കാക്കി വസ്ത്രം ധരിക്കാത്തതിന്റെ പേരിൽ ഒരു ഓട്ടോ ഡ്രൈവർക്ക് അഞ്ഞൂറ് രൂപ ഫൈൻ അടിക്കുകയും അതിന്റെ പേരിൽ ഉണ്ടായ തർക്കത്തിൽ പോലീസുകാരൻ ഓട്ടോക്കാരന്റെ മുഖത്തടിക്കുകയും ചെയ്യുന്ന സംഭവത്തിന്റെ വീഡിയോ കാണുന്നു.
കേരള പോലീസിനെപ്പറ്റി പൊതുവെ നല്ല അഭിപ്രായമുള്ള ഒരാളാണ് ഞാൻ. പുതിയ തലമുറയിലെ ആളുകൾ പോലീസിൽ എത്തുമ്പോൾ പല പഴയകാല പ്രവണതകളും ഇല്ലാതാകുന്നത് കണ്ടിട്ടുണ്ട്. അതിനിടക്ക് ഇത്തരം പുഴുക്കുത്തുക്കളെ കാണുമ്പോൾ കഷ്ടം തോന്നുന്നു.
ഒന്നാമത് ഒരു കാര്യവുമില്ലാത്ത ഒരു നിയമമാണ്. ഏതോ കാലത്ത് ആരോ ഉണ്ടാക്കിവെച്ചു, അതുകൊണ്ട് മാത്രം നിലനിൽക്കുന്ന നിയമം. ഓരോ ഓട്ടോ ഡ്രൈവർ കാക്കി ഷർട്ട് ഇട്ടത് കൊണ്ട് എന്ത് മാറ്റമാണ് അയാൾക്കോ നാട്ടുകാർക്കോ ഉണ്ടാകുന്നത്?. വാസ്തവത്തിൽ ഒരു ഡ്രൈവർ മുണ്ട് ഉടുക്കുന്നതും വള്ളിച്ചെരിപ്പ് ഇടുന്നതും സുരക്ഷാപ്രശ്നം ഉണ്ടാക്കാനിടയുണ്ട്. മുണ്ട് മാറ്റി പാന്റ് ഇടണമെന്നോ നിർബന്ധമായും കാലിൽ നിന്നും ഊർന്ന് പോകാത്ത പാദരക്ഷ ധരിക്കണമെന്നോ നിബന്ധന ഉണ്ടായാൽ അത് ശാസ്ത്രീയമാണ്, നീതികരിക്കാനാവുന്നതാണ്. കാക്കിക്ക് പഴയ മന്ത്രവാദിയുടെ പൂച്ചയുടെ അപ്പുറം ഒരു ന്യായീകരണവുമില്ല.
ഞാൻ എത്രയോ രാജ്യങ്ങളിൽ യാത്ര ചെയ്യുന്നു. അനവധി രാജ്യങ്ങളിൽ ടാക്സിയിലും ഓട്ടോയിലും (ടുക്ക് ടുക്ക്) ബൈക്കിലും വെള്ളത്തിലും ഉള്ള ടാക്സികളിൽ കയറിയിട്ടുണ്ട്. അവിടെ ഒന്നും ആരും കാക്കിവസ്ത്രം ധരിക്കുന്നില്ല. അത് ധരിക്കാത്തത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ട് തോന്നിയിട്ടുമില്ല.
ഏറ്റവും നന്നായി തോന്നിയിട്ടുള്ളത് ചില രാജ്യങ്ങളിൽ യാത്രക്കാരൻ ഇരിക്കുന്ന സീറ്റിന് മുന്നിൽ ഡ്രൈവറുടെ സീറ്റിന് പുറകിലായി ഡ്രൈവറുടെ പേരും, അഡ്ഡ്രസ്സും, ടാക്സി ലൈസൻസ് നമ്പറും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അയക്കേണ്ട നമ്പറും എഴുതി വച്ചിട്ടുണ്ട്. അത് ഉപകാരമുള്ളതാണ്.
ചില രാജ്യങ്ങളിൽ, ജപ്പാൻ ഉൾപ്പടെ – കറുത്ത പാന്റും വെളുത്ത ഷർട്ടും കറുത്ത ജാക്കറ്റും ആണ് ഡ്രൈവർമാർ ധരിക്കുന്നത്. ഇത്തരത്തിൽ ഭംഗിയുള്ള വസ്ത്രങ്ങൾ മറ്റു പലയിടത്തും കണ്ടിട്ടുണ്ട്. അതവർ നന്നായി അഭിമാനത്തോടെ ധരിക്കുന്നു. ആരെയും നിർബന്ധിക്കേണ്ട കാര്യമില്ല. സത്യം പറയണമല്ലോ, ആ രാജ്യങ്ങളിൽ പോലീസിനും കാക്കി വസ്ത്രമല്ല. പോലീസും കാക്കിയിൽ നിന്നും വളർന്നിട്ടുണ്ട്. ഇത് നാട്ടിലും മാറണമെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്.
അപ്പോൾ നമുക്ക് ആദ്യം തന്നെ യൂണിഫോം വേണോ എന്ന് തീരുമാനിക്കാം. അത് ഓട്ടോക്കാരുടെ ഇടയിൽ തന്നെ വോട്ടിനിടുന്നതാണ് നല്ലത്. പകരം അവർക്ക് കഴുത്തിലിടുന്ന ഒരു ഐ.ഡി. കാർഡ് കൊടുക്കാം. പാസഞ്ചർ സീറ്റിന് മുന്നിൽ ഡ്രൈവറുടെ വിവരങ്ങളും എഴുതാം.
ഇനി ഓട്ടോക്കാർക്ക് യൂണിഫോം വേണമെന്ന് അവർക്ക് തന്നെ തോന്നിയാൽ കേരളത്തിൽ വരുന്നവർക്ക് പ്രത്യേകത തോന്നുന്ന ഏതെങ്കിലും തരത്തിലുള്ള ടി ഷർട്ട് തിരഞ്ഞെടുക്കാം. പാന്റ് ഉറപ്പായും വേണം. അതിന് പ്രത്യേക കളറും ഡിസൈനും ആവശ്യമില്ല. സത്യത്തിൽ ഇതല്ല ഞാൻ പ്രധാനമായും പറയാൻ ഉദ്ദേശിച്ചിരുന്നത്.
പൊതുജനങ്ങളെ മർദ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് നമ്മുടെ പോലീസുകാർ ഇപ്പോഴും വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം ബസുകാരുമായി ഉണ്ടായ പ്രശ്നത്തിൽ ഒരാളെ അടിച്ചു ആശുപത്രിയിൽ ആക്കിയതിന്റെ ചിത്രങ്ങൾ കണ്ടു. ഇന്നിപ്പോൾ ഒരു ഓട്ടോക്കാരനെയും.
പോലീസുമായി ബന്ധപ്പെടുന്ന – അവർ പൊതുജനങ്ങളോ പരാതിക്കാരോ സാക്ഷികളോ പ്രതികളോ ആകട്ടെ – അവരെ മർദ്ദിക്കാതെ നിയമപരിപാലനം നടത്താൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന പോലീസുകാർ പ്രൊഫഷണൽ പോലീസിങ്ങിനെ പറ്റി അറിവില്ലാത്തവരാണ്. ഇവരൊന്നും കാലത്തിനൊത്ത് വളരാത്ത ഉദ്യോഗസ്ഥരാണ്. ഒരു പ്രൊഫഷണൽ സേനയിൽ ഉദ്യോഗസ്ഥരായിരിക്കാൻ യോഗ്യരല്ല. സ്ഥലം മാറ്റുന്നതോ ഡ്യൂട്ടി മാറ്റുന്നതോ ഒന്നും ഇതിന് തക്ക ശിക്ഷയല്ല.
കാലം മാറി, യൂണിഫോം മാറും, പോലീസുകാരും മാറിയേ പറ്റൂ.
മുരളി തുമ്മാരുകുടി
Leave a Comment