ഓരോ സ്‌കൂൾ അവധിക്കാലത്തും കുട്ടികൾ മുങ്ങിമരിക്കുന്നതിനെ പറ്റി ഞാൻ പതിവായി മാർച്ച് മാസത്തിൽ പോസ്റ്റ് ഇടാറുണ്ട്.
ആദ്യമൊക്കെ വായനക്കാർ ഇത് ഷെയർ ഒക്കെ ചെയ്ത് അത്യാവശ്യം റീച്ച് ഒക്കെ കിട്ടുമായിരുന്നു.
ഇത്തവണ ആരും തന്നെ ശ്രദ്ധിച്ചില്ല.
അവധിക്കാല മുങ്ങിമരണങ്ങൾ തുടർന്നുകൊണ്ടേ ഇരുന്നു. ഒന്നും രണ്ടുമായി, വീടിനടുത്തും ബന്ധുവീട്ടിലും, സുഹൃത്തുക്കളും സഹോദരങ്ങളും ആയ കുട്ടികൾ എത്രയോ ഈ അവധിക്കാലത്തും മുങ്ങിമരിച്ചു.
1983 ൽ എന്റെ ക്ലാസ്മേറ്റ് ആയിരുന്ന ഷിബു കോതമംഗലത്ത് വെച്ച് മുങ്ങിമരിച്ചു. ഇന്നും ആ ഓർമ്മ എന്നെ വേദനിപ്പിക്കുന്നു.
ഒരു ക്ലാസ്മേറ്റിന്റെ മരണം നാല്പത് വർഷത്തിനിപ്പുറവും എന്നെ വേദനിപ്പിക്കുന്നുവെങ്കിൽ സ്വന്തം മകനോ മകളോ സഹോദരനോ സഹോദരിയോ മരിച്ചവരുടെ ദുഃഖം എന്താകും? ആ വീട്ടുകാർക്ക് ഇനി സന്തോഷകരമായ ഒരു വേനലവധി ഇല്ല.
ഒഴിവാക്കാവുന്ന ദുരന്തങ്ങളാണ് ഇതെല്ലാം തന്നെ. അല്പം ശ്രദ്ധ, അല്പം മേൽനോട്ടം, അത്രയും മതി ആജീവനാന്തകാലത്തെ ദുഃഖം ഒഴിവാക്കാൻ.
അവധിക്കാലം അവസാനിക്കാൻ ഇനി ഒരാഴ്ചയേ ഉള്ളൂ. പിന്നെ മഴക്കാലമാണ്. മണ്ണിടിച്ചിലും മിന്നൽ പ്രളയവുമായി ദുരന്തസാധ്യതകൾ തുടരുന്നു. അവധിയില്ലാത്തത് മരണത്തിന് മാത്രമാണ്.
സുരക്ഷിതരായിരിക്കുക, കുട്ടികളെ സുരക്ഷിതരാക്കുക.
മുരളി തുമ്മാരുകുടി
Leave a Comment