ശ്രീ. എം. ടി. വാസുദേവൻ നായരുടെ മനോഹരമായ ഒരു ഹ്രസ്വ ചിത്രമാണ് ‘ഒരു ചെറു പുഞ്ചിരി’. അതിൽ അദ്ദേഹത്തെ തട്ടിൻപുറത്ത് എന്തോ എടുക്കാൻ കോണിവെച്ച് കയറ്റിയതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ അതെടുത്ത് മാറ്റിവെക്കുന്ന ഒരു രസകരമായ രംഗം ഉണ്ട്.
‘മുകളിൽ കയറിയതിന് ശേഷം കോണി എടുത്ത് മാറ്റരുത്’ എന്ന് ലാസറസ് ടകവിരയുടെ ഒരു വാക്യം ഉണ്ട്. അത് പക്ഷെ തമാശയല്ല. നമ്മൾ ഒരു കാര്യം സാധിച്ചു കഴിഞ്ഞാൽ അവിടെ മറ്റുള്ളവർ എത്തിച്ചേരുന്നത് തടയാൻ വേണ്ടി വഴി മുടക്കുന്നതിനെപ്പറ്റിയാണ് ആ വാക്യം. വിദേശത്ത് കുടിയേറിയിട്ടുള്ള മലയാളികൾ (മറ്റു നാട്ടുകാരും), പുതിയതായി കുടിയേറ്റക്കാർ വരുന്നതിനെതിരെ സംസാരിക്കുന്നത് കാണുമ്പോൾ എനിക്ക് അദ്ദേഹത്തിന്റെ വാക്യങ്ങൾ ആണ് ഓർമ്മ വരുന്നത്.
ഇത്തരക്കാർ പല തരത്തിൽ ഉണ്ട്.
വിദേശത്ത് ഇനി അവസരങ്ങൾ ഒന്നുമില്ല എന്ന് പുതിയതായി വരാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നുന്നവർ. 1986 ൽ ഞാൻ ഗൾഫിൽ വരാൻ ശ്രമിച്ചപ്പോൾ “ഗൾഫിലെ അവസരങ്ങൾ ഒക്കെ തീർന്നു” എന്ന് എന്നെ പറഞ്ഞു മനസ്സിലാക്കിയ സുഹൃത്തിനെ ഈ അവസരത്തിൽ സ്മരിക്കുന്നു.
വിദേശ ജീവിതം പഴയത് പോലെ അല്ല, ജീവിതം ദുഃസഹമാണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നവർ (സന്ദേശത്തിലെ ശങ്കരാടി വിവാഹത്തെപ്പറ്റി പറയുന്നത് പോലെ “ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നു.” എന്നാൽ “എന്തുകൊണ്ട് ഈ ബുദ്ധിമുട്ടി അവർ അവിടെ പിടിച്ചു നിൽക്കുന്നു” എന്ന ചോദ്യത്തിന് “ഇപ്പോൾ ഞാൻ നിങ്ങളുടെ കാര്യമാണ് സംസാരിക്കുന്നത്” എന്ന ഉത്തരം തന്നെ. റാഡിക്കൽ ആയ മാറ്റമില്ല).
വിദേശത്ത് എത്തിയാൽ ആ നാട്ടുകാരുടെ സംസ്കാരത്തിനും രീതിക്കും അനുസരിച്ച് ജീവിക്കണം എന്ന് ഉപദേശിക്കുന്നവർ (വിദേശത്തെ നിയമങ്ങൾക്ക് അനുസരിച്ചാണ് ആളുകൾ ജീവിക്കേണ്ടത്, സംസ്കാരം എന്നത് പരസ്പരം കൊടുത്തും മേടിച്ചും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. വിദേശമായതുകൊണ്ട് സ്വന്തം സംസ്കാരം മാറി ജീവിക്കേണ്ട ആവശ്യമൊന്നുമില്ല).
വിദേശത്ത് എത്തി അവിടുത്തെ പൗരത്വം ഒക്കെ നേടിയതിന് ശേഷം കൂടുതൽ ‘കുടിയേറ്റക്കാർ’ എത്താതിരിക്കാൻ രാഷ്ട്രീയമായി ശ്രമിക്കുന്നവർ. ലോകത്തെ ഏതൊരു രാജ്യവും ആത്യന്തികമായി കുടിയേറി ഉണ്ടായതാണെന്ന ചരിത്രബോധം ഇല്ലാത്തതിന്റെ കുഴപ്പമാണ്. ‘തന്നാട്ടുകാർ’ എന്നത് ചരിത്രത്തിൽ എപ്പോഴോ എവിടെയോ മനുഷ്യർ വരക്കുന്ന ഒരു വരയാണ്. അത് ചിലർ ആയിരം വർഷത്തിൽ വരക്കും, ചിലർ അഞ്ഞൂറിൽ, ചിലർ നൂറിൽ, ചിലർ അമ്പതിൽ. എന്താണെങ്കിലും തങ്ങൾ കുടിയേറിയ വർഷത്തിനിപ്പുറം ഈ വര വരക്കാനാണ് എല്ലാവർക്കും ഇഷ്ടം !. (കേരളത്തിൽ പൊതുവെ തെക്കന്മാരെപ്പറ്റി മോശമായ അഭിപ്രായം പണ്ടൊക്കെ ആളുകൾ പറയുമല്ലോ. പക്ഷെ ഈ തെക്ക് എന്നുള്ളത് ഓരോരുത്തർക്കും ഓരോന്നാണ്. കൊച്ചിക്കാർക്ക് കൊല്ലംകാരാണ് തെക്ക്, തൃശൂരുകാർക്ക് കൊച്ചിക്കാരും! അത്രേയുള്ളൂ).
നാല്പത് വർഷമായി കേരളത്തിന് പുറത്തും മുപ്പത് വർഷമായി ഇന്ത്യക്ക് പുറത്തും ജീവിക്കുന്ന ഒരാളാണ് ഞാൻ. ജീവിക്കുന്നിടത്തൊക്കെ അവിടുത്തെ നിയമം അനുസരിച്ചാണ് എത്തിയത്, ജീവിക്കുന്നതും. ഇവിടുത്തെ സംസ്കാരത്തിൽ ഇഷ്ടപ്പെട്ടത് എടുക്കാൻ ശ്രമിക്കാറുണ്ട് (ഉദാഹരണം: സമയം പാലിക്കുന്നത്), ഇഷ്ടമില്ലാത്ത കാര്യങ്ങൾ (ഉദാഹരണം: ഭക്ഷണം) ശീലമാക്കാൻ ശ്രമിച്ചിട്ടുമില്ല.
വിദ്യാർത്ഥി കുടിയേറ്റം അല്പം കുറഞ്ഞ കഴിഞ്ഞ വർഷത്തിലും ജർമനിയിലേക്കുള്ള വിദ്യാർത്ഥികളുടെ വരവ് ഏതാണ്ട് ഇരട്ടിച്ചു. ഇവിടുത്തെ ഓണാഘോഷത്തിലൊക്കെ അതിന്റെ ഉണർവ്വ് കാണാനുണ്ട്. കൂടുതൽ കുടിയേറ്റം ഉണ്ടാകുന്നതുകൊണ്ടും പൊതുവെ സാമ്പത്തികനില അത്ര നല്ലതല്ലാത്തതിനാലും ഉള്ള ബുദ്ധിമുട്ടുകൾ ഇവിടെയും ഉണ്ട്. നിയമങ്ങൾ കുടിയേറ്റത്തിന് അനുകൂലമാകുമ്പോഴും രാഷ്ട്രീയകാലാവസ്ഥ കുടിയേറ്റത്തിന് എതിരായി വരുന്ന സാഹചര്യവുമുണ്ട്. ഇതൊക്കെ ഉണ്ടെങ്കിൽ പോലും ജർമ്മനിയിലോ മറ്റുള്ളിടത്തോ കുടിയേറ്റത്തിന്റെ കാലം കഴിഞ്ഞു എന്നൊരു വിശ്വാസം എനിക്കില്ല.
എല്ലാക്കാലത്തും കുടിയേറ്റം എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അത് തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കുടിയേറ്റം ആണെങ്കിലും അയർലണ്ടിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം ആണെങ്കിലും. അതുകൊണ്ടാണ് കുടിയേറി വരുന്നവർ തന്നാട്ടുകാരേക്കാൾ കഠിനാധ്വാനികൾ ആകുന്നത്. അതുകൊണ്ടാണ് തലമുറ കഴിയുമ്പോൾ കുടിയേറ്റക്കാർ പൊതുവെ തന്നാട്ടുകാരേക്കാൾ ഉയർന്ന സാമ്പത്തിക സൗകര്യങ്ങളിൽ എത്തുന്നത്.
ഇതൊക്കെ ലോകത്തെവിടെയും സംഭവിക്കുന്നതാണ്. ഗൾഫിൽ യൂസഫ് അലിയും രവി പിള്ളയും ഒക്കെ ഉണ്ടായത് പോലെ കേരളത്തിൽ ബിസിനസ്സ് രംഗത്ത് പേരുകേട്ട മറുനാട്ടുകാർ ഉണ്ടാകാൻ ഇനി ഒരു പത്തു വർഷം കാത്താൽ മതി.
കേരളത്തിൽ നിന്നും പുറത്തേക്ക് വരാൻ ശ്രമിക്കുന്നവരെ അന്നും ഇന്നും നിരുത്സാഹപ്പെടുത്തിയിട്ടില്ല. സാധിക്കുമ്പോൾ ഒക്കെ സഹായിച്ചിട്ടുമുണ്ട്. പുറത്തേക്ക് വരണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും സ്വന്തം തീരുമാനമാണ്. ഇവിടെവന്ന് എന്ത് ജോലി ചെയ്യണം എന്നതൊക്കെ ഓരോരുത്തരുടെയും സാഹചര്യങ്ങൾ അനുസരിച്ചിരിക്കും, അതിനെ നമ്മൾ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണ് പൊതുവെ വിദേശത്ത് ഉള്ളവർ ഏണി വലിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരു ചെറു പുഞ്ചിരി വരുന്നത്! ഞാൻ വന്ന ഏണി അവിടെത്തന്നെ ഉണ്ട്, ഉണ്ടാകും.
മുരളി തുമ്മാരുകുടി
Leave a Comment