ഇന്ത്യയിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മയുടെ തോത്, വിദ്യാഭ്യാസം ഇല്ലാത്തവരുടെ ഏകദേശം പത്തിരട്ടിയാണത്രെ. പ്ലസ് ടു വരെ പഠിച്ചവരുടെ തൊഴിലില്ലായ്മ അഞ്ചിരട്ടിയും!
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ട് ആണ്.
കേരളത്തിൽ മെഡിസിൻ ഒഴികെ മറ്റേതൊരു വിഷയവും ബിരുദത്തിനപ്പുറം പഠിക്കുന്നത് കേരളത്തിലെ തൊഴിൽ കമ്പോളത്തിൽ നിന്നും നിങ്ങളെ ഒഴിവാക്കുന്നതിന് തുല്യമാണെന്ന് ഞാൻ മുൻപ് എഴുതിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും കേരളത്തിൽ തൊഴിൽ ചെയ്യണം എന്നാഗ്രഹിക്കുന്നവർ ഒന്നുകിൽ ലഭ്യമായ തൊഴിൽ എടുക്കണം, അല്ലെങ്കിൽ പുറത്ത് പോകണം. അതുമല്ലെങ്കിൽ വെറുതെയിരിക്കണം.
അതുകൊണ്ടാണ് പ്ലസ് ടു മാത്രം ആവശ്യമായ സർക്കാർ ജോലിയിൽ ബിരുദാനന്തര ബിരുദക്കാർ ജോലി ചെയ്യുന്നത്. സ്വിഗ്ഗി, ഉബർ സർവ്വീസുകൾ ചെയ്യുന്നത്. അടിമകളെപ്പോലെ പണിയെടുപ്പിക്കുന്ന മാർക്കറ്റിംഗ് രംഗത്ത് നിൽക്കുന്നത്. ഇവയെല്ലാം underemployment ആണ്.
ഇതേസമയം കേരളത്തിൽ ലഭ്യമായ നല്ല വേതനമുള്ള തൊഴിലിന് സമൂഹത്തിൽ ‘മാന്യത’ ഇല്ല, വേണ്ടത്ര പരിശീലനങ്ങളും ഇല്ല. (മരം വെട്ടുന്നതിന്, കരിമരുന്ന് പ്രയോഗത്തിന്, വീട് ക്ലീൻ ചെയ്യുന്നതിന്
കിണർ വൃത്തിയാക്കുന്നതിന്).
എങ്ങനെയാണ് നമ്മുടെ തൊഴിൽ രംഗവും വിദ്യാഭ്യാസരംഗവും തമ്മിൽ ബന്ധിപ്പിക്കുന്നത്?
ഡിഗ്രി കഴിഞ്ഞവരെ പ്ലംബിങ് പഠിപ്പിക്കുന്നതോ ഡിഗ്രിയുടെ കൂടെ പ്ലംബിംഗ് പഠിപ്പിക്കുന്നതോ അല്ല പരിഹാരം.
നാട്ടിലുള്ള തൊഴിലുകളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദനക്ഷമത കൂട്ടുക. അത്തരം തൊഴിൽ ചെയ്യുന്നവർക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റി പോലൊന്ന് ഉണ്ടാക്കി ‘തൊഴിൽ അംഗീകാരം’ ഉണ്ടാക്കുക. തൊഴിലിന് ‘മാന്യതയും കൂലിയും’ വർദ്ധിക്കുമ്പോൾ അനാവശ്യമായി ‘ഉന്നത വിദ്യാഭ്യാസത്തിന്’ പോകുന്നവർ കുറയും.
Digital transformation of the society is a must for Kerala 2.0
മുരളി തുമ്മാരുകുടി
Leave a Comment