പൊതു വിഭാഗം

സ്റ്റാർട്ട് അപ്പ് ചർച്ചയാകുമ്പോൾ…

ശ്രീ. ശശി തരൂരിന്റെ Shashi Tharoor ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനം വന്നത് മുതൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് ചർച്ചയായിരിക്കുന്നു എന്നത് ഒരു നല്ല കാര്യമാണ്.

ഏതാണ്ട് പത്തു വർഷമായി കേരളത്തിലെ സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും അതിന്റെ വളർച്ച നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഇക്കാര്യം പൊതുമണ്ഡലത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. മറ്റു പ്രദേശങ്ങളെ താരതമ്യപ്പെടുത്തി നോക്കിയാൽ ഇപ്പോഴും വളരെ ചെറിയോരു എക്കോസിസ്റ്റം ആണ് നമ്മുടേത്. മൊത്തം ആസ്തി 1.7 ബില്യൺ ഡോളർ മാത്രം. ഇന്ത്യയുടെ സ്റ്റാർട്ട് അപ്പ് കാപ്പിറ്റൽ ആയ ബാംഗ്ളൂരിന്റെത് 159 ബില്യൺ, ലോകത്തിന്റെ സ്റ്റാർട്ട് അപ്പ് കാപ്പിറ്റൽ ആയ സിലിക്കോൺ വാലിയുടേത് 2485 ബില്യൺ. നമ്മുടേതിന്റെ 1400 ഇരട്ടി.

വേണമെങ്കിൽ നമുക്ക് ഇതൊക്കെ പറഞ്ഞു കേരളത്തെ കൊച്ചാക്കാം. ലോകത്തിലെ നൂറിൽ താഴെ വരുന്ന പ്രദേശങ്ങളിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോൾ അതിൽ കേരളം ഉൾപ്പെട്ടു എന്നത് തന്നെ വലിയ സന്തോഷത്തിനടിസ്ഥാനമാണ്.

നമ്മുടെ ആളുകൾ, പ്രത്യേകിച്ചും യുവാക്കൾ, ഏതെങ്കിലും സർക്കാർ ജോലി അഥവാ കുടിയേറ്റം എന്നതിലപ്പുറം സ്റ്റാർട്ട് അപ്പ് എന്നത് ഒരു ഓപ്‌ഷൻ ആയി കാണുന്നു. അങ്ങനെ ഒരു താല്പര്യത്തെ സർക്കാർ പിന്തുണക്കുന്നു. ധാരാളം യുവാക്കൾ അതിൽ ആകൃഷ്ടരാകുന്നു. എൻജിനീയറിങ്ങ് കോളേജുകളിൽ മാത്രമല്ല ആർട്സ്, സയൻസ് കോളേജുകളിൽ പോലും  സ്റ്റാർട്ട് അപ്പ് സംരഭങ്ങൾ വരുന്നു. കോളേജ് ഡ്രോപ്പ് ഔട്ട് ആവുന്നവർ പോലും വിജയകരമായി സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നു.  ഇതൊക്കെ സന്തോഷിക്കാനുള്ള കാര്യങ്ങൾ തന്നെയാണ്.

അടുത്ത മാസം  ഡി.വൈ.എഫ്.ഐ. DYFI Kerala യുടെ ആഭിമുഖ്യത്തിൽ ഒരു സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ നടത്താൻ പോകുന്നു എന്ന വാർത്ത വരുന്നു. ആദ്യമൊക്കെ ‘ട്രാക്ടറിനും കമ്പ്യൂട്ടറിനും എതിരെ സമരം ചെയ്തവരാണ് ഇപ്പോൾ സ്റ്റാർട്ട് അപ്പ് തുടങ്ങുന്നത്’ എന്നും പറഞ്ഞ് അവരെ ട്രോളുമെങ്കിലും വലിയ താമസമില്ലാതെ മറ്റു യുവജന പ്രസ്ഥാനങ്ങളും സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലുകളും ഹാക്കത്തോണും ആയി വരും. അതും നല്ല മാറ്റം തന്നെയാണ്.

സ്റ്റാർട്ട് അപ്പുകൾ എന്നാൽ ഐ. ടി. കമ്പനി മാത്രമല്ല. പരിസ്ഥിതി സംരക്ഷണ രംഗത്തെ അവസരങ്ങൾ ഉപയോഗിക്കാൻ സ്റ്റാർട്ട് അപ്പ് ലോകത്തുണ്ട്. അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ G20 Global Land Initiative ഒരു ആഗോള മത്സരം എല്ലാ വർഷവും നടത്തുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന നൂറു പേർക്ക് പരിശീലനവും സാമ്പത്തിക സഹായവും നൽകും എന്ന പ്ലാനിലാണ് തുടങ്ങിയത്. പക്ഷെ ഇതിന്റെ വിജയം കണ്ടപ്പോൾ ഈ നൂറ്‌ എന്നുള്ളത് ആയിരത്തിലേക്ക് ഉയർത്താനും പത്തുവർഷം കൊണ്ട് പതിനായിരം ആക്കാനുമാണ് പ്ലാൻ.

കേരളത്തിൽ മണ്ണുത്തിയിലെ അഗ്രി യൂണിവേഴ്സിറ്റിക്ക് Kerala Agricultural University വേണ്ടത്ര പിന്തുണ നൽകിയാൽ കൃഷിയിൽ ഒരു അത്യുഗ്രൻ സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതൊക്കെയാണ് ഭാവി. ഇവരൊക്കെയാണ് കേരളത്തിന്റെ ഭാവി നിശ്ചയിക്കാൻ പോകുന്നത്.  ചാനൽ ചർച്ചകളോ ചർച്ചക്കാരോ അല്ല.

മുരളി തുമ്മാരുകുടി

 

Leave a Comment