കഴിഞ്ഞ വർഷം 60 വയസ്സ് കഴിഞ്ഞു, ഇനി റിട്ടയർമെന്റിന് തയ്യാറെടുക്കുകയാണെന്ന് ഞാൻ പറഞ്ഞിരുന്നു. റിട്ടയർമെന്റിന് ശേഷം എന്ത് ചെയ്യണമെന്ന ആലോചനയിലാണ് ഇപ്പോഴും.
നാട്ടിൽ ഒരു നേതൃത്വ പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി.
പാർലിമെന്റ് മുതൽ പഞ്ചായത്ത് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള പരിപാടി.
പി.എസ്.സി. അംഗം മുതൽ ഗവർണ്ണർ വരെയുള്ള തിരഞ്ഞെടുപ്പ് നേരിടേണ്ടാത്ത സ്ഥാനങ്ങൾ സംഘടിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ.
ദുബായിൽ കരിയർ കൗൺസലിംഗ്, തുമ്മാരുകുടിയിൽ ഡിങ്കാശ്രമം എന്നീ സ്റ്റാർട്ട് അപ്പുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ.
ജപ്പാനിലെ തന്ത്ര മുതൽ നാട്ടിലെ യോഗ വരെ പ്രാക്ടീസ് ചെയ്യാനുള്ള ആഗ്രഹം.
സൂംബ ഡാൻസ് മുതൽ സോപാന സംഗീതം വരെ പഠിക്കണം.
വെങ്ങോലയിൽ പ്ലാവ് കൃഷി, പെരുമ്പാവൂരിൽ ഹോം സ്റ്റേ എന്നീ ആശയങ്ങൾ.
യുട്യൂബ് ചാനൽ, ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട ഒരു ചാനൽ എന്നിവ തുടങ്ങുന്നതിനുള്ള ചിന്തകൾ.
ചെസ്സ് തുടങ്ങി ചെണ്ടയിൽ വരെ ഒരു കൈ നോക്കണം.
ആത്മകഥ എഴുതണം.
അന്റാർട്ടിക്കയിൽ പോകണം.
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ… പല ആശയങ്ങൾ ഉള്ളത് കൊണ്ട് ആശയക്കുഴപ്പവും ഉണ്ട്.
അതിനിടക്ക് Neyyan Rasheed നോടൊപ്പം കൊണ്ടോട്ടിയിലും അട്ടപ്പാടിയിലും പോയി അതിശയപ്പത്തിരി തീറ്റ മുറയ്ക്ക് നടക്കുന്നുണ്ട്. അതേ നടക്കുന്നുള്ളൂ.
തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമത്തിലോ നഗരത്തിലോ ആരെങ്കിലും കൊതിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ ഫേസ്ബുക്കിൽ ഒരു കൂട്ടർ ഉണ്ട്. റിട്ടയർമെന്റ് ഹോമുകാർ. അവരുടെ പരസ്യമാണ് എന്റെ ടൈംലൈൻ മുഴുവൻ. തൃശൂർ, എറണാകുളം, തുടങ്ങി കേരളം കടന്ന് തമിഴ്‌നാടു വരെയുള്ള റിട്ടയർമെന്റ് ഹോമുകളുടെ മനോഹരമായ പരസ്യങ്ങൾ.
60 നും 65 നും ഇടക്ക് പ്രായമുള്ള പൂർണ്ണാരോഗ്യവാന്മാരായ ദമ്പതികൾ. ചുറ്റും ഹരിതാഭ, അടുത്ത് ഒരു പുഴ, തോട്, പുറകിൽ കാട്, പുൽമേടയിലൂടെയുളള നടപ്പ്, ക്ലബ്ബ് ഹൗസ്, ഡാൻസ്, ഭക്ഷണം, യോഗ. കണ്ടാൽ കൊതി തോന്നുന്ന ജീവിതം!
എന്തിനാണ് ഈ ഗവർണ്ണർ ഒക്കെ ആകാൻ പോകുന്നത്? ഇവിടെ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് റിട്ടയർമെന്റ് ഹോം അല്ലേ ?
സത്യത്തിൽ ഫേസ്ബുക്ക് അൽഗോരിതത്തിന് തെറ്റിയിട്ടില്ല, ഒരു റിട്ടയർമെന്റ് ഹോം തിരഞ്ഞെടുക്കുന്ന കാര്യം എന്റെ മനസ്സിലുണ്ട്. കഴിഞ്ഞ വർഷത്തിൽ ഇന്ത്യയിലും തായ്‌ലന്റിലും ഒക്കെ ചിലത് സന്ദർശിക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ ഇപ്പോഴുള്ള റിട്ടയർമെന്റ് ഹോമുകളിൽ ഭൂരിഭാഗവും സ്വന്തം വീടുകളിൽ നിന്നും പ്രായമാകുന്ന സമയത്ത് ഏതെങ്കിലും കാരണത്താൽ മാറിതാമസിക്കേണ്ടിവരുന്നവർക്കും സാമ്പത്തികമായി സ്വയംപര്യാപ്തത ഇല്ലാത്തവർക്കും വേണ്ടി സർക്കാരോ, മതസ്ഥാപനങ്ങളോ, സന്നദ്ധ സംഘടനകളോ, മറ്റുള്ളവരെ സഹായിക്കുന്നത് ജീവിതവ്രതമാക്കിയ ആളുകളോ നടത്തുന്നവയാണ്.
സാമ്പത്തികമായി സ്വയംപര്യാപ്തതയുള്ള, എന്നാൽ പഴയതു പോലെ മക്കളുടെ കൂടെയോ തനിച്ചോ താമസിക്കാൻ ഇഷ്ടമില്ലാത്ത, ഒരു സീനിയർ ലിവിങ്ങ് കമ്മ്യൂണിറ്റിയിൽ വരാൻ ആഗ്രഹിക്കുന്നവർക്കായി അധികം സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിലില്ല. ഇതൊരു പുതിയ രീതിയാണ്, അതുകൊണ്ട് തന്നെ ഇവ മിക്കതും ഞാൻ ആദ്യം പറഞ്ഞത് പോലെ റിട്ടയർമെന്റ് ആസ്വദിക്കാനുള്ള വയസ്സുകാലത്തിന്റെ ആദ്യ പകുതിക്ക് വേണ്ടി തയ്യാറെടുത്തിട്ടുള്ളതാണ്. കേരളത്തിൽ ഇതൊരു പുതിയ സംവിധാനമായതുകൊണ്ട് പരസഹായത്തോടെയുള്ള ജീവിതം (അസ്സിസ്റ്റഡ് ലിവിങ്), ഓർമ്മ നഷ്ടപ്പെട്ടതിന് ശേഷമുള്ള ജീവിതം (മെമ്മറി കെയർ), എല്ലാം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്ന റിട്ടയർമെന്റ് ഹോംസ് വേണ്ടത്ര ആയിട്ടില്ല.
ആരോഗ്യമുള്ള കാലത്തല്ല, അതിനപ്പുറമുള്ള കാലത്തും താമസിക്കാനുള്ള സ്ഥലമാണ് ഞാൻ സത്യത്തിൽ അന്വേഷിക്കുന്നത്. ആരോഗ്യം ക്ഷയിക്കുന്ന, ബന്ധുബലങ്ങൾ കുറയുന്ന, സാമ്പത്തിക സാഹചര്യങ്ങൾക്ക് അല്പം ഞെരുക്കമുണ്ടാകുന്ന കാലഘട്ടത്തിലാണ് അസ്സിസ്റ്റഡ് ലിവിങ്ങിന്റെ ആവശ്യം ഏറ്റവും കൂടുതൽ.
അതുകൊണ്ട് തന്നെ റിട്ടയർമെന്റ് ഹോമുകൾ സന്ദർശിക്കുകയും അവരുടെ കോൺട്രാക്ടുകൾ വായിക്കുകയും ചെയ്തപ്പോൾ പ്രായമാകുന്ന കാലത്ത് ഇത് നമുക്ക് തണലാകുമോ പണിയാകുമോ എന്നാണ് മുഖ്യമായി ശ്രദ്ധിച്ചത്.
ഒരു വർഷത്തെ സന്ദർശനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം കോൺട്രാക്ടുകൾ വിശകലനം ചെയ്തതും കൂടി ചേർത്ത് ഒരു റിട്ടയർമെന്റ് ഹോം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില അഭിപ്രായങ്ങൾ പറയാം. എന്നെപ്പോലെ റിട്ടയർമെന്റ് ഹോം നോക്കി നടക്കുന്നവർക്ക് ഉപകാരപ്പെട്ടേക്കാം.
- താമസിക്കാനുള്ള അവകാശം: മിക്കവാറും റിട്ടയർമെന്റ് ഹോമുകളുടെ ബിസിനസ്സ് മോഡൽ നമ്മുടെ കയ്യിൽ നിന്നും മുപ്പത് ലക്ഷം മുതൽ ഒരു കോടി രൂപ വരെ വാങ്ങി നമുക്ക് ഒരു മുറി, രണ്ടു ബെഡ്‌റൂമുള്ള ഫ്ലാറ്റ്, വില്ല ഇവയിൽ ഏതെങ്കിലും തരുന്നു. ഇത് പക്ഷെ നമ്മുടെ ഉടമസ്ഥതയിൽ അല്ല, പാട്ടത്തിനാണ് (lease). നമ്മുടെ കാലശേഷം അവർ വാങ്ങിയ തുകയുടെ 80 ശതമാനം വരെ നമ്മുടെ അവകാശികൾക്ക് തിരിച്ചു കിട്ടുന്നു. ഒറ്റനോട്ടത്തിൽ നല്ല പദ്ധതിയാണെന്ന് തോന്നുമെങ്കിലും കരാർ ശ്രദ്ധിക്കണം. ഏത് സമയത്തും നമ്മൾ കൊടുത്ത പണം തിരിച്ചുതന്ന് ഇറക്കിവിടാനുള്ള പഴുത് മിക്കവയിലുമുണ്ട്. 85 വയസ്സിൽ ഇന്ന് കൊടുത്ത അമ്പത് ലക്ഷത്തിന് എന്ത് വിലയുണ്ടാകുമെന്ന് നമുക്ക് പറയാൻ പറ്റില്ല, അപ്പോൾ അതുമായി ആരോഗ്യമില്ലാത്ത കാലത്ത് പുറത്തു വരേണ്ടി വന്നാൽ പെരുവഴിയിലാകും. ജാഗ്രത!
- ജീവിതച്ചെലവുകൾ – മാസം പതിനയ്യായിരം രൂപ മുതൽ അറുപതിനായിരം രൂപ വരെയാണ് ഞാൻ അന്വേഷിച്ച റിട്ടയർമെന്റ് ഹോമുകളിൽ ഭക്ഷണത്തിനും മറ്റു സർവ്വീസുകൾക്കുമായി വാങ്ങുന്നത്. പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോഴും ഇത് ഇത്രതന്നെ ആയിരിക്കുമോ? എത്ര വേഗത്തിലാണ് ചെലവുകൾ വർദ്ധിക്കുന്നത്? ആ തീരുമാനങ്ങൾ മാനേജ്‌മെന്റ് ആണോ അന്തേവാസികൾ ആണോ എടുക്കുന്നത്? അത് താങ്ങാനുള്ള സാമ്പത്തിക സംവിധാനം നമുക്കുണ്ടോ, ഇല്ലെങ്കിൽ എങ്ങനെ ഉണ്ടാക്കാം, ഇതെല്ലാം ശ്രദ്ധിക്കണം.
- ആരോഗ്യ സംവിധാനങ്ങൾ – ഞാൻ വിശകലനം ചെയ്ത റിട്ടയർമെന്റ് ഹോമുകളിലെ പൊതുവായ രീതി എന്തെങ്കിലും രോഗം ഉണ്ടായിക്കഴിഞ്ഞാൽ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യം അവർ ചെയ്ത് തരും. അതിനായി രണ്ടു മുതൽ പത്തുലക്ഷം രൂപ വരെ ഡിപ്പോസിറ്റ് റിട്ടയർമെന്റ് ഹോമിൽ കൊടുക്കണം. ആശുപത്രി ബില്ലുകൾ നമ്മൾ നേരിട്ട് അടക്കണം. ഇതൊക്കെ ന്യായം തന്നെ. പക്ഷെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത് പ്രകൃതി’രമണി’യും തണുത്ത കാലാവസ്ഥയും നോക്കി റിട്ടയർമെന്റ് ഹോമുകൾ തിരഞ്ഞെടുത്താൽ അതിനടുത്ത് നല്ല ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാകണമെന്നില്ല. രണ്ടാമത് ആശുപത്രിയിൽ നമ്മെ എത്തിക്കുന്നതല്ലാതെ അവിടെ കൂട്ടിരുപ്പിന് ഒരാൾ വേണമെങ്കിൽ അതിനുള്ള സംവിധാനം എന്താണ്? മൂന്നാമത് ആശുപത്രിയിൽ നിന്നും പുറത്ത് വന്ന് റിഹാബിലിറ്റേഷന്റെ ഭാഗമായി ഫിസിയോതെറാപ്പിയും മുഴവൻ സമയ പരിചരണവും ആവശ്യമായിവന്നാൽ എന്തുചെയ്യും? അതിന് വേറെ ചിലവ് ഉണ്ടാകുമോ? കരാർ മുൻകൂട്ടി ശ്രദ്ധിച്ച് വായിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല.
- ബന്ധുക്കളിൽ നിന്നുള്ള ദൂരം. കേരളത്തിലേക്കാൾ നല്ലതും ചെലവ് കുറഞ്ഞതുമായ റിട്ടയർമെന്റ് ഹോമുകൾ തമിഴ്‌നാട്ടിൽ ഏറെ ലഭ്യമാണെങ്കിലും പ്രായമാകുന്നതോടെ നമുക്ക് യാത്ര ചെയ്യാൻ സാധിക്കില്ല എന്നതും ആശുപത്രിയിൽ അഡ്മിറ്റായാൽ അടുത്ത ബന്ധുക്കൾക്ക് പോലും വരാൻ പ്രയാസമാകും എന്നതും കൊണ്ട് അവസാനകാലത്ത് ബന്ധുക്കളിൽ നിന്ന് അകന്നുകഴിയേണ്ടിവരുമെന്നും മനസ്സിലാക്കണം. ഇത് ഒരുപക്ഷെ നല്ല കാര്യമായി കാണുന്നവരുമുണ്ട്. എന്നാൽ അങ്ങനെ ആകുമെന്ന് മുൻകൂട്ടി അറിയണമെന്നേ ഉദ്ദേശിച്ചുള്ളൂ.
- മാനേജ്‌മെന്റിന്റെ സ്ഥിരത- മതസ്ഥാപനങ്ങൾ നടത്തുന്ന റിട്ടയർമെന്റ് ഹോം മുതൽ കുറച്ച് അംഗങ്ങൾ ചേർന്ന് നടത്തുന്നത് ഉൾപ്പടെ പൂർണ്ണമായും സ്വകാര്യ സംരംഭങ്ങൾ നടത്തുന്ന റിട്ടയർമെന്റ് ഹോമുകൾ വരെ ഉണ്ട്. റിട്ടയർമെന്റ് ഹോം എന്നാൽ ഹോട്ടൽ പോലെ നമ്മൾ പോയിട്ട് ഉടൻ തിരിച്ചു വരുന്ന ഒന്നല്ല, അടുത്ത മുപ്പത് വർഷം എങ്കിലും സ്ഥിരതയോടെ നിലനിൽക്കുന്ന ഒന്നാകണം നമ്മൾ തിരഞ്ഞെടുക്കുന്നത്. പൂർണ്ണമായും സ്വകാര്യ മൂലധനത്തെ ആശ്രയിച്ച് നടത്തുന്ന ഒന്നിന്റെ മാനേജ്‌മെന്റ് പിടിപ്പുകേടുകൊണ്ട് പാപ്പരായാൽ അന്തേവാസികൾ വഴിയാധാരമാകും.
- സ്ഥാപനത്തിലെ സ്വാതന്ത്ര്യം – ഒരു സ്ഥാപനം നടത്തുമ്പോൾ അതിന് സ്വാഭാവികമായും പലതരത്തിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും വേണ്ടിവന്നേക്കും. പ്രായമായി ഇവിടെ എത്തുന്നവരെല്ലാം തന്നെ പതിറ്റാണ്ടുകളായി സ്വതന്ത്രമായി ജീവിച്ചു പരിചയിച്ചവരുമാണ്. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനത്തിലുള്ള നിയന്ത്രണങ്ങൾ, ഭക്ഷണത്തിന്റെ സമയം, പുറത്തുപോയാൽ തിരിച്ചെത്താനുള്ള കർഫ്യൂ സമയം, സുഹൃത്തുക്കളോ ബന്ധുക്കളോ സന്ദർശിക്കുവാനുള്ള സൗകര്യം എല്ലാം പ്രധാനമാണ്. പരസ്യം മാത്രം കണ്ടുകൊണ്ട് തീരുമാനമെടുക്കാതെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന റിട്ടയർമെന്റ് ഹോമുകളിൽ രണ്ടോ മൂന്നോ ദിവസം താമസിച്ച് അവിടെ താമസിക്കുന്നവരോട് സംസാരിച്ചു നോക്കുകയും വേണം.
- സുരക്ഷ, ആരോഗ്യം – ആരോഗ്യമുള്ള കാലത്തെ പോലുള്ള സംവിധാനങ്ങളല്ല പ്രായമാകുമ്പോൾ വേണ്ടത്. പല നിലകളുള്ള അപ്പാർട്മെന്റുകളും കയറ്റിറക്കങ്ങളുള്ള ക്യാംപസും ആരോഗ്യമുള്ള കാലത്ത് നല്ലതാണെങ്കിലും ചലനപരിമിതി ഉള്ളപ്പോൾ നരകമാണ്. ആ കാലം കൂടി പരിഗണിച്ചാണോ ക്യാംപസും കെട്ടിടങ്ങളും മുറികളും നിർമ്മിച്ചിട്ടുള്ളത് എന്ന് ശ്രദ്ധിക്കുന്നത് ആ മൊത്തം പ്രസ്ഥാനത്തിന്റെ ദീർഘവീക്ഷണത്തെപ്പറ്റിയുള്ള സൂചന കൂടിയാണ്.
- വെള്ളപ്പൊക്കം മുതൽ വന്യമൃഗങ്ങൾ വരെ – പുഴയുടെ തീരത്തും വനത്തിന്റെ അതിർത്തിയിലും ഉള്ള ശാന്തസുന്ദരമായ സ്ഥലങ്ങളാണ് പലപ്പോഴും റിട്ടയർമെന്റ് ഹോം ആയി കണ്ടുപിടിക്കുന്നത്. ഒറ്റനോട്ടത്തിൽ വളരെ നല്ലതെന്ന് തോന്നുമെങ്കിലും പ്രായോഗികമായി കുഴപ്പമാണ്. മാറുന്ന കാലാവസ്ഥയിൽ മിന്നൽ പ്രളയങ്ങൾ ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക സാധ്യതകൾ മൂലം ഇടക്കിടക്ക് മാറിത്താമസിക്കേണ്ടി വരുന്ന അവസ്ഥ, വന്യമൃഗങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം എല്ലാം ഏതുപ്രായത്തിലും ബുദ്ധിമുട്ടാണെങ്കിലും പ്രായം കൂടുന്നതോടെ വലിയ വെല്ലുവിളികൾ ആയിമാറും.
ഇതെല്ലാം തികഞ്ഞ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ടാകുമോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. തീർച്ചയായും ഉണ്ടാകില്ല. ഇതിലെ എല്ലാ വിഷയങ്ങളും നിങ്ങൾക്ക് ഒരുപോലെ പ്രാധാന്യമുള്ളതായിരിക്കില്ലല്ലോ. നിങ്ങളുടെ സാഹചര്യവും നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ ഗുണദോഷങ്ങളും ഒരുമിച്ച് വിശകലനം ചെയ്ത് വേണം തീരുമാനമെടുക്കാൻ.
റിട്ടയർ ആകാനും റിട്ടയർമെന്റ് ഹോമിൽ പോകാനും ഞാൻ തീരുമാനിച്ചിട്ടുണ്ട്, പക്ഷെ എവിടെ പോകണമെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എറണാകുളം / തൃശ്ശൂർ ജില്ലകളിൽ ആകും, പുഴയോരത്തും മലഞ്ചെരിവിലും ആകില്ല എന്ന് ഇപ്പോഴേ ഉറപ്പിച്ചിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനകം ഈ രംഗത്തെ ബിസിനസ്സ് സാധ്യതകൾ കമ്പോളം മനസ്സിലാക്കുമെന്നും പുതിയ ഓപ്‌ഷനുകൾ ധാരാളം ഉണ്ടാകുമെന്നുമെന്നാണ് എന്റെ പ്രതീക്ഷ. എന്നിട്ട് വേണം ഫൈനൽ തിരഞ്ഞെടുപ്പ് നടത്താൻ.
മുരളി തുമ്മാരുകുടി
Leave a Comment