അമിതമായ ജോലിഭാരം കൊണ്ട് ഇ വൈ എന്ന അന്താരാഷ്ട്ര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടി മരിച്ചു എന്ന വാർത്ത വന്നത് മുതൽ തൊഴിൽ സ്ഥലത്തെ സമ്മർദ്ദത്തെ പറ്റി എഴുതണമെന്ന് അനവധി സുഹൃത്തുക്കൾ, പ്രത്യേകിച്ചും യുവ സുഹൃത്തുക്കൾ എന്നോട് പറയുന്നുണ്ട്.
ഈ വിഷയത്തെ പറ്റി പലരും എഴുതി കണ്ടത് കൊണ്ടും ഈ പ്രത്യേക സംഭവത്തെ പറ്റി കൂടുതൽ വിവരങ്ങൾ പിന്നീട് കാണാത്തതും കൊണ്ടുമാണ് അപ്പോൾ എഴുതാതിരുന്നത്.
പക്ഷെ കണ്ട എഴുത്തുകളിൽ രണ്ടു കാര്യങ്ങളെ പറ്റി പറയാതെ വയ്യ.
- “തൊഴിൽ സ്ഥലത്ത് സമ്മർദ്ദം ഉണ്ടെങ്കിൽ ജോലി ഉപേക്ഷിച്ച് പോകണം”(കൂടെ എന്റെ മകൻ/മകൾ ജോലിഭാരം കൂടിയപ്പോൾ ജോലി രാജിവെച്ച് ഹിമാലയം കാണാൻ പോയി) എന്ന തരത്തിലുള്ള എഴുത്തുകൾ. ഇതിനെ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് പോലെ അവജ്ഞയോടെ തള്ളിക്കളയുന്നു. കഴിക്കാൻ ബ്രെഡ് ഇല്ല എന്ന് പറഞ്ഞവരോട് “കേക്ക് കഴിച്ചുകൂടെ” എന്ന് ചോദിച്ച കഥയിലെ പ്രിവിലേജ് ആണ് ഇവിടെ കാണുന്നത്. തൊഴിൽ ജീവിതമാർഗ്ഗവും ഐഡന്റിറ്റിയും ആയവരുടെയും ഒരു മാസത്തിനപ്പുറം സാമ്പത്തിക ബഫർ ഇല്ലാത്തവരുടെയും ബുദ്ധിമുട്ട് ഇവർക്ക് മനസ്സിലാവില്ല.
- “ചെറുപ്പകാലത്ത് ആഴ്ചയിൽ പതിനാലു മണിക്കൂർ എങ്കിലും ജോലി ചെയ്യണം, എന്നാലേ രാജ്യം പുരോഗമിക്കൂ (ഞങ്ങൾ ഒക്കെ അങ്ങനെ ആയിരുന്നു)”, എന്നുള്ള അമ്മാവൻ എഴുത്തുകൾ. കൂടുതൽ അവജ്ഞയോടെ തള്ളുന്നു. ഈ പതിനാലു മണിക്കൂറും ഏഴു ദിവസവും ആളുകളെ അടിമകളായി ജോലി ചെയ്യിപ്പിച്ചിരുന്ന ഒരു കാലത്തുനിന്നും ലോകം ഏറെ പുരോഗമിച്ചു. ഇനി ഡിജിറ്റൽ ലോകത്ത് പുറകോട്ട് നടക്കുകയല്ല വേണ്ടത്.
ആഴ്ചയിൽ നാലു ദിവസം ജോലിയും മൂന്നു ദിവസം അവധിയും ആയി എങ്ങനെയാണ് ഒരു പ്രസ്ഥാനം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്നതെന്നും എങ്ങനെയാണ് രാജ്യം മുന്നോട്ട് നയിക്കാൻ പറ്റുന്നത് എന്നുമാണ് ചിന്തിക്കേണ്ടത്. ഇന്ത്യയിൽ രാജീവ് ഗാന്ധി ആണ് കേന്ദ്ര ഗവൺമെന്റിൽ അഞ്ചു ദിവസത്തെ തൊഴിൽ വാരം കൊണ്ടുവന്നത്. സംസ്ഥാന സർക്കാരുകൾ ഇന്നും അവിടെ എത്തിയിട്ടില്ല. എന്നാൽ കേന്ദ്ര സർക്കാർ സംവിധാനങ്ങളിലാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷനും കാര്യക്ഷമതയും കൂടുതൽ കാണുന്നത്.
തൊഴിൽ സ്ഥലത്തെ സമ്മർദ്ദം ഒരു യാഥാർഥ്യമാണ്. ഇത് പല തരത്തിലുണ്ട്. ഉയർന്ന ജോലി ഭാരം ഉള്ളതുകൊണ്ടാകാം ഇന്ത്യയിലെ ബാങ്കിങ്ങ് രംഗത്തൊക്കെ ഡിജിറ്റിസേഷന്റെ പേരിൽ സ്റ്റാഫിങ്ങ് കുറക്കുന്നു, പക്ഷെ തൊഴിൽ കുറയുന്നില്ല. പല ബാങ്കുകളിലും ആളുകൾ ദിവസം ശരാശരി പത്തുമണിക്കൂറിൽ അധികമാണ് ജോലി ചെയ്യുന്നത്.
എടുത്താൽ പൊങ്ങാത്ത ടാർഗറ്റ്: പ്രത്യേകിച്ചും ന്യൂ ജെനറേഷൻ ബാങ്ക്, ഇൻഷുറൻസ്, മാർക്കറ്റിങ്ങ് സ്ഥാപനങ്ങളിൽ എല്ലാം ഈ വിഷയം ഉണ്ട്. ഇത് കൊണ്ട് തന്നെ എനിക്ക് പുതിയ ജെനറേഷൻ ബാങ്കുകളിൽ പോകാൻ തന്നെ പേടിയാണ്. അവിടെ ഉള്ള ചെറു പ്രായത്തിലുള്ള ജോലിക്കാർ സാർ എങ്ങനെയെങ്കിലും ടാർഗറ്റ് മീറ്റ് ചെയ്യാൻ സഹായിക്കണം എന്ന് പറഞ്ഞു പുറകെ കൂടിയാൽ പിന്നെ രക്ഷയില്ല. രാത്രി ഒരു മണിക്ക് എന്നെ വിളിച്ച് “സാർ ഇന്ന് ഒരു ഡെപ്പോസിറ്റ് കിട്ടിയില്ലെങ്കിൽ നാളെ എന്റെ ജോലി പോകും” എന്നുപറഞ്ഞ് ഒരിക്കൽ ഒരു ബാങ്ക് എക്സിക്യൂട്ടിവ് എന്നെ വിളിച്ചു കരഞ്ഞിട്ടുണ്ട്. ഇവരൊക്കെ എത്ര സമ്മർദ്ദത്തിൽ ആകാം ജോലി ചെയ്യുന്നത്, അതിനെ തരണം ചെയ്യാൻ എന്തൊക്കെ ചൂഷണങ്ങളിൽ അവർ പെടാം എന്നൊക്കെ ഞാൻ ആലോചിച്ചിട്ടും ഉണ്ട്.
സമയക്രമം ഇല്ലായ്മ: പ്രത്യേകിച്ചും ഐ ടി രംഗത്ത് ഉള്ളവരുടെ വിഷയമാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ക്ലയന്റ് ഓസ്‌ട്രേലിയ മുതൽ അമേരിക്ക വരെ എവിടെയും ആകാം. അവരുടെ തൊഴിൽ സമയവും ആയി അഡ്ജസ്റ്റ് ചെയ്‌തു പോകേണ്ടി വരുന്നത് നാട്ടിലെ താളം തെറ്റിക്കുന്നു.
അമിതമായ യാത്രകൾ: യാത്രകൾ ഉൾപ്പെടുന്ന ജോലി ചെറുപ്പത്തിൽ നല്ലതാണെന്ന് തോന്നാം. പക്ഷെ കുടുംബവും, പ്രത്യേകിച്ച് കുട്ടികളും ആകുന്നതോടെ യാത്രകൾ ഉള്ള ജോലികൾ സമ്മർദ്ദം ഉണ്ടാക്കുന്നു.
തൊഴിലിടത്തെ മത്സരം: പുതിയ തലമുറയിലെ പല തൊഴിൽ സ്ഥാപനങ്ങളിലും തൊഴിൽ ചെയ്യുന്നവരെ താരതമ്യം ചെയ്ത് ശമ്പളവും പ്രമോഷനും തീരുമാനിക്കുന്ന രീതി ഉണ്ട്. ഇത് പ്രത്യക്ഷത്തിൽ അത്ര കുഴപ്പമുളളതല്ല. എന്നാൽ ഈ രീതി, അമിതമായി ജോലി ചെയ്യാനും സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദം കുറക്കാനും ഇടവരുത്തുന്നു. തൊഴിലിടം സമ്മർദ്ദപൂർണ്ണം ആക്കുന്നു.
തൊഴിൽസ്ഥിരത ഇല്ലാത്തത്. പുതിയ ജെനറേഷൻ തൊഴിലിടങ്ങളുടെ ഒരു പ്രധാന രീതി ജോലി സ്ഥിരത ഇല്ലാതാകുന്നതാണ്. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന പല സ്ഥാപനങ്ങളും ഓരോ വർഷവും അഞ്ചോ പത്തോ ശതമാനം ആളുകളെ പിരിച്ചു വിടുകയും പുതിയതായി എടുക്കുകയും ചെയ്യും. സ്ഥാപനത്തിന് ഇത് പല ഗുണങ്ങളും ഉണ്ടാക്കുമെങ്കിലും തൊഴിൽ എടുക്കുന്നവർക്ക് ആന്വൽ അസ്സെസ്സ്മെന്റ് എന്നത് വലിയ സമ്മർദ്ദം ആകുന്നു.
ഓഫീസ് പൊളിറ്റിക്സ്: മനുഷ്യൻ എവിടെ ഉണ്ടോ അവിടെല്ലാം ഓഫീസ് പൊളിറ്റിക്‌സും ഉണ്ടാകുമല്ലോ. രാഷ്ട്രീയത്തിൽ പോലും കാണാത്ത തരത്തിലുളള ചാരപ്രവർത്തനവും പാരവയ്പ്പും കുതികാൽ വെട്ടും ഒക്കെ ഓഫിസുകളിലുണ്ട്. സമ്മർദ്ദം കൂട്ടാൻ വേറെ വല്ലതും വേണോ?
ടോക്സിക് ആയ ടീം ലീഡർ: സർക്കാർ സംവിധാനം, സ്വകാര്യ കമ്പനി, യു എൻ എന്നിങ്ങനെ മൂന്നു തരം മാനേജ്‌മെന്റിൽ, ഗവേഷണ ശാല, യൂണിവേഴ്സിറ്റി, കമ്പനി, അന്താരാഷ്ട്ര പ്രസ്ഥാനം എന്നിങ്ങനെ പലതരം തൊഴിൽ രംഗത്ത് ഞാൻ ജോലി ചെയ്തിട്ടുണ്ട്. എല്ലാ തരം സമ്മർദ്ദങ്ങളും രാഷ്ട്രീയവും നേരിട്ട് കണ്ടിട്ടുമുണ്ട്, വേണ്ടപ്പോൾ ഒക്കെ കളിച്ചിട്ടുമുണ്ട്. പക്ഷെ ഇവിടെയെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ആരാണ് മേലധികാരി അല്ലെങ്കിൽ ടീം ലീഡർ എന്നതാണ് ഏറ്റവും പ്രധാനം. പൊതുവെ മോശമായ തൊഴിൽ സംസ്കാരം ഉളള സ്ഥാപങ്ങളിലും ഒരു ബോസിന് നല്ല ടീം അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കും. പൊതുവെ നല്ല തൊഴിൽ അന്തരീക്ഷം ഉള്ളിടത്തും ടോക്സിക് ആയ ടീം അന്തരീക്ഷം ഉണ്ടാക്കാനും ഒരു മോശം ബോസിന് സാധിക്കും. “Employees don’t leave bad organisations, they leave bad bosses” എന്ന് പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിൽ നൂറു ശതമാനം ശരിയാണ്.
ഇന്ത്യയിലും വിദേശത്തും അനവധി ബോസ്സുമാരെ കണ്ട അനുഭവത്തിൽ ഒരു ജനറലൈസേഷൻ നടത്താം.
പാശ്ചാത്യ കമ്പനി പാശ്ചാത്യ ബോസ്സ് – ഉള്ളതിൽ നല്ലത് (എക്സ്പ്‌ഷൻ ഉണ്ട്).
ഇന്ത്യൻ കമ്പനി ഇന്ത്യൻ ബോസ്സ് – മാനേജ് ചെയ്യാം.
പാശ്ചാത്യ കമ്പനി ഇന്ത്യൻ ബോസ്സ് – സഹിക്കാൻ പറ്റില്ല ! (മധ്യേഷ്യയിൽ ആണ് ഇവരെക്കൊണ്ട് ഏറെ ശല്യം, നാട്ടിൽ ആണെങ്കിൽ രണ്ട് ഇരുട്ടടി എങ്കിലും കൊടുക്കാം).
എല്ലാ ജനറലൈസേഷനും പോലെ ഇതും നൂറു ശതമാനവും സത്യമല്ല. പക്ഷെ പാശ്ചാത്യ കമ്പനികൾക്ക് പൊതുവെ തൊഴിലാളികളെ വേണ്ട തരത്തിൽ സംരക്ഷിക്കാനുള്ള നിയമങ്ങളും എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാനുള്ള നടപടി ക്രമങ്ങളും ഉണ്ടാകും. പക്ഷെ അതിന്റെ മേലധികാരിയായി ഇന്ത്യക്കാർ വരുമ്പോൾ തൊഴിൽ സംസ്കാരം മൊത്തം അവർ മോശമായി മാറ്റിയെടുക്കുന്നതായി അനുഭവം ഉണ്ട്. “ഇന്ത്യക്കാരെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കാം എന്നും കുറച്ചു ശമ്പളം കൊടുത്താൽ മതിയെന്നും” മേലധികാരികളെ ബോധ്യപ്പെടുത്തി അങ്ങനെ ഉണ്ടാക്കുന്ന ലാഭം സ്വന്തം മാനേജ്‌മെന്റ് വൈദഗ്ദ്യം ആണെന്ന് തെറ്റിദ്ധരിക്കുന്നവർ ആണ് ഇവരിൽ പലരും.
പുതിയ തലമുറക്ക് തൊഴിലിടം അവരുടെ ഐഡന്റിറ്റിയുടെ ഭാഗവും കൂടിയാണ്. പേരുകേട്ട ഒരു തൊഴിലിടത്തിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ അദൃശ്യമായ സ്വർണ്ണവിലങ്ങിൽ പെട്ടിരിക്കുകയാണ്. ഇതിനെയാണ് സ്ഥാപനങ്ങൾ മുതലെടുക്കുന്നത്.
ഇത്തരം തൊഴിൽ സാഹചര്യങ്ങളിൽ പെട്ടുപോയാൽ ശാരീരികവും മാനസികവും ആയ പരിക്കേൽക്കാതെ രക്ഷപ്പെടുക എന്നത് വളരെ പ്രധാനമായ കാര്യമാണ്.
ഇതിനെ പറ്റി വിശദമായി പറയാനുള്ളതിനാൽ പിന്നീട് ഒരിക്കൽ ആകാം.
മുരളി തുമ്മാരുകുടി
Leave a Comment