പൊതു വിഭാഗം

സ്വകാര്യ സർവ്വകലാശാലകൾ വരട്ടെ…

സ്വകാര്യ സർവ്വകലാശാലകൾ സംസ്ഥാനത്ത് അനുവദിക്കാനുള്ള ബിൽ അസംബ്ലി പാസാക്കിയല്ലോ. വളരെ നല്ലത്.

കേരളത്തിൽ IIT മുതൽ ഓപ്പൺ യൂണിവേഴ്സിറ്റി അടക്കം ഇപ്പോൾ ഏകദേശം 25 യൂണിവേഴ്സിറ്റികളുണ്ട് (deemed to be യൂണിവേഴ്സിറ്റികൾ ഉൾപ്പടെ). ഇവയിൽ പകുതിയും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ്. ഇവയെ ഒരുമിച്ച് ചേർത്ത് ഒറ്റ യൂണിവേഴ്സിറ്റി ആക്കണമെന്നതാണ് ഞാൻ ഏറെ നാളായി ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

അതുകൊണ്ട് തന്നെ പുതിയതായി ഒരു യൂണിവേഴ്സിറ്റിക്ക്, അത് സ്വകാര്യം ആണെങ്കിൽ പോലും, കേരളത്തിൽ സാധ്യത ഉണ്ടോ എന്ന ചോദ്യം  നിലനിൽക്കുന്നു. തീർച്ചയായും ഉണ്ട്.

സമയത്തിന് പരീക്ഷകൾ നടത്തുകയും നടത്തിയ പരീക്ഷയുടെ മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും വേണ്ടിവരുമ്പോൾ ട്രാൻസ്‌ക്രിപ്റ്റുകളും സമയത്തിന് നൽകുന്ന സ്വകാര്യ സർവ്വകലാശാലകൾ വന്നാൽ അല്പം ഫീസ് കൂടിയാൽ പോലും കുട്ടികൾ അത് സ്വീകരിക്കും.

വിദേശപഠനം ഇപ്പോൾ കുട്ടികളുടെ വലിയ സ്വപ്നമാണ്. എന്നാൽ സാമ്പത്തികമായി ഏറെ   ചിലവുള്ളതും. ഒരു ഡിഗ്രിയുടെ പകുതി ഇന്ത്യയിലും ബാക്കി ഇഷ്ടമുള്ള വിദേശ സർവ്വകലാശാലയിലും പഠിക്കാമെന്ന് വന്നാൽ ധാരാളം വിദ്യാർഥികൾ അത്തരം സർവ്വകലാശകളിൽ എത്തും.

കേരളത്തിൽ ലാഭകരമായി തുടങ്ങാവുന്ന ഒന്ന് ഒരു സ്വകാര്യ മെഡിക്കൽ സർവകലാശാലയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മെഡിക്കൽ / നേഴ്സിങ്ങ് പഠിക്കാൻ കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും പോകുന്നത്. മെഡിക്കൽ രംഗം നിർമ്മിത ബുദ്ധിയും റോബോട്ടും എല്ലാമായി അടിമുടി മാറുകയാണ്. മെഡിക്കൽ ടെക്‌നോളജി രംഗത്ത് അനവധി പുതിയ പ്രൊഫഷനുകൾ ഉണ്ടാകുന്നു. ലോകത്തെ മറ്റു രാജ്യങ്ങളിലെ ഭാഷകൾ പഠിപ്പിക്കുകയും, അവിടങ്ങളിൽ പ്രാക്ടിക്കൽ ചെയ്യാൻ സാധിക്കുകയും, അവിടുത്തെ രജിസ്ട്രേഷൻ തരമാക്കി കൊടുക്കുകയും ചെയ്യുന്ന ഒരു സർവ്വകലാശാല നിലവിൽവന്നാൽ, അത് വൻ ലാഭമാകും. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും പോലും വിദ്യാർഥികൾ എത്തും.

കേരളത്തിൽ നിന്നും പുറത്തുപോയി ഉന്നത വിദ്യാഭ്യാസം നേടുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന അനവധി സ്കോളേഴ്സ് ഉണ്ട്. അവരിൽ ഏറെപ്പേർ കുറച്ച് കാലമെങ്കിലും കേരളത്തിൽ ജോലിചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും കുറച്ചുപേരെങ്കിലും കേരളത്തിൽ സ്ഥിരമായി ജോലിചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ ഇപ്പോഴത്തെ യൂണിവേഴ്സിറ്റി സംവിധാനത്തിൽ അതത്ര എളുപ്പമല്ല. കൂടുതൽ ഫ്ലെക്സിബിളായ ഒരു സാഹചര്യമുണ്ടായാൽ കേരളത്തിന് പുറത്തുള്ളവരും കേരളത്തിന് പുറത്തുനിന്നുള്ളവരുമായ അനവധി അധ്യാപകർ കേരളത്തിലെത്താനുള്ള സാധ്യതയുമുണ്ട്.

അശോക യൂണിവേഴ്സിറ്റി പോലെ പൂർണ്ണമായും പുതിയ ഒരു സ്വകാര്യസർവ്വകലാശാല കേരളത്തിൽ നിലവിൽവരാനുള്ള സാധ്യത വളരെ കുറവാണ്. കാരണം കേരളത്തിലെ സ്വകാര്യ സർവകലാശാലകളിലും നാല്പത് ശതമാനം കുട്ടികൾ കേരളത്തിൽ നിന്നാകണമെന്ന വകുപ്പ് കാണുന്നു. പുതിയ സർവ്വകലാശാലയിൽ ഈടാക്കുന്ന ഉയർന്ന ഫീസ് കൊടുക്കാൻ കഴിവുള്ള മലയാളികൾ കേരളത്തിന് പുറത്ത് പഠിക്കാനാകും ആഗ്രഹിക്കുക.

എന്നാൽ കേരളത്തിൽ വളരെ നന്നായി നടത്തപ്പെടുന്ന അനവധി സ്വകാര്യ കോളേജുകളുമുണ്ട്. അവ ഓട്ടോണമസ് ആയിട്ട് പോലും സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും അനവധി നിയന്ത്രണങ്ങൾ അവരുടെ മേലുണ്ട്. ഈ സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റികളായി മാറിയാൽ അവ അടുത്ത ലെവലിലേക്ക് പോകും. രാജഗിരി ഗ്രൂപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുദാഹരണമാണ്.

പൂർണ്ണമായും വിദേശ സർവ്വകലാശാലകൾ കേരളത്തിൽ (ഇന്ത്യയിൽ) വരാനുള്ള സാധ്യത അത്ര അധികമല്ല. ആധുനികമായ ഇൻഫ്രാസ്ട്രക്ച്ചർ സൗജന്യമായി കൊടുക്കുകയും ഫീസിന്റെയോ കുട്ടികളുടെയോ കാര്യത്തിൽ യാതൊരു നിയന്ത്രണവും  ഇല്ലാതിരുന്നിട്ടും മലേഷ്യയിലും മധ്യേഷ്യയിലും തുടങ്ങിയ അന്താരാഷ്ട്ര കാമ്പസുകൾ ഒന്നും ടേക്ക് ഓഫ് ചെയ്യുന്നില്ല എന്ന് മാത്രമല്ല പലതും പൂട്ടിക്കെട്ടുകയാണ് താനും. കേരളത്തിൽനിന്ന് പുറത്തേക്ക് പോകാനാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കുട്ടികളും ഉന്നതവിദ്യാഭ്യാസ നിലവാരമല്ല, വിദേശത്ത് തൊഴിലെടുക്കാനുള്ള അവകാശമാണ് വിദേശവിദ്യാഭ്യാസത്തിന്റെ പ്രധാന ഗുണമായി കാണുന്നത്. ഒപ്പം അത് നൽകുന്ന സ്വാതന്ത്ര്യവും, പാർട്ട് ടൈം ആയി ജോലി ചെയ്യാനുള്ള അവസരവും. ഇതൊന്നും ഇല്ലാതിരിക്കുമ്പോൾ വിദേശ സർവ്വകലാശാലകൾ ഇവിടെ എത്തിയാൽ ഉയർന്ന ഫീസ് കൊടുത്ത് അവിടെ പഠിക്കാൻ മലയാളികളെ കിട്ടില്ല. ഇന്ത്യയിൽ വിദേശികൾക്ക് ജോലി ചെയ്യാനുള്ള നിയന്ത്രണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ വിദേശ വിദ്യാർത്ഥികളെയും അധ്യാപകരെയും ആകർഷിക്കുന്നതും എളുപ്പമല്ല.

ഒരു ലാഭേച്ഛയും ഇല്ലാതെ അസിം പ്രേംജി യൂണിവേഴ്സിറ്റിയും ശിവ് നാടാർ യൂണിവേഴ്സിറ്റിയും പോലെ ശതകോടീശ്വരന്മാർ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങുമോ? കേരളത്തിലും ശതകോടീശ്വരന്മാർ ഉണ്ടെങ്കിലും അവരാരും ഇതുവരെ ഇക്കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ച് കണ്ടില്ല. ഇനിയും സമയമുണ്ട്. എന്താണെങ്കിലും സ്വകാര്യ സർവ്വകലാശാലകൾ വരട്ടെ.

ഇതിൽ എനിക്കല്പം സ്വാർത്ഥത ഉണ്ട് കേട്ടോ.

റിട്ടയർമെന്റ് ഒക്കെ വരികയല്ലെ. എം.എൽ.എ.യും എം.പിയും പോയിട്ട് പഞ്ചായത്തിലേക്ക് പോലും ആരും സീറ്റ് ഓഫർ ചെയ്യുന്നില്ല. പക്ഷെ സ്വകാര്യ സർവ്വകലാശാലകളിൽ ചാൻസലർ എന്നൊരു പദവി ഉണ്ട്. ഇത് ഇപ്പോഴത്തെ പോലെ ഗവർണ്ണറോ മന്ത്രിയോ ആയിരിക്കണമെന്നില്ല.

The Chancellor.―(1) The sponsoring body shall appoint an academician of high repute or a person of eminence in any of the fields including agriculture and veterinary science, technology, medicine, social science, humanities, literature, art, culture, law, industry, commerce or public administration as the Chancellor of the University and on such terms and conditions and by following such procedure as may be prescribed:

സ്വകാര്യ സർവ്വകലാശാല ആരുണ്ടാക്കിയാലും ചാൻസലർ ആകാൻ പറ്റിയ ഒരു പേഴ്സൺ ഓഫ് എമിനൻസിനെ ഞാൻ കണ്ടു വച്ചിട്ടുണ്ട്. 

ആരാണയാൾ?

ഞാനാണയാൾ!

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "Search HOME NEWS INDIA KERALA THE HINDU Kerala Assembly passes Private Universities Bill, scripts a milestone in State's educational landscape Pivotal legislation opens the doors to private universities in Kerala, nearly decade after the idea was first proposed Updated 25, 25,202503:29pmIST ww.a3,205072H THIRUVANANTHAPURAM SARATHBABUGEORGE GEORGE ធ READLATER READ PRINT ht/feeebebmom/m/ 0ntpeteo.tooo ปะสกภานราานานน hotoCredit:S Gopakumar PhotoC"

Leave a Comment