എന്റെ കസിൻസ് ഉൾപ്പെടെ ചുറ്റുവട്ടത്തുള്ള അനവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അവസാനകാലം ഹോംനേഴ്സുമാരുടെ പരിചരണയിലാണ്. എന്റെ കാര്യവും വ്യത്യസ്ഥമാകില്ല.
ഒട്ടും നിയന്ത്രിക്കപ്പെട്ടിട്ടില്ലാത്ത മേഖലയാണ്. രോഗിയെയും കുടുംബത്തേയും ചൂഷണം ചെയ്യുന്ന ഹോം നേഴ്സുമാർ, ഹോംനേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന രോഗിയും വീട്ടുകാരും. ഇരുകൂട്ടരെയും ചൂഷണം ചെയ്യുന്ന ഏജന്റുമാരും.
ഇപ്പോൾ അതിന്റെ മുകളിലാണ് പരിചരിക്കപ്പെടേണ്ട ആളെ അടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ഹോംനേഴ്സിന്റെ വീഡിയോ വരുന്നത്. അടി കൊള്ളുന്ന ആൾ എന്നേക്കാൾ ചെറുപ്പമാണ്! ഞാൻ പേടിച്ചു.
രണ്ടു ദിവസം ജയിലിൽ കിടന്നതിന് ശേഷം മറ്റൊരിടത്ത് മറ്റൊരു രോഗിയെ ‘സേവിക്കാൻ’ ഈ നേഴ്സ് എത്താതിരിക്കുന്നത് ഉറപ്പാക്കുന്ന ഒരു സംവിധാനവും ഇപ്പോൾ കേരളത്തിലില്ല. നാളെ എന്നെ നോക്കാൻ ഇയ്യാളോ ഇതുപോലൊരു സേവകനോ എത്താനും മതി. പേടിച്ചേ പറ്റു.
ഒരു കണക്കിന് ഞങ്ങൾ ബേബി ബൂമർ ജനറേഷന്റെ (1946-64 ജനിച്ചവർ) കാര്യം കഷ്ടമാണ്. വീട്ടിലും സ്കൂളിലും ‘അടിച്ചു’വളർത്തപ്പെട്ട തലമുറയാണ്. കുട്ടികളുടെ നേരെ വടിയെടുക്കുന്നത് അവസാനിപ്പിച്ചത് ഞങ്ങളാണ്. എന്നാൽ ഞങ്ങളുടെ തലമുറയെ അടിച്ചുവളർത്തിയ മതാപിതാക്കളെ ഞങ്ങൾ പൊന്നുപോലെ നോക്കി യാത്രയാക്കുന്നു. പക്ഷെ ഞങ്ങളെ നോക്കാനും യാത്രയാക്കാനും ഹോം നേഴ്സാണുള്ളത്.
വീണ്ടും അടിയുടെ സാഹചര്യം. മദ്ദളം പോലെ രണ്ടറ്റത്തും അടി. കൊടുക്കാതെ തന്നെ കൊല്ലത്തുകിട്ടുകയാണ്. വയോജനങ്ങളുടെ രക്ഷക്ക് നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്തേ പറ്റു.
മുരളി തുമ്മാരുകുടി
Leave a Comment