പൊതു വിഭാഗം

കല്യാണം മുടക്കുന്ന കക്കൂസുകൾ!

പണ്ട് മലയാളികളുടെ കല്യാണം മുടക്കിയിരുന്നത് ചൊവ്വയും വ്യാഴവും ഒക്കെയായിരുന്നു. ഇന്നിപ്പോൾ കക്കൂസുകൾ വരെ കല്യാണം മുടക്കിത്തുടങ്ങി എന്നാണ് ഈ ലേഖനം നമുക്ക് മനസ്സിലാക്കിത്തരുന്നത്.
 
സംഗതി സത്യമാകാൻ വഴിയുണ്ട്. പണ്ട് പറന്പിൽ ഒരിടത്താണ് വീട്. കക്കൂസുകൾ ഇല്ല, ‘വെളിക്കിറങ്ങുകയാണ്’ രീതി. ഇല്ലാത്ത കക്കൂസിന് കല്യാണം മുടക്കാൻ പറ്റില്ലല്ലോ.
 
‘ഇപ്പോളതിൻമാതിരിയൊന്നുമല്ല,
കക്കൂസില്ലാത്തൊരു വീടുമില്ല…’
എന്നാണല്ലോ കവി പാടിയത്.
 
ഈ മാരണം വീടിനകത്തു വന്നതോടെ പതിവ് പോലെ പണികിട്ടുന്നത് വീട്ടിലെ പെൺകുട്ടികൾക്കായി.
 
“ഒരു ചെറിയ അനുഭവം പറയാം. വളരെ നാളായി കല്യാണം നടക്കാതിരുന്ന ഒരു കുട്ടിയുടെ വീട്ടിൽ പോകാനിടയായി. എല്ലാം കൊണ്ടും സന്തുഷ്ട കുടുംബം. കല്യാണം മാത്രം നടക്കുന്നില്ല. ഇന്ത്യയിൽത്തന്നെ അറിയപ്പെടുന്ന കുടുംബം. അവരുടെ ബാത്ത് റൂമിന് സാധാരണ ബെഡ് റൂമിന്റെ രണ്ടിരട്ടി വലുപ്പമുണ്ടായിരുന്നു. ആദ്യമായാണ് ടേബിളും കസേരകളുമുള്ള ബാത്ത് റൂം ഞാൻ കാണുന്നത്. ഒരു കാരണവശാലും അത് മാറ്റാൻ അവർ തയ്യാറായില്ല. എന്റെയല്ല ആവശ്യം, ഗുണം നിങ്ങൾക്കു തന്നെയാണെന്നു പറഞ്ഞു മനസ്സിലാക്കി. ഏതുവിധേനയും ആ കുട്ടിയുടെ റൂം കല്യാണം നടക്കുന്നതുവരെയെങ്കിലും മാറ്റണമെന്നു പറഞ്ഞതോടെ ഒടുവിൽ അവർ വഴങ്ങി. വളരെ താമസിക്കാതെ കല്യാണം നടക്കുകയും ചെയ്തു.”
 
മനസ്സിലായില്ലേ കാര്യങ്ങളുടെ കിടപ്പ്.
 
പക്ഷെ ആളുകൾ ഉണ്ടോ പഠിക്കുന്നു.
 
“ഈയടുത്തിടെ ആ അമ്മ വീണ്ടും വിളിച്ചു. നാല് വർഷമായി മകൾക്ക് കുട്ടികൾ ആയിട്ടില്ല. എനിക്കുറപ്പുള്ള കാര്യമാണ്. ആ കുട്ടി അവളുടെ പഴയ റൂം തന്നെയാവും ഉപയോഗിക്കുക. എല്ലാ സൗകര്യവും ഉണ്ടാകുന്പോൾ ചില കാര്യങ്ങൾ നമ്മൾ മറക്കും. അതൊക്കെ തീർച്ചയായും ശ്രദ്ധിക്കണം.”
 
തീർച്ചയായും. കാര്യം കഴിയുന്പോൾ കൂരായണാ, എന്നതാണല്ലോ നമ്മുടെ ശീലം.
 
ഈ ലേഖനം വായിച്ചപ്പോൾ എനിക്ക് മനസ്സിൽ തോന്നിയ ഒരു കാര്യം പറയാം. ബെഡ്റൂമിന്റെ ഇരട്ടി വലുപ്പമുണ്ടല്ലോ ബാത്ത്റൂമിന്. അവിടെയുള്ള ടേബിളും കസേരയും മാറ്റി ഒരു ബെഡ് ഇട്ടു കൊടുക്കണം. ബാത്ത് റൂമിലും കാര്യങ്ങൾ സംഭവിച്ച അനുഭവമുണ്ട്. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ പിന്നെ പഴയതുപോലെ ആക്കാമല്ലോ..!
 
മുരളി തുമ്മാരുകുടി
 

Leave a Comment