കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികൾക്ക്, അടുത്ത തലമുറയെ മലയാളം പഠിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ കർണ്ണാടകത്തിൽ പ്രവർത്തിക്കുന്നവരോടൊപ്പം അല്പ സമയം പങ്കിട്ടു.
മലയാളം എന്നത് മലയാള സാഹിത്യം, സിനിമ, സംഗീതം ഇവയിലേക്കുള്ള ഒരു താക്കോൽ മാത്രമല്ല ലോകത്തെവിടെയും പരന്നു കിടക്കുന്ന മലയാളി സമൂഹത്തിലേക്കുള്ള താക്കോൽ കൂടിയാണ്. എന്തറിയും എന്നതിനപ്പുറം ആരെ അറിയും എന്നത് പ്രധാനമാകുന്ന ലോകത്ത് നാല്പത് ലക്ഷം പ്രവാസി മലയാളികളിലേക്കുള്ള കുറുക്കുവഴി വലിയൊരു നിക്ഷേപമാണ്.
നാളത്തെ മലയാളി എന്നത് ഇന്ന് കേരളത്തിൽ ജോലി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ അടുത്ത തലമുറകൂടി അടങ്ങിയതാകും. സിനിമയിലും ടിവിയിലും ‘ബംഗാളി’ ഒരു കോമിക്കൽ കഥാപാത്രമാകുന്നത് മാറി കേരളത്തിൽ വളരുന്ന അന്യസംസ്ഥാനക്കാരുടെ അനുഭവങ്ങളും വീക്ഷണങ്ങളും ഗൗരവമായി ഉൾക്കൊള്ളുന്ന സാഹിത്യവും സംസ്കാരവും നമുക്കുണ്ടാകും. അത് നമ്മുടെ ഭാഷയെ ശക്തിപ്പെടുത്തും, നമ്മുടെ ലോകവീക്ഷണം വിശാലമാക്കും.
ഇൻ്റർനെറ്റ് മറ്റു ഭാഷകളുടെ മുകളിൽ ഇംഗ്ലീഷിന് ആധിപത്യം നൽകിയിരുന്നു. പക്ഷെ നിർമ്മിത ബുദ്ധി ഭാഷകൾ തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കുകയാണ്.
പ്രവാസികളിലൂടെ, ബംഗാളികളിലൂടെ, നിർമ്മിതബുദ്ധിയിലൂടെ മലയാളം വളരും.
ഇതൊക്കെ ഉൾക്കൊള്ളാൻ പാകത്തിന് മലയാളിയും വളരണം.
മുരളി തുമ്മാരുകുടി
Leave a Comment