പതിറ്റാണ്ടുകളായി സ്ഥിരമായി ടർക്കിഷ് എയർലൈനിൽ ഇസ്താൻബൂളിൽ ഇറങ്ങുന്നതാണ്. ഇപ്പോൾ പുതിയ വിമാനത്താവളം വന്നതോടെ വ്യാപകമായ കണക്ടിവിറ്റി ആയി, അതുകൊണ്ട് എപ്പോഴും സ്ഥിരമായി സഞ്ചരിക്കുന്ന ഇടമാണ്.
വിമാനം ഇസ്താൻബൂളിൽ ലാൻഡ് ചെയ്താലുടൻ യാത്രക്കാർ കൈ അടിക്കും. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചതിന് പൈലറ്റിനുള്ള അഭിനന്ദനമോ വിമാനയാത്ര സുരക്ഷിതമായി അവസാനിച്ചതിൽ സ്വയം സമാധാനിക്കുകയോ ആവാം. ഒരുകാലത്ത് വിമാനയാത്ര കൂടുതൽ അപകടമായിരുന്ന കാലത്തുനിന്നുള്ള രീതി ആയിരിക്കാം.
ലാൻഡിങ്ങ് കയ്യടിച്ചു പാസ്സാക്കിയാൽ ഉടൻ ആളുകൾ എഴുന്നേറ്റ് തുടങ്ങും. വിമാനം അപ്പോഴും റൺവേയിൽ നിന്നും ഗേറ്റിലേക്കുള്ള വഴിയിൽ ആയിരിക്കും. പിന്നെ മുകളിലുള്ള ലഗേജ് എടുക്കുന്ന തിരക്കായി.
എയർ ഹോസ്റ്റസുമാർ ഇതൊക്കെ വിലക്കുന്നുണ്ടാകും. കിം ഫലം?
എനിക്ക് തോന്നുന്നത് ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോൾ ഇറങ്ങുന്ന സ്റ്റോപ്പിന് മുൻപ് എഴുന്നേറ്റ് നിൽക്കുന്ന രീതി ഉണ്ടല്ലോ. അല്ലെങ്കിൽ ഒന്നുകിൽ വണ്ടി വിടും അല്ലെങ്കിൽ കയറുന്നവർ തിരക്കി ബുദ്ധിമുട്ടാക്കും. വിമാനത്തിൽ ഈ രണ്ടു റിസ്കുകളും ഇല്ലെങ്കിലും ആ ശീലത്തിൽ നിന്നും തുടങ്ങിയതാകണം ഈ രീതി.
ഇതിൽ രണ്ടാമത്തെ ശീലം ഒഴിവാക്കാൻ ടർക്കിഷ് എയർവെയ്സ് വിമാനം ഗേറ്റിലെത്തി ക്രൂ പറയുന്നതിന് മുൻപ് എഴുന്നേറ്റ് നിൽക്കുന്നവർക്ക് ഫൈൻ ഇടാൻ ഉത്തരവിറക്കിയിരുന്നു എന്നാണ് വാർത്ത. കേട്ടിടത്തോളം എഴുപത് യൂറോ ആണ് ഫൈൻ, ഏകദേശം 6000 രൂപ.
കേരളത്തിലേക്ക് വരുന്ന വിമാനത്തിൽ ലാൻഡ് ചെയ്യുമ്പോൾ ഉള്ള കയ്യടി മലയാളികൾ ചെയ്യാറില്ല (ചില വിദേശികൾ കയ്യടിക്കുന്നത് കണ്ടിട്ടുണ്ട്). ഒരാൾ നല്ല കാര്യം ചെയ്താൽ അഭിനന്ദിക്കുന്ന ശീലം നമുക്ക് പണ്ടേ ഇല്ലാത്തത് കൊണ്ടാകണം!.
എന്നാൽ വിമാനം ഗേറ്റിൽ എത്തുന്നതിന് മുൻപ് എഴുന്നേറ്റ് നിന്ന് ലഗേജ് എടുക്കുന്നതിൽ ലോക ചാമ്പ്യന്മാരാണ് നമ്മൾ. ക്രൂ എത്ര പറഞ്ഞാലും കാര്യമില്ല. എന്നും, എപ്പോഴും ഇത് തന്നെ ചെയ്യും.
ടർക്കിഷ് എയർ ലൈൻ മാതൃകയിൽ കേരളത്തിലേക്ക് വരുന്ന എയർ ലൈനുകൾക്കും നൂറു ഡോളർ ഫൈൻ അടിക്കാവുന്നതാണ്. ഇങ്ങനെ വന്നാൽ രണ്ടുണ്ട് കാര്യം.
ഒന്ന് – എയർലൈനിന്റെ വരുമാനം കൂടും. അപ്പോൾ ടിക്കറ്റ് ചാർജ്ജ് കുറയ്ക്കാം.
രണ്ട് – കുറച്ചെങ്കിലും അപകടം ഒഴിവാക്കാം.
അപ്പോൾ തുടങ്ങുകയല്ലേ
മുരളി തുമ്മാരുകുടി
Leave a Comment