എന്റെ ചെറുപ്പകാലത്തൊക്കെ സ്ഥിരം കേട്ടുകൊണ്ടിരുന്ന മുദ്രാവാക്യമായിരുന്നു, “ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി” എന്നത്.
2026 ൽ കേരളത്തിൽ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ സാഹചര്യത്തിൽ ഈ ചോദ്യത്തിന് വലിയ പ്രസക്തി ഉണ്ട്. ഒമ്പത് വർഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന LDF രണ്ടു പ്രകടന പത്രികകളിലായി ഉണ്ടായിരുന്ന നൂറു കണക്കിന് ആശയങ്ങൾ. അവ നടപ്പിലാക്കാൻ ലഭിച്ച പത്തു വർഷത്തെ ഭരണം.
അതുകൊണ്ട് തന്നെ മൂന്നാമതൊരു ഊഴം ഭരണത്തിനായി വോട്ടു തേടി ജനങ്ങളുടെ മുന്നിൽ എത്തുമ്പോൾ മുൻപ് പറഞ്ഞ കാര്യങ്ങളിൽ എന്തൊക്കെ ചെയ്തു, ഇനി എന്താണ് പുതിയതായി വാഗ്ദാനം ചെയ്യുന്നത് എന്നെല്ലാം കൃത്യമായും വിശദമായും പറഞ്ഞേ പറ്റൂ. പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ ജനം സമ്മതിക്കില്ല.
അതുകൊണ്ടാണ് ഇപ്പോൾ കേരളത്തിലെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ‘വിഷൻ 2031’ സമ്മേളനങ്ങളെ ഞാൻ ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്നത്. ആരോഗ്യവും ഉന്നത വിദ്യാഭ്യാസവും മുതൽ സാമ്പത്തികവും സ്ഥലവിനിയോഗവും വരെ 33 വിഷയങ്ങളിലാണ് വിഷൻ 2031 നടക്കുന്നത്.
ഇതിൽ പല സമ്മേളനങ്ങൾക്കും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ നാട്ടിൽ ഇല്ലാത്ത സമയമായിപ്പോയി. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ നേതൃത്വത്തിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. സർക്കാരിന്റെ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. പിന്നീട് സമാന്തര സെഷനുകളിലായി ചർച്ചകൾ നടക്കുന്നു. പിന്നെ ചർച്ചകൾ ക്രോഡീകരിച്ച് ഡിപ്പാർട്മെന്റൽ വിഷൻ. സമഗ്രമായ ഒരു പദ്ധതിയാണ്.
നമ്മുടെ പ്രതിപക്ഷവും ഇത്തരത്തിൽ സമ്മേളനങ്ങൾ നടത്തി അവരുടെ കാര്യപരിപാടികളും ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കേണ്ടതാണ്. ഞാൻ അറിഞ്ഞിടത്തോളം ഡോക്ടർ എസ്. എസ്. ലാലിന്റെ നേതൃത്തത്തിൽ നടക്കുന്ന UDF ഹെൽത്ത് കമ്മീഷൻ മാത്രമാണ് ഇത്തരമൊരു പ്രവർത്തനം ആസൂത്രിതമായി നടത്തുന്നത്.
ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ പ്രതിപക്ഷത്തിനും ഒരു ഷാഡോ കാബിനറ്റ് വേണം. ഓരോ വിഷയങ്ങളിലും അവരുടെ പരിപാടി എന്തെന്ന് സമയാസമയം ചർച്ച ചെയ്യണം, അത് പ്രകടന പത്രികയായി ജനങ്ങളുടെ മുന്നിൽ വരണം. മനോഹരമായ പ്രകടന പത്രിക ഉണ്ടാക്കാൻ ഇപ്പോൾ ഒട്ടും ബുദ്ധിമുട്ടില്ല, ചാറ്റ് ജി പി ടി യോട് പറഞ്ഞാൽ ഒരു മിനിറ്റിനകം കാര്യം നടക്കും. പക്ഷെ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിക്കഴിയുമ്പോൾ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന പ്രകടന പത്രികകൾക് വേണ്ടത്ര ആധികാരികത കിട്ടാൻ ബുദ്ധിമുട്ടാണ്.
രാഷ്ട്രീയ കക്ഷികൾ മാത്രമല്ല കേരളത്തിന്റെ ഭാവിയിൽ താല്പര്യമുള്ളവരും നയരൂപീകരണ രംഗത്ത് പരിചയമുള്ളവരും അടുത്ത ഭരണകാലത്ത് ഫോക്കസ് ചെയ്യേണ്ട വിഷയങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ ഇവയൊക്കെ പൊതുരംഗത്ത് ചർച്ച ചെയ്യണം എന്നുകൂടി എനിക്കഭിപ്രായം ഉണ്ട്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, വയോജനങ്ങളുടെ സംരക്ഷണം, വിദ്യാർത്ഥി കുടിയേറ്റം, ആരോഗ്യ രംഗത്തെ മാറ്റങ്ങൾ, നിർമ്മിത ബുദ്ധി, ഡെമോഗ്രഫി, കേരളത്തിലേക്കുള്ള കുടിയേറ്റം, മാലിന്യ നിർമ്മാർജ്ജനം എന്നിങ്ങനെ എനിക്ക് താല്പര്യവും അറിവും ഉള്ള വിഷയങ്ങളിൽ സമയം അനുസരിച്ച് ഞാനും എഴുതാം.
മുരളി തുമ്മാരുകുടി
Leave a Comment