ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിന്റെ ചിത്രങ്ങൾ നടുക്കുന്നതാണ്. വെള്ളപ്പൊക്കം പോലെ പതുക്കെ വെള്ളം ഉയരുകയല്ല, സുനാമി പോലെ സെക്കൻഡുകൾ കൊണ്ട് പുഴ നിറഞ്ഞു കവിയുകയാണ്.
കുത്തിറക്കുള്ള മലകളിൽ ഇത്തരം പ്രളയങ്ങൾ വരുമ്പോൾ നദിയിറമ്പിലുള്ള വീടുകളും പാറകളും മരങ്ങളും കടപുഴക്കിയാണ് വെള്ളം വരുന്നത്. ഇത് പ്രളയത്തിന്റെ പ്രഹരശക്തി കൂട്ടുന്നു.
വടക്കേ ഇന്ത്യയിൽ ഇത്തരം പ്രളയമുണ്ടാകുമ്പോൾ ഉടൻ മേഘവിസ്‌ഫോടനം’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഒരു മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുന്ന സാഹചര്യത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മേഘവിസ്‌ഫോടനം എന്നാൽ മേഘം പൊട്ടിത്തെറിക്കുന്നതൊന്നുമല്ല. പൊട്ടിത്തെറിക്കുമ്പോൾ വെള്ളം പുറത്തുവരുന്ന ബലൂണുകൾ അല്ലല്ലോ മേഘങ്ങൾ. ഇന്ത്യയിലെപ്പോലെ അതിതീവ്രതയുള്ള മഴ കണ്ടിട്ടില്ലാത്ത ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പ്രയോഗമാണത്.
ഉത്തരാഖണ്ഡിലെ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് മേഘവിസ്‌ഫോടനം ഉണ്ടാക്കിയ മിന്നൽ പ്രളയം അല്ല, മറിച്ച് മേപ്പാടിയിൽ ഉണ്ടായതുപോലത്തെ ഒരു സാഹചര്യമാണ് അതെന്നാണ്. ആദ്യം ഉണ്ടായ മഴ എവിടെയോ ഉള്ള ഒരു തടസ്സത്തിൽ തങ്ങി നിന്നു. അത് അവിടെ ആദ്യം ഉണ്ടായിരുന്ന ഒരു ബണ്ടോ, മഴയോ മണ്ണിടിച്ചിലോ മൂലം ഉണ്ടായ താൽക്കാലിക ബണ്ടോ ആകാം. ആ ബണ്ട് വെള്ളം കയറി പൊട്ടുമ്പോഴാണ് അതിവേഗതയിൽ ഇത്രയും വെള്ളം സുനാമി പോലെ താഴേക്കൊഴുകുന്നത്.
ഇത്തരം അപകടങ്ങൾ ഇപ്പോൾ പതിവാകുകയാണ്. കാലാവസ്ഥ വ്യതിയാനം മഴയുടെ സാന്ദ്രത കൂട്ടുമെന്നും മിന്നൽ പ്രളയങ്ങൾ വർദ്ധിപ്പിക്കുമെന്നും 1990 കളിൽ തന്നെ ശാസ്ത്രജ്ഞമാർ പ്രവചിച്ചിരുന്നതുമാണ്. ഈ വർഷം ടെക്‌സാസിലെ മിന്നൽ പ്രളയം നൂറു വർഷം പഴക്കമുള്ള ഒരു ക്യാമ്പിംഗ് സൈറ്റ് ആണ് വെള്ളത്തിൽ ഒഴുക്കിക്കളഞ്ഞത്. നൂറിലധികം ജീവനുകൾ നഷ്ടപ്പെട്ടു. ഇപ്പോൾ ഉത്തരാഖണ്ഡിൽ. അനവധി മലഞ്ചെരുവുകളിലും നഗരങ്ങളിലും നദീതടങ്ങളിലും ഇനിയും ഇത് വരാനിരിക്കുകയാണ്.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം, മഴയുടെ സാന്ദ്രത മാറുന്നത് എന്നിവയിൽ നമുക്ക് തല്ക്കാലം ഒന്നും ചെയ്യാനില്ല. പക്ഷെ നമ്മുടെ നദികളിലെ അണക്കെട്ടുകൾ, മലയിറമ്പിലെ വീടുകൾ, നദീതടങ്ങളിലെ വീടുകളും സ്ഥാപനങ്ങളും, നഗരങ്ങളിലെ സ്ഥലവിനിയോഗം ഇവയൊക്കെ മാറുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ വിശകലനം ചെയ്ത് നമ്മുടെ ഭൂവിനിയോഗ പ്ലാനുകളും ദുരന്ത നിവാരണ സംവിധാനങ്ങളും അതനുസരിച്ച് പുനഃക്രമീകരിക്കേണ്ട സമയമാണ്.
എവിടെയെല്ലാം വീടുകളും സ്ഥാപനങ്ങളും റോഡുകളും ഉണ്ടാക്കാമെന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരും. എളുപ്പമല്ല. പക്ഷെ ഇപ്പോൾ അത് ചെയ്തില്ലെങ്കിൽ മിന്നൽ പ്രളയങ്ങൾ നമ്മുടെ ജീവനും സ്വത്തും ഒഴുക്കിക്കളയുന്ന ദിവസം ദൂരെയല്ല.
മുരളി തുമ്മാരുകുടി
Leave a Comment