സിദ്ധാർത്ഥ് എന്റെ വായനക്കാർക്ക് പരിചിതനാണ്. പത്തു വർഷമായി ഞാൻ സിദ്ധാർത്ഥിനെ നിങ്ങൾക്ക് പരിചയപ്പെടുത്തിയിട്ട്.
ഞങ്ങളുടെ ഒറ്റ മകനാണ്. ഓട്ടിസം സ്പെക്ട്രത്തിലെ ആസ്പെർജർ സിൻഡ്രോം എന്ന ഡയഗ്നോസിസ് ഉള്ള ആളാണ്. സാധാരണ ആളുകളുടെ പോലെ (പലപ്പോഴും അതിനപ്പുറവും) ഐ.ക്യു.വും എന്നാൽ ആളുകളുമായി ഇടപഴകുന്നതിൽ അല്പം വിമുഖതയുമാണ് ഇവരുടെ മുഖമുദ്ര. നാലു വയസ്സ് വരെ സംസാരം തന്നെ കമ്മിയായിരുന്നു. സ്‌കൂളിൽ അഡ്മിഷൻ കിട്ടാനും ഏറെ ബുദ്ധിമുട്ടി. പതുക്കെപ്പതുക്കെ സംസാരം ശരിയായി വന്നു, പഠനത്തിൽ ശ്രദ്ധ കിട്ടി, പത്തും പന്ത്രണ്ടും ക്ലാസുകൾ നല്ല നിലയിൽ പാസ്സായി.
ചിത്രകലയിൽ താല്പര്യം രണ്ടു വയസ്സ് തൊട്ടേ ഉണ്ടായിരുന്നു, പക്ഷെ നമ്മുടെ സ്‌കൂൾ സംവിധാനങ്ങളിലൂടെ കടത്തിവിടാനുള്ളത് കൊണ്ട് ഒമ്പതാം ക്ലാസ് വരെ അതത്ര പ്രോത്സാഹിപ്പിച്ചില്ല. ഒമ്പത് മുതൽ ചിത്രകലയിൽ കൂടുതൽ താല്പര്യമെടുത്തു, സ്‌കൂളിൽ അതൊരു പഠനവിഷയമാക്കി. A ഗ്രേഡുമായി പാസ്സായി.
എല്ലാ വർഷവും ഓരോരോ വിഷയത്തിലായി 13 പതിമൂന്ന് ചിത്രങ്ങൾ വരച്ച് ഒരു കലണ്ടർ ഉണ്ടാക്കുന്ന പരിപാടി 2015 ലാണ് തുടങ്ങിയത്, ഇപ്പോഴും തുടരുന്നു. 2018 ൽ എറണാകുളത്ത് ആദ്യത്തെ സോളോ ചിത്രപ്രദർശനം നടത്തി. അതിശയകരമായ പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്. 2022 ൽ സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ബി.കോം. പാസ്സായി. എന്റെ ബന്ധുവും സുഹൃത്തുമായ വേണുച്ചേട്ടന്റെ ചാർട്ടേർഡ് അക്കൗണ്ടൻസി ഓഫീസിൽ കുറച്ചു നാൾ പരിശീലനത്തിനായി പോയി. 2024 ൽ തിരുവനന്തപുരത്താണ് അവസാനത്തെ സോളോ എക്ഷിബിഷൻ നടത്തിയത്. ഇത്രയും കാര്യങ്ങൾ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.
ഇനി പുതിയ വിശേഷം പറയാം.
കഴിഞ്ഞ രണ്ടു വർഷമായി സിദ്ധാർഥ് എം.ബി.എ. ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച അതിന്റെ പരീക്ഷ കഴിഞ്ഞു. ഇനി റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസിൽ ആണ് സ്പെഷ്യലൈസേഷൻ. റിസൽട്ട് വന്നിട്ട് അക്കൗണ്ടിംഗ് രംഗത്തുള്ള പ്രമുഖ കമ്പനികളിൽ ഒന്നിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ്.
അതിനിടയിൽ കുറച്ചു സമയമുണ്ട്. ആ സമയത്ത് ഒരു ഇന്റേൺഷിപ്പ് ചെയ്യാമെന്നും കരുതി. വ്യക്തിത്വ വികസനവും പുതിയ സുഹൃത്തുക്കളെ കണ്ടെത്തലും നെറ്റ്‌വർക്കിങ്ങും ഇന്റേൺഷിപ്പിന്റെ ലക്ഷ്യങ്ങളാണ്.
അപ്പോഴാണ് എന്റെ സുഹൃത്ത് ഫസലു റഹ്മാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഇൻക്ലൂസിവ് ആയിട്ടുള്ള ഒരു തൊഴിലിടം ഒരുക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം സിദ്ധാർത്ഥിനെയും മാതാപിതാക്കളേയും ഓഫീസിലേക്ക് ക്ഷണിച്ചു. കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹത്തിനും ടീമിനും ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഒരു ഇന്റേൺഷിപ്പ് അനുഭവം വാഗ്ദാനം ചെയ്തു.
ഇന്നലെ സിദ്ധാർത്ഥ് ആ ഇന്റേൺഷിപ്പ് തുടങ്ങി. രാവിലെ സിദ്ധാർത്ഥ് അമ്മയോടൊപ്പമാണ് ഓഫീസിൽ പോയത്. സിദ്ധാർത്ഥിനെ ഓഫീസിൽ ആക്കി, ഫസലുവുമായി അത്യാവശ്യം കാര്യങ്ങൾ ചർച്ച ചെയ്ത് അമ്മ ആശുപത്രിയിലേക്ക് ജോലിക്ക് പോയി.
പന്ത്രണ്ട് മണിക്കായിരുന്നു സിദ്ധാർത്ഥിന്റെ ഇൻഡക്ഷൻ പ്രോഗ്രാം. മനോഹരമായ ഒരു സ്വാഗതമാണ് IVBM ടീം സിദ്ധാർത്ഥിന് വേണ്ടി ഒരുക്കിയത്. ഒരു ലൈവ് ലിങ്കിലൂടെ അതെനിക്ക് കാണാനും കഴിഞ്ഞു.
ഓഫീസിൽ അമ്പതോളം ജീവനക്കാരുണ്ട്. അവരുടെയെല്ലാം മുൻപിൽ സിദ്ധാർത്ഥ് മാത്രമായി നിൽക്കുകയാണ്. എല്ലാവരും സിദ്ധാർത്ഥിന് പുതിയ ആളുകളാണ്. പുതിയ ഓഫീസ്. അച്ഛനും അമ്മയും സിദ്ധാർത്ഥിന് മുന്നിലോ പിന്നിലോ ഇല്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് അത്തരത്തിൽ ഒരു സാഹചര്യം. സിദ്ധാർത്ഥിന് ആദ്യം സംസാരിക്കാൻ അല്പം മടിയായിരുന്നു. അപ്പോൾ സിദ്ധാർത്ഥിന് താല്പര്യമുള്ള വിഷയങ്ങൾ ഫസലു ചോദിച്ചു. യാത്രകളെ, ഇഷ്ടഭക്ഷണങ്ങളെ ഒക്കെ പറ്റി.
ഒരു സഭാകമ്പവും ഇല്ലാതെ സിദ്ധാർഥ് മൈക്കിൽ സംസാരിക്കുന്നത് കണ്ടും കേട്ടും എന്റെ കണ്ണ് നിറഞ്ഞു. ഇത് അവന്റെ കരിയർ യാത്രയുടെ അടുത്ത പടിയാണ്. ഓഫീസ് സാഹചര്യത്തിൽ അവന്റെ അറിവിനും പഠനത്തിനും അനുസരിച്ച തൊഴിലുകൾ ചെയ്യണം. സഹപ്രവർത്തകരുമായി സമയം പങ്കിടണം, ഒറ്റക്ക് ഓഫീസിൽ പോകണം. പുതിയ കൂട്ടുകെട്ടുകളും അനുഭവങ്ങളും ഉണ്ടാകണം.
എല്ലാ കുട്ടികളും കടന്നുപോകുന്ന വഴിയാണ്, എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. സിദ്ധാർത്ഥിന്റെ കാര്യത്തിൽ ആ വെല്ലുവിളി സാധാരണയിലും കൂടുതലാണ്. അതുകൊണ്ടുതന്നെ അച്ഛനമ്മമാരുടെ ആശങ്കയും അല്പം കൂടുതലാണെന്ന് കൂട്ടിക്കോളൂ.
പക്ഷെ ഓരോ സ്റ്റെപ്പിലും ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം ഉയർന്ന പതിവാണ് സിദ്ധാർത്ഥിനുള്ളത്. അതുകൊണ്ട് തന്നെ ഈ ഇന്റേൺഷിപ്പ് അനുഭവവും പ്രതീക്ഷക്കപ്പുറം ആയിരിക്കും എന്ന് തന്നെയാണ് വിശ്വാസം.
നിങ്ങളുടെ അനുഗ്രഹങ്ങളും പിന്തുണയും വേണം, എപ്പോഴത്തെയും പോലെ.
മുരളി തുമ്മാരുകുടി




Leave a Comment