കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ മലയാളികൾ ശ്രദ്ധിക്കേണ്ട മൂന്നു തിരഞ്ഞെടുപ്പുകൾ ലോകത്ത് നടന്നു. കാനഡയിൽ, ആസ്ട്രേലിയയിൽ, സിംഗപ്പൂരിൽ.
ധാരാളം മലയാളികൾ ഇതിനകം കുടിയേറിയിട്ടുള്ള, ജോലി ചെയ്യുന്ന, പഠിക്കാൻ പോകുന്ന, കുടിയേറാനും പഠിക്കാൻ പോകാനും ആഗ്രഹിക്കുന്ന രാജ്യങ്ങളാണിവ.
കുടിയേറ്റത്തിനെതിരെ നയങ്ങൾ എടുക്കുന്ന രാഷ്ട്രീയത്തിനാണ് കഴിഞ്ഞ വർഷം മുൻതൂക്കം ഉണ്ടായിരുന്നത്. കാനഡയിലും ഓസ്ട്രേലിയയിലും അത് തന്നെ സംഭവിക്കും എന്നാണ് ഈ വർഷം ആദ്യം വരെ അഭിപ്രായ സർവ്വേകൾ സൂചിപ്പിച്ചിരുന്നത്.
പക്ഷെ അമേരിക്കയിലെ തിരഞ്ഞെടുപ്പ്, പുതിയ പ്രസിഡന്റ്, അദ്ദേഹത്തിന്റെ നയങ്ങൾ, അതിന്റെ പ്രത്യാഘാതങ്ങൾ ഇവയൊക്കെ കാനഡയിലെയും ആസ്ട്രേലിയയിലെയും തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഈ രണ്ടു രാജ്യങ്ങളിലും വലതുപക്ഷം പ്രതീക്ഷിച്ചിരുന്നത്ര വിജയം നേടിയില്ല. ലേബർ/ലിബറൽ പാർട്ടികൾ ആകട്ടെ ഒട്ടും പ്രതീക്ഷിക്കാതെ ഭരണത്തുടർച്ച നേടുകയും ചെയ്തു.
ആസ്ട്രേലിയയിലേക്കും കാനഡയിലേക്കും പഠിക്കാൻ പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് നല്ല സൂചനയാണ്. കേരളത്തിൽ ആളുകൾ ഒട്ടും ശ്രദ്ധിക്കാതിരുന്നത് സിംഗപ്പൂരിലെ തിരഞ്ഞെടുപ്പാണ്. അവിടെയും ഭരണത്തുടർച്ച തന്നെയാണ്. പക്ഷെ അത് അപ്രതീക്ഷിതമല്ല. 1959 ൽ സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഒരേ പാർട്ടിയാണ് വിജയിക്കുന്നത്. അതും വൻ ഭൂരിപക്ഷത്തിൽ. സിംഗപ്പൂരിൽ ശ്രദ്ധിക്കേണ്ട കാര്യം അവിടെ ഭരണം പുതിയ തലമുറ നേതൃത്വത്തിലേക്ക് പൂർണ്ണമായും മാറുന്നു എന്നതാണ്.
എങ്ങനെയാണ് ഈ നേതൃമാറ്റത്തിന് രാജ്യം തയ്യാറെടുത്തത് എന്നതും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. മുൻപ് പറഞ്ഞത് പോലെ ഭരണത്തുടർച്ചയും ഭരണ സ്ഥിരതയുമുള്ള രാജ്യമാണ് സിംഗപ്പൂർ. 1959 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നാലു പ്രധാനമന്ത്രിമാർ മാത്രമാണ് സിംഗപ്പൂരിന് ഉണ്ടായിട്ടുള്ളത്. അതിൽ ഒന്നാമത്തെ ആൾ 31 വർഷം ഭരിച്ചു.
രണ്ടാമത്തെ ആൾ 14 വർഷം, മൂന്നാമത്തെ ആൾ 20 വർഷം.
കഴിഞ്ഞ വർഷം, 2024 ലാണ് ഇപ്പോൾ പ്രധാനമന്ത്രിയായ ലോറൻസ് വോങ്ങ് ആദ്യമായി പ്രധാനമന്ത്രി ആകുന്നത്. നേതൃത്വത്തിൽ ഒരു തലമുറമാറ്റം വേണമെന്ന തീരുമാനം എടുത്തതിന് ശേഷം യുവനേതൃത്വത്തിൽ അതിന് ഏറ്റവും ഉചിതമായതാര് എന്ന് ഏറെ ചർച്ചചെയ്തതിനു ശേഷമാണ് ലോറൻസ് വോങ്ങിനെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിക്കുന്നത്.
നാലാം തലമുറ പ്രധാനമത്രി ആയതിനാൽ 4G പ്രധാനമന്ത്രി എന്നാണ് സിംഗപ്പൂർ രാഷ്ട്രീയം അദ്ദേഹത്തെ വിളിക്കുന്നത്. സിംഗപ്പൂരിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. 1972 ൽ സിംഗപ്പൂർ സിവിൽ സർവ്വീസിൽ ഉദ്യോഗസ്ഥനായി കയറി പടിപടിയായി അനവധി ഉയർന്ന പദവികൾ കൈകാര്യം ചെയ്തതിന് ശേഷമാണ് അദ്ദേഹം 2010 ൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. പാർലിമെന്റ് അംഗം, വിവിധ വകുപ്പുകളിലെ മന്ത്രി, സിങ്കപ്പൂർ മോണിറ്ററി അതോറിറ്റി ചെയർമാൻ, ഉപ-പ്രധാനമന്ത്രി ഇവയൊക്കെ കഴിഞ്ഞാണ് അദ്ദേഹത്തിന് 2024 ൽ നേതൃത്വം കൈമാറ്റം ചെയ്യപ്പെടുന്നത്.
ഒരു സിറ്റി സ്റ്റേറ്റ് ആയ സിംഗപ്പൂരിനെ കേരളവുമായി താരതമ്യം ചെയ്യുന്നതിൽ വലിയ അർത്ഥമില്ല. കേരളത്തിന്റെ അറുപതിൽ ഒന്ന് വിസ്തീർണ്ണവും ആറിലൊന്ന് ജനസംഖ്യയുമാണ് സിംഗപ്പൂരിന് ഉള്ളത്. എന്നിരുന്നാലും അവിടുത്തെ രാഷ്ട്രീയത്തിൽ നമുക്ക് മാതൃകയാക്കാവുന്ന പലതുമുണ്ട്.
എം.പി.മാർക്കും മന്ത്രിമാർക്കും ഉയർന്ന ശമ്പളം കൊടുക്കുന്നതാണ് ഒന്നാമത്തേത്. ഏകദേശം എട്ടുകോടി രൂപയാണ് സിംഗപ്പൂരിലെ ഒരു മന്ത്രിയുടെ തുടക്ക ശമ്പളം. ഇത് മന്ത്രിമാർക്ക് ലഭിക്കുന്നതിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ശമ്പളമാണ്.
ഈ ശമ്പളം ചുമ്മാതെ അങ്ങ് തീരുമാനിക്കുന്നതല്ല. സിംഗപ്പൂരിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ആയിരം പ്രൊഫഷണലുകളുടെ (ഡോക്ടർ, എൻജിനീയർ, അക്കൗണ്ടന്റ്, ഐ ടി, ആർകിടെക്ട്, ലോയർ എന്നിങ്ങനെ) ശരാശരി ശമ്പളത്തിന്റെ അറുപത് ശതമാനമാണ് മന്ത്രിമാരുടെ ശമ്പളമായി തീരുമാനിച്ചിരിക്കുന്നത്. സമ്പദ്വ്യവസ്ഥ നന്നാകുമ്പോൾ, മറ്റു രംഗത്തുള്ള പ്രൊഫഷണലുകളുടെ ശമ്പളം ഉയരുമ്പോൾ അതിന് ആനുപാതികമായി മന്ത്രിമാരുടെ ശമ്പളവും ഉയരും. ഈ ഫോർമുല കേരളത്തിലും നടപ്പിലാക്കണം എന്നതാണ് എന്റെ ആഗ്രഹം.
നേതൃത്വം ഒരു തലമുറയിൽ നിന്നും അടുത്തതിലേക്ക് മാറ്റാനായി മുൻകൂട്ടി തീരുമാനം എടുക്കുകയും അതിന് അടുത്ത തലമുറയിൽ നിന്നും യോഗ്യരെ കണ്ടെത്തുകയും അവർക്ക് വേണ്ടത്ര പരിശീലനവും അവസരവും നൽകി മുന്നോട്ടു കൊണ്ടുവരികയും ചെയ്യുന്ന രീതിയും നമുക്ക് അനുകരിക്കാവുന്നതാണ്.
ഈ അവസരത്തിൽ ഞാൻ ചിന്തിക്കുകയായിരുന്നു. 1956 ൽ കേരളം ഉണ്ടായതിന് ശേഷം ജനിച്ച മുഖ്യമന്ത്രിമാർ നമുക്ക് ഉണ്ടായിട്ടുണ്ടോ?അത് പോട്ടെ, വാസ്തവത്തിൽ 1947 ൽ കേരളത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് ശേഷം ജനിച്ച മുഖ്യമന്ത്രിമാർ നമുക്ക് ഉണ്ടായിട്ടുണ്ടോ?
അനവധി മിടുക്കരായ നേതാക്കൾ നമ്മുടെ പൊതുരംഗത്തുണ്ട്, രാഷ്ട്രീയത്തിന്റെ ഇരു മുന്നണികളിലും. എന്നാണ്, എങ്ങിനെയാണ് നമ്മുടെ ഭരണനേതൃത്വത്തിൽ തലമുറ മാറ്റം ഉണ്ടാകുന്നത്?
നിലവിൽ പുതിയ തലമുറ നേതൃത്വം 3G സ്ഥിതിയിൽ ആണ്, അത് എന്നാണ് 4G യിലേക്ക് വരുന്നത്?
മുരളി തുമ്മാരുകുടി
Leave a Comment