ഞാൻ ഓണംകുളം പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ് പെരുമാനി സ്കൂളിലെ പ്രധാനാധ്യാപകൻ ശ്രീ. പത്രോസ് ഉലഹന്നാൻ സാറിന് നല്ല അധ്യാപകനുള്ള അവാർഡ് ലഭിക്കുന്നത്. അത് സംസ്ഥാന അവാർഡ് ആയിരുന്നോ രാഷ്ട്രപതിയുടെ അവാർഡ് ആയിരുന്നോ എന്ന് ഇപ്പോൾ ഓർമ്മയില്ല. അദ്ദേഹത്തിന് ഞങ്ങളുടെ സ്കൂളിൽവെച്ച് സ്വീകരണം കൊടുത്തത് ഓർക്കുന്നു.
പിന്നീട് ഹൈസ്കൂളിൽ ആയിരുന്നപ്പോൾ ശാലേം സ്കൂളിലെ ചരിത്ര അധ്യാപകനായിരുന്ന ശ്രീ. ഓ. തോമസ് സാറിന് നല്ല അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡും ലഭിച്ചിരുന്നു (ശ്രീ. ബെന്നി ബെഹനാൻ എം.എൽ.എ.യുടെ പിതാവ്).
എന്നാൽ അതിനുശേഷം കേരളത്തിലും പുറത്തും ആർട്സ് / പ്രൊഫഷണൽ കോളേജുകളിലും ഐ.ഐ.ടി.കളിലും പഠിച്ചെങ്കിലും അവിടെയൊന്നും അധ്യാപകരെ ആദരിക്കുന്ന രീതി കണ്ടില്ല. ഗവേഷകർക്കായി ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് ഉണ്ടായിരുന്നു. ചിലപ്പോൾ അത് ഐ.ഐ.ടി.യിലെ അധ്യാപകർക്ക് ലഭിക്കും, അത്രമാത്രം.
സ്പോർട്സ്, കല രംഗങ്ങൾ ഒഴിച്ച് മറ്റു കർമ്മപഥങ്ങളിലുള്ളവരെ ആദരിക്കുന്ന കാര്യത്തിൽ നമ്മുടെ സമൂഹം വലിയ പിശുക്കാണ് കാണിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്ക് പുറത്ത് ജോലി ചെയ്ത് തുടങ്ങിയതിൽ പിന്നെ.
ഉദാഹരണത്തിന് അമേരിക്കയിൽ എല്ലാ യൂണിവേഴ്സിറ്റികളിലും വിദ്യാർത്ഥികൾ ആയിരിക്കുമ്പോൾ തന്നെ പല തരത്തിലുള്ള ചെറിയ ചെറിയ ലോക്കൽ അവാർഡുകൾ ഗവേഷകർക്ക് ലഭിക്കും. മിക്ക യൂണിവേഴ്സിറ്റികളും അധ്യാപകരെ ആദരിക്കും. അമേരിക്കയിലെ ചെറുപ്പക്കാരായ എല്ലാ അധ്യാപകർക്കും ഗവേഷകർക്കും വേണ്ടി പ്രസിഡന്റിന്റെ അവാർഡ് വരെയുണ്ട്.
എന്നാൽ സമൂഹത്തിലെ അധ്യാപകരോ മറ്റുള്ളവരോ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും പൊലിപ്പിക്കാനും അവരെ കാൻസൽ ചെയ്യാനും സദാ സന്നദ്ധമായിരിക്കുകയാണ് നമ്മുടെ സമൂഹം. അതുകൊണ്ട് തന്നെ കൊച്ചിൻ യൂണിവേഴ്സിറ്റി, യുവഗവേഷകർക്കും അധ്യാപകർക്കും അവാർഡ് നൽകി ആദരിക്കുന്നു എന്ന വാർത്ത വളരെ സന്തോഷിപ്പിച്ചു. ഇവരിൽ ചിലരെങ്കിലും എന്റെ സുഹൃത്തുക്കളാണെന്നതാണ് ഇരട്ടിമധുരം.
കേരളത്തിൽ സംസ്ഥാന / കേന്ദ്ര / ഡീംഡ് ടു ബി എന്നിങ്ങനെ രണ്ടു ഡസനോളം സർവ്വകലാശാലകളുണ്ട്. അവയിൽ ഏതൊക്കെ, അധ്യാപകരെയും ഗവേഷകരെയും ആദരിക്കാറുണ്ട് എന്നറിയില്ല. ഇതുവരെ അങ്ങനൊന്ന് ഇല്ലെങ്കിൽ തീർച്ചയായും കൊച്ചിൻ യൂണിവേഴ്സിറ്റിയെ മാതൃകയാക്കണം.
അവാർഡ് ജേതാക്കൾക്ക് അനുമോദനങ്ങൾ!
മുരളി തുമ്മാരുകുടി
Leave a Comment