്റി കേൾക്കാത്ത മലയാളികൾ ഇല്ല.
KIIFB വഴി നിർമ്മിക്കപ്പെടുന്ന അനവധി അടിസ്ഥാന സൗകര്യങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ ഇവയൊക്കെ നമുക്ക് ചുറ്റുമുണ്ട്. 1190 പ്രോജക്ടുകൾക്കായി തൊണ്ണൂറായിരം കോടിക്കപ്പുറം നിക്ഷേപമാണ് നടന്നിരിക്കുന്നത്. ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ മാറ്റമില്ലാതെ എല്ലാ മണ്ഡലങ്ങളിലും പദ്ധതികൾ ഉണ്ട്.
എന്നാൽ ചുറ്റിലും ഉയർന്നു വരുന്ന നല്ല കാര്യങ്ങൾ കൊണ്ട് മാത്രമല്ല KIIFB നമുക്ക് പരിചിതമായത്. മസാല ബോണ്ട് മുതൽ ഇ ഡി വരെ പലവിധ കോലാഹലങ്ങളും KIIFB യെ ചുറ്റിപ്പറ്റി ഉണ്ടായി. KIIFB യെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഇപ്പോഴും കേരളത്തിലുണ്ട്. ഏറെ എതിർപ്പുകളും രാഷ്ട്രീയപരമാണ് എങ്കിലും കിഫ്ബിക്കെതിരെയുള്ള എല്ലാ എതിർപ്പും രാഷ്ട്രീയമല്ല. കടം വാങ്ങി പണം ചിലവാക്കുമ്പോൾ അത് തിരിച്ചടക്കാനുള്ള ‘വരവ്’ ഇല്ലാത്ത ഒരു ഇൻവെസ്റ്റ്മെന്റ് സംവിധാനം എങ്ങനെയാണ് നല്ല സാമ്പത്തിക പദ്ധതിയാകുന്നത് എന്നതാണ് പ്രധാന സംശയം.
സർക്കാർ മേഖലയിലുള്ള സ്കൂളോ കോളേജോ ആശുപത്രിയോ പോലുള്ള വരുമാനമില്ലാത്ത പ്രോജക്ടുകളിൽ നിക്ഷേപിക്കുമ്പോൾ, വരുമാന സാധ്യതയുള്ള റോഡുകളിൽ നിക്ഷേപിക്കുമ്പോൾ പോലും അതിൽ നിന്നും ടോൾ വഴി പണം പരിക്കില്ല എന്ന് പ്രഖ്യാപിക്കുമ്പോൾ, സാധാരണ സാമ്പത്തികശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യത്തിൽ കൂടി നോക്കുമ്പോൾ KIIFB നല്ലൊരു മാതൃകയല്ല.
KIIFB യെ നമ്മൾ മനസ്സിലാക്കേണ്ടത് വെറും ഒരു കടമെടുപ്പ് സ്ഥാപനമയിട്ടല്ല. നവകേരള നിർമ്മാണത്തിന്റെ ശക്തമായ ഒരു ഘടകമായിട്ടാണ്. അതേസമയം തന്നെ KIIFB ഫെഡറൽ സംവിധാനത്തിന്റെ പരിമിതികളെ മറികടക്കാൻ കമ്പോള സാധ്യതകളെ സമർത്ഥമായി ഉപയോഗിക്കുന്ന ഒരു സാമ്പത്തിക സംവിധാനം കൂടിയാണ്.
കേരളത്തിൽ ഒന്നും നടക്കില്ല എന്ന് ചിന്തിച്ചിരുന്ന മൂന്നു കോടി ജനങ്ങളുടെ കണ്മുൻപിൽ പ്രത്യക്ഷ രൂപത്തിൽ സമയബന്ധിതമായി സ്കൂളും കോളേജും ആശുപത്രിയും റോഡും പാലവും ഒക്കെയായി KIIFB മാറ്റത്തിന്റെ ലക്ഷ്യങ്ങൾ കൊണ്ടുവെയ്ക്കുകയാണ്. ഇന്ത്യയിൽ എവിടെ നിന്നും, ലോകത്ത് തന്നെ പലയിടത്തുനിന്നും വരുന്നവർക്ക് നമ്മുടെ ഗ്രാമങ്ങളിൽ പോലും കാണുന്ന ഇത്തരം പല സംവിധാനങ്ങളും അതിശയകരമായി തോന്നുന്നുണ്ട്. ഇത് നമ്മൾ മനസ്സിലാക്കി വരുന്ന കാലത്ത് നമ്മുടെ നാടിനെപ്പറ്റി കൂടുതൽ അഭിമാന ബോധം എല്ലാവർക്കും ഉണ്ടാകും. അന്ന് ‘ഖേരള’ത്തിൽ നിന്നും കേരളത്തിലേക്കുള്ള ആളുകളുടെ യാത്ര തുടങ്ങും.
ചെറിയൊരു പദ്ധതി പോലും പതിറ്റാണ്ടുകൾ എടുത്തിരുന്ന കാലത്തു നിന്നും ഒരു സർക്കാരിന്റെ ഭരണകാലത്ത് തന്നെ പദ്ധതികൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രോജക്റ്റ് മാനേജമെന്റ് വൈദഗ്ധ്യവും KIIFB കൊണ്ടുവരുന്നുണ്ട്. ‘സർക്കാർ കാര്യം മുറപോലെ’ എന്ന ചൊല്ലിന് പുതിയ അർത്ഥങ്ങൾ ഉണ്ടാകുന്നു.
ലോകത്തെവിടെയും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മൂന്നു കാര്യങ്ങളിൽ നിക്ഷേപം നടത്തിയ രാജ്യങ്ങൾ എല്ലാം തന്നെ സുസ്ഥിര വികസന പാതയിൽ ആണെന്ന് ലോകത്തെവിടെയും ഉദാഹരണങ്ങൾ ഉണ്ട്. ഈ മൂന്നു വിഷയത്തിലും നടത്തുന്ന നിക്ഷേപണങ്ങളിലൂടെ കേരളം ഇപ്പോൾ വികസനത്തിന്റെ അടുത്ത പടിയിലേക്ക് ഉയരാനുള്ള ഒരു ‘ക്രിട്ടിക്കൽ മാസ്സിന്’ തൊട്ടടുത്താണ്. (ഈ ക്രിട്ടിക്കൽ മാസ്സ് പ്രയോഗം KIIFB സി ഇ ഓ ശ്രീ. കെ എം അബ്രഹാമിന്റെ ഇന്നത്തെ പ്രസംഗത്തിൽ നിന്നും കടമെടുത്തതാണ്).
കേരളത്തിന് പുറത്തു നിന്നും നോക്കുമ്പോൾ കേരളത്തിൽ ഉണ്ടാകുന്ന മാറ്റം, കേരളം ഒരു കുതിച്ചുചാട്ടത്തിന് തൊട്ടടുത്താണ് എന്നത് വളരെ വ്യക്തമാക്കുന്നു. കേരളം പല കാര്യങ്ങളിലും ഇന്ത്യയിൽ നമ്പർ വൺ ആണെന്നത് ഇക്കാര്യത്തിന്റെ ഒരു സൂചികയാണെങ്കിലും അത്ര പ്രസക്തമല്ല, കാരണം കേരളത്തിന്റെ വികസനത്തിന്റെ അടുത്ത പടിയിൽ നമ്മൾ മാതൃകയായി കാണുന്നതും മത്സരിക്കുന്നതും അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പ് സമൂഹങ്ങളോടാണ് (ആളോഹരി വരുമാനം പതിനായിരം ഡോളറിനും മുകളിൽ ഉള്ളത്).
കൃത്യമായ ലക്ഷ്യബോധത്തോടെ സമയബന്ധിതമായ പദ്ധതി നിർവ്വഹണങ്ങളിലൂടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഉള്ള ഊന്നലുകളിലൂടെ നമ്മൾ മുന്നോട്ടു പോയാൽ 2030 ആകുമ്പോഴെങ്കിലും നമ്മൾ ചിന്തിക്കാത്ത ഒരു തലത്തിൽ എത്തുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. അന്ന് അതിന്റെ ക്രെഡിറ്റ് എടുക്കാൻ ഏറെ ആളുകളും ആശയങ്ങളും ഉണ്ടാകും. എന്നാൽ KIIFB ആയിരിക്കും അതിന് ഏറ്റവും അർഹമായത്.
ഒരു കാര്യം കൂടി എനിക്ക് ഉറപ്പാണ്. ഇന്ന് KIIFB യെ രാഷ്ട്രീയ കാരണങ്ങളാൽ തള്ളിപ്പറയുന്ന പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നാളെ KIIFB മാതൃക പഠിക്കാൻ കേരളത്തിൽ എത്തും, മറ്റു സംസ്ഥാനങ്ങളിൽ KIIFB കൾ ഉണ്ടാകും!.
കിഫ്ബിക്ക് എല്ലാ ആശംസകളും, അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ!
മുരളി തുമ്മാരുകുടി

Leave a Comment