സി. പി. എമ്മിന്റെ പുതിയ ആസ്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുന്നു. കേട്ടിടത്തോളം ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒക്കെയുള്ള കെട്ടിടമാണ്. നല്ല കാര്യമാണ്.
പൊതുവെ കേരളത്തിൽ പാർട്ടികളും സർക്കാരും ആഡംബരം പോയിട്ട് ആവശ്യത്തിനുള്ള ഓഫീസ് സൗകര്യം പോലും അവർക്കായി ലഭ്യമാക്കുന്നതിൽ വിമുഖരാണ്. മാധ്യമങ്ങൾ മുഴുവൻ സമയവും ഭൂതക്കണ്ണാടിയുമായി അവരുടെ ചുറ്റുമുള്ളതിനാലും അവശ്യ ചിലവുകൾ പോലും ‘ധൂർത്ത്’ എന്നുപറഞ്ഞ് വിവാദമുണ്ടാക്കുവാൻ സദാ ജാഗരൂകരാകുന്നതുകൊണ്ടും നമ്മുടെ നേതൃത്വം ഇന്നും അത് ശ്രദ്ധിക്കുന്നവരായതുകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ മന്ത്രിമാരുടെ ഓഫീസിനേക്കാൾ സൗകര്യമുള്ള മാധ്യമ മേധാവികളുടെ ഓഫീസുകൾ ഞാൻ കണ്ടിട്ടുണ്ട്. ഈ മാധ്യമങ്ങളെല്ലാം കോർപ്പറേറ്റ് ആയതുകൊണ്ട് അവരുടെ ഓഫീസുകളിൽ ആഡംബരം ആകാം !
സംശയമുള്ളവർ നമ്മുടെ സെക്രട്ടേറിയറ്റ് ഒന്ന് പോയി നോക്കിയാൽ മതി. ഒരു ലക്ഷത്തിലധികം കോടി രൂപ വരുമാനവും അത്രയുംതന്നെ ചിലവുമുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണം നയിക്കപ്പെടുന്ന സ്ഥലമാണ്. 157 ബില്യൺ ഡോളർ സ്റ്റേറ്റ് ഡൊമസ്റ്റിക്ക് പ്രോഡക്റ്റ് ഉള്ള ഒരു സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമാണ്. അവിടുത്തെ മന്ത്രിമാരുടെ, സീനിയർ ഉദ്യോഗസ്ഥരുടെ എല്ലാം ഓഫീസുകളുടെ കെട്ടും മട്ടും സൗകര്യങ്ങളും കേരളത്തിൽ ഒരു അഞ്ഞൂറുകോടി രൂപ വരവുള്ള പ്രസ്ഥാനങ്ങളിലെ ഓഫീസുകളെക്കാൾ മോശമാണ്. പഴയ സെക്രട്ടെറിയേറ്റ് എപ്പോൾ വേണമെങ്കിലും തീപിടിക്കാൻ സാധ്യതയുള്ള ഒരു ഫയർ ഹസാഡ് ആണെന്ന് ഞാൻ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. ആധുനികമായ സൗകര്യങ്ങളുള്ള ഒരു ഭരണകേന്ദ്രം നമുക്ക് ഉണ്ടാക്കണം. പഴയ സെക്രട്ടേറിയറ്റ് ജനാധിപത്യത്തെ പറ്റിയുള്ള, നമ്മുടെ മണ്മറഞ്ഞ നേതാക്കളെ പരിചയപ്പെടുത്തുന്ന, നമ്മൾ കടന്നുപോന്ന സമരങ്ങളുടെ കഥപറയുന്ന ഒരു മ്യൂസിയം ആക്കണം. നഗരത്തിന്റെ നടുക്ക് തന്നെ ഇപ്പോഴും ‘പ്രൈം റിയൽ എസ്റ്റേറ്റ്’ ഉപയോഗിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിന്റെ സ്ഥലം ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ നടക്കും. രാജഭരണകാലത്ത് ഏറ്റവും സുരക്ഷ ഒരുക്കാൻ പറ്റിയ സ്ഥലമായിരുന്നു തലസ്ഥാനം, അതുകൊണ്ടാണ് ജയിൽ അവിടെ ഉണ്ടായത്. ഇപ്പോൾ അതിന് പ്രസക്തിയില്ല. നഗരമധ്യത്തിൽ തന്നെ ജയിൽ ഉണ്ടാകേണ്ട ഒരാവശ്യവുമില്ല (യു.പി.യിൽ നഗരമധ്യത്തിലെ ജയിലുകൾ പുറത്തേക്ക് മാറ്റിയാണ് നഗരവികസനത്തിന് സ്ഥലം കണ്ടെത്തിയത്).
2019 ൽ ആണെന്ന് തോന്നുന്നു ഞാൻ ബി.ജെ.പിയുടെ നാഷണൽ ഓഫീസിൽ പോയിരുന്നു. കണ്ടിരിക്കേണ്ടതാണ്. ഏതൊരു കോർപ്പറേറ്റ് ഓഫിസിനോടും കിടപിടിക്കുന്ന ഒന്ന്. സീനിയറായ എല്ലാവർക്കും സ്വന്തം പേരിൽ തന്നെ ഓഫീസുകൾ ഉണ്ട്. അനവധി കോൺഫറൻസ് റൂമുകളും. എന്നെ ഏറ്റവും ആകർഷിച്ചത് കോൾ സെന്റർ പോലെ ഒരു സംവിധാനമാണ്. ബിഹാറിലെ തിരഞ്ഞെടുപ്പ് വരുന്നതിന് മുൻപുള്ള സമയമാണ്. അവിടെ നൂറുകണക്കിന് യുവതീ യുവാക്കൾ ഇരുന്ന് ബിഹാറിലെ ഓരോ ബൂത്തിലുമുള്ള ബി. ജെ. പി. നേതൃത്വത്തെ നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഒരു കോർപ്പറേറ്റ് ഓഫീസ് പോലെ ആധുനികം, കാര്യക്ഷമം.
അക്കാലത്ത് തന്നെ ഞാൻ സി.പി.എമ്മിന്റ നാഷണൽ ഓഫീസിൽ പോയിരുന്നു. കേരളത്തിലെ ഒരു പഴയ പാരലൽ കോളേജിനെ ആണ് ഓർമ്മപ്പെടുത്തിയത്. വളരെ മിനിമൽ ആയ സൗകര്യങ്ങൾ മാത്രമേ അന്ന് ജനറൽ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ടിന്റെ മുറിയിൽ പോലും ഉണ്ടായിരുന്നുള്ളു.
സി. പി. എമ്മിന്റെ പുതിയ കെട്ടിടത്തേക്കാൾ ഞാൻ ശ്രദ്ധിക്കുന്നത് സി.പി.എം. പതുക്കെപ്പതുക്കെ കെട്ടിപ്പടുക്കുന്ന പുതിയ നേതൃത്വത്തിന്റെ നിരയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ പരിചയസമ്പന്നരും നല്ല പ്രതിച്ഛായ ഉള്ളവരുമായിരുന്ന നേതാക്കളെ മാറ്റിനിർത്തിയാണ് പുതിയ ആളുകൾക്ക് മത്സരിക്കാൻ തന്നെ അവസരം നൽകിയത്. മത്സരിച്ചു ജയിച്ചവരിൽ തന്നെ മന്ത്രിമാർ ആയവർ പുതുമുഖങ്ങൾ ആയിരുന്നു, പലരും അമ്പത് വയസ്സിൽ താഴെ ഉള്ളവർ. ഇപ്പോൾ ജില്ലാക്കമ്മറ്റികളിൽ തന്നെ അമ്പത് വയസ്സിൽ താഴെയുള്ളവർ സെക്രട്ടറിമാരായി വരുന്നു.
ഡെമോഗ്രഫി ഈസ് ഡെസ്റ്റിനി എന്ന് ഒരു പ്രയോഗമുണ്ട്. ഒരു പാർട്ടിയിലെ നേതൃത്വം മുഴുവൻ അറുപത് കഴിഞ്ഞവരാണെങ്കിൽ ആ പ്രസ്ഥാനത്തിന് വലിയ ഭാവി ഉണ്ടാകില്ല. മഹാമേരുപോലുള്ള നേതാക്കൾ ഉണ്ടായിരുന്ന കാലത്ത് മഹാപ്രസ്ഥാനങ്ങൾ എന്ന് തോന്നിയിരുന്ന പലതും ഒരു നേതാവിന്റെ മരണത്തോടെ പ്രസ്ഥാനം തന്നെ ഇല്ലാതാകുന്നത് നാം കണ്ടിട്ടുള്ളതാണ്. അതറിഞ്ഞ് ഓരോ പാർട്ടിയും മുതിർന്ന നേതാക്കൾ ഉള്ളപ്പോൾ തന്നെ പുതിയ തലമുറക്ക് അവസരങ്ങൾ നൽകി അവരെ മുന്നോട്ട് കൊണ്ടുവരണം. ഇക്കാര്യത്തിൽ സി.പി.എം. ഒരു മാതൃകയാണ്.
മുരളി തുമ്മാരുകുടി
Leave a Comment