കേരളത്തിൽ നിന്നും വിദേശത്ത് പോയ ഒരാൾ കേരളത്തിൽ ലഭ്യമായ ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു മദ്യം വിദേശത്ത് ഉൽപ്പാദിപ്പിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ വിൽക്കുന്ന സാഹചര്യം.
അവിടെ ഉണ്ടാക്കിയാൽ ഡിസ്റ്റിലറി, ഇവിടെ ഉണ്ടാക്കിയാൽ കള്ളവാറ്റ്!
കരീബിയനിൽ ഫ്രഞ്ച് ടെറിട്ടറി ആയ ഗൂഡലൂപ്പിൽ പോയ കഥ ഒരിക്കൽ ഞാൻ എഴുതിയിരുന്നു. കേരളം പോലത്തെ ഭൂപ്രകൃതി, ഇവിടുത്തേത്തിന്റെ പത്തിലൊന്ന് ഭൂവിസ്തൃതി, നൂറിലൊന്ന് ജനസംഖ്യ. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കരിമ്പും പഴവർഗ്ഗങ്ങളും ഉപയോഗിച്ച് റം ഉണ്ടാക്കി കയറ്റി അയക്കുന്നതാണ് അവിടുത്തെ ഒരു പ്രധാന വരുമാനമാർഗ്ഗം. നൂറുകണക്കിന് കോടി രൂപയുടെ വരുമാനത്തോടൊപ്പം കൃഷിയിലും, ഡിസ്റ്റിലറിയിലും, വിപണനത്തിലും ആളുകൾക്ക് തൊഴിലും. ഇതൊക്കെ സാങ്കേതികമായി നമുക്കും സാധ്യമാണ്. നമ്മുടെ ഹിപ്പോക്രസി ഒന്ന് മാറ്റിവെച്ചാൽ മാത്രംമതി.
കേരളത്തിൽ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കൂടുന്നു. മദ്യത്തിനേക്കാൾ വേഗത്തിൽ ആളുകളെ മയക്കുന്ന, അടിമകളാക്കുന്ന മറ്റു ലഹരികൾ വരുന്നു.
എന്നിട്ടും ഇപ്പോഴും മദ്യവർജ്ജനമാണോ മദ്യനിരോധനമാണോ നമ്മുടെ ലക്ഷ്യം എന്നുള്ള ഡിബേറ്റ് ആണ്. ബിവറേജസിൽ ആളുകൾക്ക് ഇഷ്ടമുള്ളത് നോക്കിയെടുക്കാൻ സാധിക്കണോ അതോ അവരെ വെയിലത്തും മഴയത്തും ക്യൂ നിർത്തണോ എന്നൊതൊക്കെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
എന്ത് പ്രഹസനമാണ് സജി???
മദ്യത്തിന്റെ ഉല്പാദനത്തെയും ഉപഭോഗത്തെയും പറ്റി ശരിയായ ഒരു നയം എന്നാണ് നമുക്ക് നടപ്പിലാക്കാൻ സാധിക്കുന്നത്?
മുരളി തുമ്മാരുകുടി
Leave a Comment