മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കോട്ടയത്തെ റാഗിങ്ങ് സംഭവത്തെ പറ്റി എഴുതുമ്പോൾ ഉടൻ അതിനെ രാഷ്ട്രീയ കള്ളിയിൽ ഒതുക്കുന്ന കമന്റുകൾ വരുന്നു.
കേരളത്തിലെ കാമ്പസുകളിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അക്രമങ്ങൾ ഉണ്ട് എന്ന കാര്യത്തിൽ ആരെങ്കിലും എതിരഭിപ്രായം പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അടിപിടി മുതൽ കത്തിക്കുത്ത് വരെ, തല പൊളിക്കുന്നത് മുതൽ ജീവൻ കളയുന്നത് വരെ ഈ അക്രമ സംഭവങ്ങൾ നീളുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്നവറുണ്ട്.
അക്രമം ചെയ്യുന്നത് ഒരു ഭാഗത്ത് നിന്നുള്ളവർ ആകുമ്പോൾ മറുഭാഗത്തുള്ളവർ ആദർശ രാഷ്ട്രീയം പറയും. നേരെ തിരിച്ച് അക്രമം ചെയ്യുന്നത് അവരുടെ ആളുകൾ ആകുമ്പോൾ പ്രായോഗിക രാഷ്ട്രീയം ആകും ചർച്ച. ഒരു ചേരിയിലെ ആളുകൾ എത്ര ആളുകളെ കൊന്നു എന്ന് പറയുമ്പോൾ മറുചേരിയിൽ ഉള്ളവർ എത്ര കോളേജുകളിൽ ഇടിമുറി ഉണ്ട് എന്ന കണക്ക് പറയും. പുറമെ നിന്ന് നോക്കുന്നവർക്ക് ഹിന്ദിയിലെ പ്രശസ്തമായ ഒരു ചൊല്ലാണ് ഓർമ്മ വരുന്നത് “Is Hamma’am meiN sab nangay haiN”. ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്.
എനിക്കിതിൽ അതിശയം ഒന്നുമില്ല. കാരണം കലാലയങ്ങളിൽ കാണുന്ന അക്രമം നമ്മുടെ രാഷ്ട്രീയത്തിലെ വയലൻസിന്റെ പ്രതിഫലനമല്ല, മറിച്ച് രാഷ്ട്രീയത്തിലും കലാലയത്തിലും കാണുന്ന അക്രമങ്ങൾ നമ്മുടെ സമൂഹത്തിലെ വയലൻസിന്റെ പ്രതിഫലനമാണ്. ഒന്നാം പ്രതി നമ്മുടെ സമൂഹത്തിലെ ഏറ്റവും ചെറിയ യൂണിറ്റ് ആയ കുടുംബം തന്നെയാണ്. കുട്ടികളെ ‘തല്ലി’വളർത്തുന്ന ലോകത്ത് തല്ലിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടേണ്ടതെന്നും തല്ലിയാണ് കാര്യങ്ങൾ ശരിയാക്കേണ്ടതെന്നും ആണ് കുട്ടികൾ പഠിക്കുന്നത്. അതവർ ജീവിതത്തിലെ എല്ലാ തുറയിലും ഉപയോഗിക്കുന്നു.
സ്കൂളിൽ
റോഡിൽ
ഹോട്ടലിൽ
ബാറിൽ
രാഷ്ട്രീയത്തിൽ
പോലീസ് സ്റ്റേഷനിൽ
ജയിലിൽ
സർക്കാർ ഓഫിസുകളിൽ
ആരാധനാലയങ്ങളിൽ
ടൂറിസം സ്പോട്ടുകളിൽ
ബസിൽ
ട്രെയിനിൽ
നമുക്കിഷ്ടമില്ലാത്ത ചിലത് കാണുമ്പോൾ രണ്ടു കൊടുക്കാൻ നമുക്ക് തോന്നും. നമുക്ക് ഇഷ്ടമില്ലാത്തവർക്ക് രണ്ടു കിട്ടുമ്പോൾ നന്നായി എന്നും. ഇങ്ങനൊരു സമൂഹത്തിൽ കോളേജുകളിൽ മാത്രം അക്രമം ഉണ്ടാകില്ല എന്ന് ചിന്തിക്കുന്നതും അക്രമം ഉണ്ടാകുന്നത് രാഷ്ട്രീയം ഉള്ളതു കൊണ്ടാണെന്ന് ചിന്തിക്കുന്നതും തെറ്റാണെന്നാണ് എന്റെ അഭിപ്രായം. മാറ്റം വരേണ്ടത് സമൂഹത്തിലാണ്, അത് തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നും.
ഇനി റാഗിംഗിന്റെ കാര്യം പറയാം. ഞാൻ എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലം മുതൽ നമ്മുടെ സ്കൂളുകളിൽ രാഷ്ട്രീയം ഉണ്ട്. അടിയന്തിരാവസ്ഥ കഴിഞ്ഞു വിദ്യാർത്ഥി രാഷ്ട്രീയം കത്തി നിൽക്കുന്ന കാലം. അന്ന് റാഗിങ്ങ് എന്ന കാടത്തം ഉള്ളത് പ്രൊഫഷണൽ കോളേജുകളിൽ മാത്രമാണ്. അക്കാലത്ത് ഞാൻ പഠിച്ച കോതമംഗലം എം.എ. കോളേജിൽ ഉൾപ്പെടെ മിക്കവാറും പ്രൊഫഷണൽ കോളേജുകളിൽ രാഷ്ട്രീയപാർട്ടികൾ ഉൾപ്പെട്ട രാഷ്ട്രീയം ഇല്ല. എന്നിട്ടും റാഗിംഗിന് ഒരു കുറവുമില്ല. കോതമംഗലത്ത് കണ്ടിട്ടുള്ളത്രയും ക്യാമ്പസ് അക്രമം ഞാൻ മറ്റൊരു കോളേജിലും അക്കാലത്ത് കേട്ടിട്ടില്ല.
രാഷ്ട്രീയ ചേരി തിരിഞ്ഞല്ല അക്രമം. ഒന്നും അഞ്ചും സെമസ്റ്റർ തമ്മിൽ. സിവിലും മെക്കാനിക്കലും തമ്മിൽ. എ ബാച്ചും ബി ബാച്ചും തമ്മിൽ. ഹോസ്റ്റലിൽ താമസിക്കുന്നവരും പുറത്തു താമസിക്കുന്നവരും തമ്മിൽ. ഹോസ്റ്റലുകൾ തമ്മിൽ. ഹോസ്റ്റലിലെ വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിൽ.
പ്രാർത്ഥിക്കാൻ ഓരോരുത്തർക്ക് ഓരോ കാരണം ഉണ്ടെന്ന് പറഞ്ഞത് പോലെ, അടികൂടാൻ ഓരോ ദിവസം ഓരോ കാരണമുണ്ടായിരുന്നു. അന്നൊക്കെ ആരും തട്ടിപ്പോകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.
അക്കാലത്ത് ക്യാംപസിൽ രാഷ്ട്രീയം കൊണ്ടുവരാൻ പുറത്തുള്ള നേതാക്കൾ ശ്രമിച്ചിരുന്നു. അവരുടെ മെയിൻ ഓഫർ ഈ റാഗിങ്ങും അക്രമ രാഷ്ട്രീയവും ഒഴിവാക്കിത്തരാം എന്നതായിരുന്നു ! ഇത് നേരിട്ട് കണ്ടതുകൊണ്ടാണ് ക്യാംപസ് രാഷ്ട്രീയമാണ് റാഗിംഗോ ക്യാംപസ് അക്രമമോ ഉണ്ടാക്കുന്നത് എന്ന ചിന്ത എനിക്കില്ലാത്തത്.
എന്നാൽ കാമ്പസിൽ രാഷ്ട്രീയം ഇല്ലെങ്കിലും റാഗിങ്ങ് ഉൾപ്പടെയുള്ള ക്യാംപസ് അക്രമങ്ങൾ നിലനിൽക്കുന്നതിൽ രാഷ്ട്രീയത്തിന് ഒരു പങ്ക് അന്നും ഇന്നും ഉണ്ട്. റാഗിങ്ങ് ഉൾപ്പടെ ഒരു അക്രമ സംഭവമുണ്ടായി പ്രശ്നം പോലീസ് കേസായാൽ വിദ്യാർഥികൾ ആദ്യം ഓടുന്നത് അവരുടെ സാമൂഹ്യശൃംഖലയിലുള്ള രാഷ്ട്രീയക്കാരുടെ അടുത്തേക്കാണ്.
ഇത് കാമ്പസ് രാഷ്ട്രീയത്തിന്റെ മാത്രം പ്രശ്നമല്ല, എവിടെ പ്രശ്നം ഉണ്ടാക്കിയാലും അതിൽ ഇടപെടാനും ഒതുക്കിത്തീർക്കാനും രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാം എന്നൊരു ചിന്ത നമുക്കുണ്ട്. അത്തരത്തിൽ വിഷയങ്ങളിൽ ഇടപെട്ട് ‘നമ്മുടെ ആളുകളെ’ രക്ഷപ്പെടുത്തിത്തരുന്നവരാണ് നമുക്ക് ‘നല്ല രാഷ്ട്രീയക്കാർ.’
വേണ്ടപ്പെട്ടവർ ആവശ്യപ്പെടുമ്പോൾ അതിൽ ഇടപെടുന്നതും സാധിക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതും ന്യായമാണെന്നുള്ള ചിന്ത നമ്മുടെ രാഷ്ട്രീയക്കാർക്കും ഉണ്ട്. ക്യാംപസിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ ഇക്കാര്യം എളുപ്പമായി. അവർക്ക് സംഘടനാ സംവിധാനം വഴി മുകളിലേക്ക് പോയാൽ മതി.
കാമ്പസിൽ രാഷ്ട്രീയം ഇല്ലാത്തപ്പോഴും കോളേജിലുള്ള വിദ്യാർത്ഥികളുടെ കുടുംബ-വ്യക്തി ബന്ധങ്ങൾ വഴി ഞങ്ങൾക്കും രാഷ്ട്രീയക്കാരിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇപ്പോഴത്തെ കേസ് തന്നെ എടുക്കാം. ആ നരാധമന്മാരായ കുട്ടികളുടെ അച്ഛന്മാരും അമ്മാവന്മാരും ഒക്കെ ഇപ്പോൾ എന്ത് ചെയ്യുകയാകും.
“എന്റെ മകൻ അല്ലെങ്കിൽ മരുമകൻ ചെയ്തത് വലിയൊരു കുറ്റമാണ്, അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ” എന്ന് വിചാരിച്ചിരിക്കുമോ?
അതോ അവരവരുടെ വ്യക്തി ബന്ധങ്ങൾ വഴി സാമൂഹ്യ ശൃംഖലകൾ വഴി പോലീസിലും രാഷ്ട്രീയത്തിലും ഉള്ള ബന്ധങ്ങൾ കണ്ടെത്തി എങ്ങനെയെങ്കിലും അവരുടെ മക്കളെ ‘രക്ഷിച്ചെടുക്കാൻ’ നോക്കുകയായിരിക്കുമോ?
ഇവിടെയാണ് റാഗിങ്ങിലെ സീറോ ടോളറൻസിന്റെ കാര്യം പറഞ്ഞത്. റാഗിംഗിന് എതിരെയുള്ള സീറോ ടോളറൻസ് കോളേജ് അധ്യാപർക്കും പോലീസിനും മാത്രം പോരാ. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും രാഷ്ട്രീയക്കാർക്കും വേണം.
റാഗിങ്ങ് കേസിൽ ഇടപെട്ടാൽ അതിൽ നിന്നും രക്ഷപെടുത്താൻ പണമോ ബന്ധങ്ങളോ ഉപയോഗിക്കില്ല എന്ന് മാതാപിതാക്കൾ കുട്ടികളോട് കൃത്യമായി പറയണം. റാഗിങ്ങുമായി ബന്ധപ്പെട്ട ഒരു കേസിലും സഹായം പ്രതീക്ഷിക്കേണ്ട എന്ന് രാഷ്ട്രീയക്കാരും വ്യക്തമാക്കണം.
ക്യാമ്പസിൽ രാഷ്ട്രീയം വേണം എന്നഭിപ്രായമുളള ആളാണ് ഞാൻ. ഇക്കാര്യത്തിൽ എന്റെ ചിന്ത ശ്രീ. അച്യുത് ശങ്കർ ഈ വിഷയത്തിൽ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടായി കൊടുത്തിട്ടുണ്ട്.
“Campus Politics: Don’t be Silent, Don’t be Violent”
രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണ്. അത് ക്യാംപസിൽ നിന്നും മാത്രമായി മാറ്റിനിർത്താനാകില്ല. മാറ്റി നിർത്തേണ്ട കാര്യവുമില്ല. ക്ളാസ്സ്റൂമിനും കാമ്പസിനും അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായം വേണം. വേണ്ട സമയത്ത് ഇടപെടണം. സംഘടിച്ചു ശക്തരാകണം. ഇതൊക്കെ ശരിയായ കാര്യങ്ങളാണ്.
ഇന്നത്തെ വിഷയം കാംപസ് പൊളിറ്റിക്സ് അല്ല, കൂടുതൽ മറ്റൊരിക്കൽ പറയാം.
മുരളി തുമ്മാരുകുടി
Leave a Comment